'അരുണ്‍ ഗോയലിന്റെ നിയമനത്തിന്റെ ഫയല്‍ കൊണ്ടുവരൂ'; ഐ.എ.എസുകാരനെ വിരമിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണറാക്കിയതില്‍ കേന്ദ്രത്തോട് സുപ്രീംകോടതി
national news
'അരുണ്‍ ഗോയലിന്റെ നിയമനത്തിന്റെ ഫയല്‍ കൊണ്ടുവരൂ'; ഐ.എ.എസുകാരനെ വിരമിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണറാക്കിയതില്‍ കേന്ദ്രത്തോട് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th November 2022, 9:18 am

ന്യൂദല്‍ഹി: വിരമിച്ച പഞ്ചാബ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ നിയമിച്ചതില്‍ മോദി സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.

ഗോയലിനെ കമീഷണറാക്കിയ നിയമന ഫയല്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ജസ്റ്റിസ് കെ.എം. ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയാണ് 24 മണിക്കൂറിനകം ഫയല്‍ ഹാജരാക്കാനുള്ള നിര്‍ദേശം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ നിയമന നടപടി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം.

നിയമനത്തിന്റെ നടപടിക്രമങ്ങള്‍ എല്ലാം സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ ശരിയായ രീതിയിലാണെങ്കില്‍ ഭയപ്പെടാന്‍ ഇല്ലല്ലോയെന്നും ഹരജി ഭരണഘടനാ ബെഞ്ചിന് നേതൃത്വം കൊടുത്ത ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു.

അന്തരിച്ച മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍. ശേഷനെ കുറിച്ച് വിധി പ്രസ്താവത്തില്‍ ബെഞ്ച് സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമിതിയില്‍ നിഷ്പക്ഷത ഉറപ്പാക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും കോടതി ചൊവ്വാഴ്ച മുന്നോട്ടുവെച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്ന സമിതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉണ്ടാകണമെന്ന് ഹരജിക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യത്തെ എതിര്‍ത്തു.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ സ്വയം ബുള്‍ഡോസ് ചെയ്യപ്പെടാന്‍ അനുവദിക്കാത്തവരായിരിക്കണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

അതേസമയം, നിയമനം നടത്തുന്നതിന് കോടതിയുടെ വിലക്ക് ഉണ്ടായിരുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി വാദിച്ചത്.

ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന അരുണ്‍ ഗോയലിനെ സ്വയം വിരമിക്കല്‍ നല്‍കിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറാക്കിയത്. 60 വയസ് പൂര്‍ത്തിയായി ഡിസംബര്‍ 31നായിരുന്നു ഇദ്ദേഹം വിരമക്കേണ്ടിയിരുന്നത്.