Administrator
Administrator
‘ബി’ നിലവറ തുറക്കരുത്: സുപ്രീം കോടതി
Administrator
Friday 8th July 2011 8:55am

muringoor case ന്യൂദല്‍ഹി: ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. ‘എ’ നിലവറ വീണ്ടും തുറന്ന് പരിശോധിക്കേണ്ട ആവശ്യമില്ല. മറ്റ് നിലവറകള്‍ ക്ഷേത്രാചാരങ്ങള്‍ക്കായി തുറക്കാമെന്നും കോടതി ഉത്തരവിട്ടു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സംബന്ധിച്ച് ഹരജികള്‍ പരിഗണിക്കവെ ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍, എ.കെ പട്‌നായിക് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബി നിലവറകള്‍ തുറക്കുന്നതിനായി ശ്രമങ്ങള്‍ നടന്നു വരികെയാണ് സുപ്രീം കോടതിയുടെ ഉത്തരവെന്നത് ശ്രദ്ധേയമാണ്. എ നിലവറകള്‍ വീണ്ടും തുറന്ന് പരിശോധിക്കരുതെന്നും നിത്യോപയോഗ സാധനങ്ങള്‍ സൂക്ഷിച്ച മറ്റ് നിലവറകള്‍ ക്ഷേത്രാചാരത്തിനായി തന്ത്രിയുടെ സാന്നിധ്യത്തില്‍ തുറക്കാമെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനല്ലെ ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതെന്ന് സുപ്രീം കോടതി ചോദിച്ചു. സ്വത്ത് സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറും രാജകുടുംബവും സുപ്രീം കോടതയില്‍ നിര്‍ദേശം സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

സ്വത്ത് കണക്കെടുക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുണ്ടെന്ന് ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. പരിശോധനയില്‍ വീഡിയോ ഉപയോഗിക്കണമെന്നും എന്നാല്‍ അത് ക്ഷേത്രത്തിന്റെ പരിശുദ്ധി കാത്ത് സൂക്ഷിച്ചുകൊണ്ടായിരിക്കണമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. നിരീക്ഷകര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ മറ്റുള്ളവരും നുഴഞ്ഞു കയറുന്ന അവസ്ഥയുണ്ട്. ഇത് കര്‍ശനമായി തടയാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം അറിയിച്ചു.

Advertisement