തനിക്കെതിരായ കേസില്‍ സാക്ഷികളെ വിളിച്ചുവരുത്തണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
national news
തനിക്കെതിരായ കേസില്‍ സാക്ഷികളെ വിളിച്ചുവരുത്തണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 1:32 pm

ന്യൂദല്‍ഹി: തനിക്കെതിരായ 30 വര്‍ഷം പഴക്കമുള്ള കേസിലെ സാക്ഷികളെ വിളിച്ചുവരുത്തണമെന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഒരു കസ്റ്റഡിമരണക്കേസുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയാണു തള്ളിയത്.

വേറൊരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് 2018 സെപ്റ്റംബര്‍ 22 മുതല്‍ സഞ്ജീവ് ഭട്ട് ജയിലിലാണ്. രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസില്‍ കുടുക്കിയെന്ന കേസിലാണ് സഞ്ജീവ് ഇപ്പോള്‍ ജയിലില്‍ക്കഴിയുന്നത്. ബനസ്‌കന്ദയില്‍ ഡിസിപിയായിരുന്ന സമയത്ത് 1998-ലാണ് കേസിനാസ്പദമായ സംഭവംനടന്നത്.

2002-ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ 2015-ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002-ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

പുത്തന്‍ പ്രതീക്ഷയും കരുത്തുമായി തങ്ങള്‍ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കി അടുത്തിടെ സഞ്ജീവിന്റെ ഭാര്യ ശ്വേതാ ഭട്ട് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഭട്ടിനെ അറസ്റ്റു ചെയ്ത പൊലീസുകാരോട് തനിക്ക് ദേഷ്യമല്ല, സഹതാപമാണ് തോന്നുന്നതെന്നും അവര്‍ പറഞ്ഞു.

‘എനിക്ക് അവരോട് ദേഷ്യം തോന്നേണ്ടതാണ്. പക്ഷേ എനിക്ക് സഹതാപം മാത്രമാണ് തോന്നുന്നത്. കാരണം മനസില്ലാ മനസോടെയാണ് അവരിതു ചെയ്യുന്നതെന്ന് എനിക്കറിയാം. രാജ്യത്തെയും ജനങ്ങളേയും സേവിക്കുന്നതിലുള്ള അഭിമാനത്തേക്കാള്‍ വലുതാണ് എന്തും ചെയ്യാന്‍ മടിയില്ലാത്ത അവരുടെ ബോസുമാരെ സന്തോഷിപ്പിച്ചാലുള്ള നേട്ടവും ജോലി നഷ്ടപ്പെടുമെന്ന ഭയവും” അവര്‍ പറയുന്നു.

കാക്കിക്ക് അതിന്റെ ഐഡന്റിറ്റി നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ നിറം പതുക്കെ മങ്ങുകയാണെന്നും അവര്‍ പറഞ്ഞു.