സുരേഷ് ഗോപി ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍; നടപടി കീഴ്‌വഴക്കം മറികടന്ന്
Kerala News
സുരേഷ് ഗോപി ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍; നടപടി കീഴ്‌വഴക്കം മറികടന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th October 2022, 9:46 am

തിരുവനന്തപുരം: ബി.ജെ.പി കോര്‍ കമ്മിറ്റി അംഗമായി സുരേഷ് ഗോപിയെ തെരഞ്ഞെടുത്തു. കേന്ദ്ര നിര്‍ദേശപ്രകാരമാണ് അംഗമായി തെരഞ്ഞെടുത്തത്.

സുരേഷ് ഗോപി നിര്‍ബന്ധമായും കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടണം എന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഇതിനോട് അനുകൂലമായി നിലപാടെടുത്തിട്ടുണ്ടെന്നാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം കീഴ്‌വഴക്കം മറികടന്നാണ് ഇദ്ദേഹത്തിന് ഔദ്യോഗിക ചുമതല നല്‍കിയതെന്നും ഇത് അസാധാരണ നടപടിയാണെന്നും ആരോപണമുണ്ട്.

പ്രസിഡന്റ്, മുന്‍ പ്രസിഡന്റ്, ആര്‍.എസ്.എസിന്റെ പിന്തുണയുള്ള സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് സാധാരണയായി കോര്‍ കമ്മിറ്റി അംഗങ്ങളാകാറുള്ളത്.

സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി കേരളത്തിലെ ബി.ജെ.പിയെ വളര്‍ത്തണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ബി.ജെ.പിയുടെ നീക്കമാണിതെന്നും വിലയിരുത്തലുകളുണ്ട്.

നേരത്തെ ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സിനിമയിലെ തിരക്കുകളുടെ കാരണം പറഞ്ഞ് സുരേഷ് ഗോപി ഒഴിഞ്ഞുമാറിയിരുന്നു.

ബി.ജെ.പിയുടെ സംസ്ഥാനത്തെ ഏറ്റവുമുയര്‍ന്ന ബോഡിയാണ് കോര്‍ കമ്മിറ്റി.

Content Highlight: Suresh Gopi elected as a member of BJP core committee