സി.എ.എ മൂലം പറഞ്ഞയക്കപ്പെടുന്നവരെ ഞാന്‍ സംരക്ഷിക്കും, ചര്‍ച്ച ചെയ്ത ആള്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ വായിച്ചിട്ടുണ്ടോ: സുരേഷ് ഗോപി
Film News
സി.എ.എ മൂലം പറഞ്ഞയക്കപ്പെടുന്നവരെ ഞാന്‍ സംരക്ഷിക്കും, ചര്‍ച്ച ചെയ്ത ആള്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ വായിച്ചിട്ടുണ്ടോ: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th September 2022, 9:04 am

പൗരത്വ ഭേദഗതി നിയമം പ്രകാരം പറഞ്ഞയക്കുന്ന ആളുകളെ താന്‍ സംരക്ഷിക്കുമെന്ന് സുരേഷ് ഗോപി. എന്നാല്‍ ആര്‍ക്കും ഒരാളുടെ പേര് പറയാനില്ലെന്നും അപ്പോള്‍ പിന്നെ ഇവരുടെ ആരോപണം എന്താണെന്നും ഫില്‍മി ബീറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി ചോദിച്ചു.

‘സിറ്റിസന്‍ഷിപ്പ് അമെന്റ്‌മെന്റ് ആക്റ്റിന്റെ അത്യാവശകത എന്താണെന്ന് ഇതിനെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കപ്പെട്ട് എതിര്‍ക്കാന്‍ വന്നവര്‍ക്കും മനസിലായി. അങ്ങനെ പറഞ്ഞയക്കുന്ന ഒരാളുടെ പേര് പറ, ഞാന്‍ സംരക്ഷിച്ചോളാം. അപ്പോള്‍ ആരുടെയും പേര് പറയാനില്ല. അപ്പോള്‍ പിന്നെ എന്താണ് നിങ്ങളുടെ അലിഗേഷന്‍. കാര്‍ഷിക നിയമങ്ങള്‍ക്ക് എന്താണ് കുഴപ്പം. ഈ ചര്‍ച്ച ചെയ്ത ആള്‍ക്കാര്‍ ആരെങ്കിലും കാര്‍ഷിക നിയമങ്ങള്‍ വായിച്ചിട്ടുണ്ടോ. എവിടെയാണ് അതിന്റെ കുഴപ്പമെന്ന് ഒന്ന് പറയാമോ.

ഇപ്പോള്‍ എങ്ങനെയാണ് ഇതൊക്കെ നടന്നുകൊണ്ടിരിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിന് ഉത്തരമില്ല,’ സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുവന്ന സിറ്റിസണ്‍ഷിപ്പ് അമെന്റ്‌മെന്റ് ആക്റ്റിനും കാര്‍ഷികനിയമങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കര്‍ഷകരുടെ പ്രതിഷേധം മൂലം കാര്‍ഷിക നിയമങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിയുകയായിരുന്നു.

അതേസമയം, തന്റെ പുതിയ ചിത്രമായ മേ ഹൂം മൂസയെ കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു. ‘മേ ഹും മൂസ എന്ന് പറഞ്ഞ് നടക്കുന്ന ആളിന്റെ കഥയാണ് ഇത്. നിങ്ങള്‍ കൊണ്ടുവന്ന് കുഴിച്ചിട്ട മയ്യത്ത് ഏത് ഹറാംപിറന്നവന്റെ മയ്യത്താണ് എന്ന് ചോദിച്ചുനടക്കുന്ന ഒരു മൂസ. പക്ഷേ മൂസയെ കണ്ട് നാട്ടുകാര്‍ പറയുന്നത് പ്രേതമെന്നാണ്. ആര്‍മി ഇന്റലിജന്‍സ് പറയുന്നത് ഐ.എസ്.ഐയില്‍ നിന്നുള്ള ആളാണെന്ന്. അയാള്‍ ഒരു ടെററിസ്റ്റാണോ? നിങ്ങള്‍ തീരുമാനിക്ക് മൂസ എന്താണെന്ന്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 30നാണ് മേ ഹൂം മൂസ റിലീസ് ചെയ്യുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ്, ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ധ, എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Suresh Gopi says he will protect people deported under the Citizenship Amendment Act