എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണു കേസില്‍ കൃഷ്ണദാസിന് തിരിച്ചടി: ആത്മഹത്യപ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന ഹൈക്കോടതി പരാമര്‍ശം നീക്കി സുപ്രീം കോടതി
എഡിറ്റര്‍
Thursday 16th November 2017 12:40pm

ന്യൂദല്‍ഹി: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി. ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന പരാമര്‍ശമാണ് നീക്കിയത്.

കേസുമായി ബന്ധപ്പെട്ട് ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കണമെന്ന നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ ആവശ്യം കോടതി തള്ളി. കേസില്‍ വിചാരണ തീരുന്നതുവരെ കേരളത്തില്‍ പ്രവേശിക്കരുതെന്ന് കൃഷ്ണദാസിനോട് കോടതി നിര്‍ദേശിച്ചു. രോഗാവസ്ഥയിലുള്ള അമ്മയെ കാണണമെന്നാവശ്യപ്പെട്ടാണ് കൃഷ്ണദാസ് ജാമ്യവ്യവസ്ഥയില്‍ ഇളവുതേടിയത്.

കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്ന സി.ബി.ഐ നിലപാടിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. ഒരു കാരണവുമില്ലാതെ സര്‍ക്കാര്‍ കേസ് സി.ബി.ഐയ്ക്കു വിടില്ല. സി.ബി.ഐ എന്തുകൊണ്ട് ഇക്കാര്യം പരിശോധിച്ചില്ലെന്നും കോടതി ചോദിച്ചു. കേസ് എന്തുകൊണ്ട് സി.ബി.ഐയ്ക്കു വിട്ടതെന്ന കാര്യം ബോധിപ്പിക്കാനും സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി.

ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ പി. കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. കേസ് ഡയറിയിലെ സുപ്രധാന ഭാഗങ്ങളുടെ പരിഭാഷയും സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സുപ്രീം കോടതി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗൗരവമുള്ള കേസുകള്‍ പൊലീസ് കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണോയെന്നും കോടതി ചോദിച്ചിരുന്നു. കേസ് അന്വേഷിക്കാന്‍ പൊലീസിന് താല്‍പര്യമില്ലെയെന്നും കോടതി ചോദിച്ചിരുന്നു.

Advertisement