ഫ്‌ളാറ്റുകള്‍ പൊളിച്ചേ തീരൂ; ഉത്തരവില്‍ മാറ്റമില്ല; ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി
kERALA NEWS
ഫ്‌ളാറ്റുകള്‍ പൊളിച്ചേ തീരൂ; ഉത്തരവില്‍ മാറ്റമില്ല; ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂസ് ഡെസ്‌ക്
Thursday, 11th July 2019, 6:19 pm

ന്യൂദല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഫ്‌ളാറ്റ് ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഉടമകള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. ഹര്‍ജികളില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവില്‍ മാറ്റം വരുത്താനാകില്ലെന്നു കഴിഞ്ഞയാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. ഫ്ളാറ്റ് ഉടമകള്‍ നല്‍കിയ റിട്ട് ഹര്‍ജിയും കോടതി തള്ളിയിരുന്നു. അന്ന് ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരെ ജസ്റ്റിസ് അരുണ്‍ മിശ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കോടതിയില്‍ തട്ടിപ്പ് നടത്താനാണ് മുതിര്‍ന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നാരോപിച്ച അദ്ദേഹം, ഇതിനു പിന്നില്‍ ആരൊക്കെയാണ് എന്നു കൃത്യമായി അറിയാമെന്നു പറഞ്ഞിരുന്നു. കോടതിയെ കബളിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാനാണ് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനായിരുന്നു നടപടി. തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ അന്ന് ഉത്തരവിറക്കിയത്.

അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ആദ്യ ഉത്തരവില്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ അപ്പാര്‍ട്‌മെന്റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടത്.