ഗര്‍ഭം ധരിക്കണോ വേണ്ടയോ എന്നത് സ്ത്രീയുടെ തീരുമാനം; അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി
national news
ഗര്‍ഭം ധരിക്കണോ വേണ്ടയോ എന്നത് സ്ത്രീയുടെ തീരുമാനം; അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th September 2022, 11:59 am

ന്യൂദല്‍ഹി: അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

20 മുതല്‍ 24 ആഴ്ച വരെയുള്ള ഭ്രൂണത്തെ ഗര്‍ഭച്ഛിദ്രം നടത്താമെന്ന നിലവിലെ നിയമത്തിന്റെ പരിധിയില്‍ അവിവാഹിതരും ഉള്‍പ്പെടുന്നുവെന്നും കോടതി പറഞ്ഞു.

ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായ എല്ലാ സ്ത്രീകള്‍ക്കും ഈ വിധി ബാധകമായിരിക്കുമെന്നും വിവാഹം അതിനുള്ള മാനദണ്ഡമാകില്ലെന്നുമാണ് കോടതിയുടെ ഉത്തരവ്.

ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനം ബലാത്സംഗമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.

ലിവ്-ഇന്‍-റിലേഷന്‍ഷിപ്പിലുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് ഭരണഘടനക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2021ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി (എം.ടി.പി) നിയമത്തിലെ ഭേദഗതി വിവാഹിതരും അവിവാഹിതരും തമ്മില്‍ വ്യത്യാസം ഉണ്ടാക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ ഭേദഗതി പ്രകാരം അവിവാഹിതരായ സ്ത്രീകളും വിവാഹിതരും തമ്മിലുള്ള കൃത്രിമ അന്തരം നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമത്തിലെ റൂള്‍ 3 ബി (സി)യില്‍ വിവാഹിതരായ സ്ത്രീകള്‍ മാത്രമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെന്ന് സ്റ്റീരിയോട്ടൈപ്പ് ചെയ്യപ്പെടുന്നുണ്ടെന്നും ഇത് ഭരണഘടനക്ക് എതിരാണെന്നും കോടതി പറഞ്ഞു.

ഗര്‍ഭധാരണത്തിന് വിവാഹിതരായ സ്ത്രീകള്‍ക്കും വിവാഹിതരല്ലാത്തവര്‍ക്കും തുല്യ അവകാശമാണ് ഉള്ളത്.. ഇപ്രകാരം നോക്കുമ്പോള്‍ ഗര്‍ച്ഛിദ്രത്തിന് അവിവാഹിതരായ സ്ത്രീകള്‍ക്ക് അനുമതി നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലീകാവകാശത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു.

വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വേര്‍തിരിവ് നിലനിര്‍ത്താന്‍ കഴിയില്ല. ഇത്തരം അവകാശങ്ങള്‍ സ്വതന്ത്രമായി വിനിയോഗിക്കുന്നതിനുള്ള അധികാരം സ്ത്രീകള്‍ക്ക് നല്‍കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

അന്താരാഷ്ട്ര സുരക്ഷിത ഗര്‍ഭച്ഛിദ്ര ദിനത്തില്‍ തന്നെയാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.

കാലം മാറുന്നതിനനുസരിച്ച് നിയമങ്ങള്‍ പുനപരിശോധിക്കേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു. എം.ടി.പി ആക്ട് 1971ലാണ് നിലവില്‍ വരുന്നത്. അക്കാലത്ത് കൂടുതല്‍ മുന്‍ഗണന വിവാഹിതരായ സ്ത്രീകള്‍ക്കായിരുന്നുവെന്നും ഇന്ന് കാലം മാറിയെന്നും ജസ്റ്റിസ് പറഞ്ഞു.

Content Highlight:Supreme court allows permission for abortion to unmarried women