ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Supreme Court
സുപ്രീംകോടതിയിലെ പ്രതിസന്ധി; പ്രശ്‌നപരിഹാരത്തിന് ബാര്‍കൗണ്‍സില്‍
ന്യൂസ് ഡെസ്‌ക്
Saturday 13th January 2018 8:17pm

ന്യൂദല്‍ഹി: സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ ഉന്നയിച്ച വിഷയം പരിശോധിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഏഴംഗ സമിതി രൂപവത്കരിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുള്ള ഭിന്നത പരിഹരിക്കാനാണ് സമിതി.

ജഡ്ജിമാരുമായി സമിതി കൂടിക്കാഴ്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് യോഗത്തിനുശേഷം ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര വ്യക്തമാക്കി. നേരത്തെ സുപ്രീംകോടതി നടത്തിപ്പ് ക്രമരഹിതമായാണ് നടക്കുന്നതെന്നാരോപിച്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ നടക്കുന്ന നീക്കങ്ങളെ മനന്‍ കുമാര്‍ മിശ്ര ശക്തമായി എതിര്‍ത്തു. ഇത്തരം നീക്കങ്ങളില്‍നിന്ന് എല്ലാവരും പിന്മാറണം. ജുഡീഷ്യറിയുടെ പ്രതിച്ഛായ മോശമാക്കാന്‍ ആരും ശ്രമിക്കരുതെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ അടിയുറച്ച വിശ്വാസമാണുള്ളതെന്നും മനന്‍ കുമാര്‍ മിശ്ര കൂട്ടിച്ചേര്‍ത്തു.

എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തുന്നതെന്നായിരുന്നു വാര്‍ത്താസമ്മേളനത്തിനിടെ ചെലമേശ്വര്‍ പറഞ്ഞത്. നാളെ ഈ ജോലിയില്‍ നിന്നും പിരിഞ്ഞുപോവുമ്പോള്‍ തങ്ങള്‍ സ്വന്തം ആത്മാഭിമാനം പണയം വെച്ചാണ് ജോലി ചെയ്തതെന്ന് ആളുകള്‍ പറയരുത്. മറിച്ച് ആത്മാഭിമാനം കാത്തുസൂക്ഷിച്ചാണ് ജോലി ചെയ്തതെന്ന് വേണം പറയാന്‍. അതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് പറയാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണോ എന്ന ചോദ്യത്തിന് അത് രാജ്യം തീരുമാനിക്കട്ടെയെന്നായിരുന്നു ജഡ്ജിമാരുടെ മറുപടി.

Advertisement