ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ കിറ്റെക്സ് പ്രശ്നം ഒറ്റ ഫോണ്‍കോളില്‍ പരിഹരിച്ചേനെ: സുരേഷ് ഗോപി
Kerala News
ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ കിറ്റെക്സ് പ്രശ്നം ഒറ്റ ഫോണ്‍കോളില്‍ പരിഹരിച്ചേനെ: സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th July 2021, 5:13 pm

കൊച്ചി: കിറ്റെക്‌സ് കേരളത്തിലെ പദ്ധതികളുപേക്ഷിച്ച് തെലങ്കാനയിലേക്ക് പോയതിനെ ഒരിക്കലും കുറ്റം പറയാനാവില്ലെന്ന് ബി.ജെ.പി. നേതാവ് സുരേഷ് ഗോപി. അതിജീവനത്തിന്റെ മാര്‍ഗം തേടിയാണ് സാബു എം. ജേക്കബ് പോയതെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ചാനല്‍ ഐആം’
എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അതിജീവനത്തിന്റെ മാര്‍ഗം തേടി പോകുന്നതാണ്. തെലങ്കാനയിലേക്ക് പോയതിനെ കുറ്റം പറയാന്‍ ഒന്നും പറ്റില്ല. നമുക്ക് എല്ലാവര്‍ക്കും നല്ലതായി വന്ന ഒന്നിനെ എന്തിനാണ് നശിപ്പിച്ചതെന്ന് ആളുകള്‍ ചിന്തിക്കും. കേവലമായ രാഷ്ട്രീയക്കളിയാണ് ഇതിന് കാരണം. ആരുടെയൊക്കേയോ അഹങ്കാരമൊക്കെയാണ് അതിന് വഴി തെളിയിച്ചത്. അപ്പോള്‍ കുടുംബം പണയം വെച്ച് ഇന്‍വെസ്റ്റ് ചെയ്യാന്‍ നില്‍ക്കുന്ന ആള്‍ക്ക് ആ അഹങ്കാരത്തെ മറികടക്കാന്‍ പോന്ന കൗണ്ടര്‍ ഓപറേഷന്‍ വേണ്ടി വരും. അതാണ് അദ്ദേഹം ചെയ്തത്,’ സുരേഷ് ഗോപി പറഞ്ഞു.

താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ സാബുവിനെ ഫോണില്‍ വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കൈ എടുത്തേനെ എന്നും സുരേഷ് ഗോപി പറഞ്ഞു.

‘പിണറായിയുടെ മൈന്‍ഡ് സെറ്റൊക്കെ വ്യത്യാസമായിരിക്കും. അതിനെ ഞാന്‍ കുറ്റം പറയുന്നില്ല. പക്ഷെ ഞാന്‍ ശ്രീ പിണറായി വിജയന്റെ സ്ഥാനത്തായിരുന്നെങ്കില്‍ കിറ്റെക്‌സ് സാബു ആദ്യം സംസാരിച്ച് തുടങ്ങുമ്പോള്‍ സെക്രട്ടറിയോട് പറഞ്ഞ് ഫോണ്‍ എടുത്ത് വിളിപ്പിച്ചിട്ട് ‘കിറ്റെക്‌സ് സാബുവേ എന്റെ ഓഫീസിലേക്ക് ഉടനെ ഒന്ന് വരണം’ എന്ന് പറഞ്ഞേനെ. ഒരു ജഡ്ജ് ആവാനുള്ള അധികാരം ഉണ്ട് മുഖ്യമന്ത്രിക്ക്. സാബു എന്തൊക്കെ തിരുത്തണം, ഉദ്യോഗസ്ഥര്‍ തിരുത്തണം എന്നൊക്കെ ശിക്ഷാരൂപത്തില്‍ പറഞ്ഞു മനസിലാക്കിയേനെ,’ സുരേഷ് ഗോപി പറഞ്ഞു.

കേരളത്തില്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന അപ്പാരല്‍ പാര്‍ക്ക് ഉപേക്ഷിച്ചാണ് കിറ്റെക്സ് തെലങ്കാനയിലേക്ക് പോയത്. കേരളം നിക്ഷേപസൗഹൃദമല്ലെന്ന് തെലങ്കാനയിലേക്ക് പോവാന്‍ തീരുമാനിച്ചതിന് പിന്നാലെ സാബു എം.ജേക്കബ് പറഞ്ഞിരുന്നു.

കിറ്റെക്സിന് കേരളത്തിലെ പോലെ തെലങ്കാനയില്‍ യാതൊരുവിധ അന്യാവശ്യ പരിശോധനകളോ കേസുകളോ ഉണ്ടാകില്ലെന്ന് തെലങ്കാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും സാബു പറഞ്ഞിരുന്നു.

എന്നാല്‍ കേരളം നിക്ഷേപ സൗഹൃദമല്ലെന്നത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമാണെന്നും ഇപ്പോള്‍ കേരളത്തെ കുറിച്ച് അറിയാവുന്ന എല്ലാവരും ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമായാണ് കേരളത്തെ കാണുന്നതെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നു.

നീതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ കേരളമാണ് ഒന്നാമത്. സൂചികയിലെ പ്രധാന പരിഗണനാ വിഷയം വ്യവസായമാണെന്നും വ്യവസായ നേട്ടമാണ് കേരളത്തെ ഒന്നാമതെത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Suresh Gopi about Kitex Sabu Jacob issue who flew to Telengana