പേരറിവാളന്റെ പരോള്‍ ഒരാഴ്ച കൂടി നീട്ടി സുപ്രീം കോടതി
national news
പേരറിവാളന്റെ പരോള്‍ ഒരാഴ്ച കൂടി നീട്ടി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd November 2020, 1:28 pm

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി പേരറിവാളന്റെ പരോള്‍ കാലാവധി ഒരാഴ്ച കൂടി നീട്ടി സുപ്രീം കോടതി. ആശുപത്രി സന്ദര്‍ശനത്തിന് ആവശ്യമായ എല്ലാ സുരക്ഷാസൗകര്യങ്ങളും പേരറിവാളന് ഒരുക്കി നല്‍കണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മദ്രാസ് ഹൈക്കോടതി നല്‍കിയ പരോള്‍ അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് കൂടി പരോള്‍ നീട്ടി നല്‍കിയിരിക്കുന്നത്.

നേരത്തെ രണ്ടാഴ്ച്ചക്കാലത്തേക്ക് പേരറിവാളന് പരോള്‍ ലഭിച്ചിരുന്നു. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട പേരറിവാളന് പരോള്‍ പോലും ലഭിച്ചത്.

രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തിക് സുബ്ബരാജും വിജയ് സേതുപതിയുമടക്കം നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.

പേരറിവാളനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വിജയ് സേതുപതി ആവശ്യപ്പെട്ടത്. ‘കുറ്റം ചെയ്യാതെ 30 വര്‍ഷം ജയിലില്‍. മകന് വേണ്ടി 30 വര്‍ഷം പോരാടിയ അമ്മ. തമിഴ്നാട് മുഖ്യമന്ത്രിയോടും ഗവര്‍ണറോടും അപേക്ഷിക്കുന്നു. അവര്‍ക്ക് നീതി നല്‍കണം’ എന്ന് കാര്‍ത്തിക്ക് ട്വിറ്ററില്‍ കുറിച്ചു.

നിരവധി പേരാണ് പേരറിവാളനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പേരറിവാളനുള്‍പ്പെടെ കേസിലെ 7 പ്രതികളെ വിട്ടയയ്ക്കാന്‍ തമിഴ്‌നാട് 2018 സെപ്റ്റംബറിലാണു തീരുമാനിച്ചത്. ഇനിയും ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണു പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

വധത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം 20 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതിനെയും ജസ്റ്റിസ് എല്‍.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു.

രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണിലാണ് പേരറിവാളന്‍ അറസ്റ്റിലായത്. അന്ന് അദ്ദേഹത്തിന് 19 വയസായിരുന്നു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ച ബാറ്ററി വാങ്ങി നല്‍കി എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Supreme Court extends Perarivalan’s parole period for one more week