കുറെ ക്ഷുദ്രജീവികള്‍ ഒപ്പം കൂടി, അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെയായി പോയത്: സുരേഷ് ഗോപി
Entertainment
കുറെ ക്ഷുദ്രജീവികള്‍ ഒപ്പം കൂടി, അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെയായി പോയത്: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th September 2022, 9:09 pm

മേ ഹൂം മൂസയിലെ പ്രൊമോഷന്‍ പരിപാടികളില്‍ തമാശകള്‍ പറഞ്ഞും പഴയ സിനിമാനുഭവങ്ങള്‍ പങ്കുവെച്ചും അവതാരകരെയും പ്രേക്ഷകരെയും ഒരുപോലെ ചിരിപ്പിക്കുകയാണ് നടന്‍ സുരേഷ് ഗോപി.

സാധാരണ കലിപ്പന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള നടന്‍ രാഷ്ട്രീയരംഗത്തും പൊതുവേദികളിലും ആ ചൂടന്‍ ഇമേജ് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതേ വ്യക്തി സിനിമ പ്രൊമോഷനുകളിലും മറ്റും കളിതമാശകള്‍ പറഞ്ഞിരിക്കുന്നതിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ് പ്രേക്ഷകര്‍.

ബീ ഇറ്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപിയോട് ഇതേ കുറിച്ച് ചോദ്യമുന്നയിച്ചിരുന്നു. വീട്ടിലും മറ്റും ഇങ്ങനെ തമാശകളൊക്കെ പറയാറുണ്ടോയെന്നും എല്ലാവരെയും എന്റര്‍ടെയ്ന്‍ ചെയ്യാറുണ്ടോയെന്നുമുള്ള ചോദ്യത്തോട്, താന്‍ അങ്ങനെ വലിയൊരു തമാശക്കാരനല്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. പറയുന്നവിധം കൊണ്ട് പലതും തമാശയായി പോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ അങ്ങനെ ഒരാളാണോയെന്ന് എനിക്കറിയില്ല. മേ ഹൂം മൂസ ചെയ്തതിന് ശേഷം ഈ സ്വഭാവം കുറച്ച് കൂടിയിട്ടുണ്ടെന്ന് തോന്നുന്നു. ഈ സിനിമയില്‍ കുറെ ക്ഷുദ്രജീവികള്‍ എന്റെ കൂടെ കൂടി. അതോടെയാണ് ഈ മാറ്റമുണ്ടായത്.

ഹരീഷ് കണാരന്‍, കണ്ണന്‍ സാഗര്‍, ശശാങ്കന്‍ അങ്ങനെ കുറെ പേര്‍ ഈ സിനിമയിലുണ്ട്. അവരെല്ലാവരുടെയും കൂടെ കൂടി ഞാന്‍ ഇങ്ങനെ ആയിപ്പോയെന്ന് തോന്നുന്നു.

പക്ഷെ അവരൊക്കെ പറയുന്നത് ക്രിയേറ്റീവ് ഹ്യൂമറാണ്. എന്നാല്‍ ഞാന്‍ പറയുന്നത് ആ പറയുന്ന വിധം കൊണ്ട് തമാശയായി പോകുന്നതാണ്. ഞാന്‍ ആത്മാര്‍ത്ഥമായിട്ടാണ് എല്ലാം പറഞ്ഞത്,’ സുരേഷ് ഗോപി പറഞ്ഞു.

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസയില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് സുരേഷ് ഗോപി എത്തുന്നത്. റിട്ടയേര്‍ഡ് പട്ടാളക്കാരനായ മുഹമ്മദ് മൂസയെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. മലപ്പുറം പശ്ചാത്തലമാക്കി വരുന്ന ചിത്രത്തില്‍ സുരേഷ് ഗോപി എത്തുന്നതും സിനിമയെ കുറിച്ചുള്ള ആകാംക്ഷയുയര്‍ത്തുന്നുണ്ട്.

മേ ഹൂം മൂസ സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളിലെത്തുന്നത്. ജോഷി ചിത്രമായ പാപ്പന്റെ വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന സുരേഷ് ഗോപി ചിത്രമാണ് ഇത്.

മേ ഹൂം മൂസയില്‍ അശ്വിനി റെഡ്ഡി, പൂനം ബജ്‌വ, സുധീര്‍ കരമന, സൈജു കുറുപ്പ്, ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ദ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രൂപേഷ് റെയ്‌നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഡോ. റോയ് സി.ജെയും തോമസ് തിരുവല്ലയും ചേര്‍ന്നാണ് മേ ഹൂം മൂസ നിര്‍മിക്കുന്നത്.

വിഷ്ണു നാരായണന്‍ ക്യാമറ ചെയ്യുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് സൂരജ് ഇ.എസാണ്. ശ്രീനാഥ് ശിവശങ്കരനാണ് സംഗീതം.

Content Highlight: Suresh Gopi about why he is being funny these in Mei Hoom Moosa movie promotions