മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍ കൊല്‍ക്കത്തയിലേക്ക്
national news
മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍ കൊല്‍ക്കത്തയിലേക്ക്
ന്യൂസ് ഡെസ്‌ക്
Monday, 4th February 2019, 11:13 am

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ ധര്‍ണ്ണയിരിക്കുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കളായ അരവിന്ദ് കെജ്‌രിവാളും തേജസ്വി യാദവും കൊല്‍ക്കത്തയിലേക്ക്. കെജ്‌രിവാള്‍ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്കും തേജസ്വി യാദവ് 2 മണിക്കും കൊല്‍ക്കത്തയിലെത്തും.

ഇന്നലെ രാത്രി ആരംഭിച്ച മമതയുടെ ധര്‍ണ്ണ ഇപ്പോഴും തുടരുകയാണ്. ഇന്നലെ രാത്രി എട്ടരയ്ക്കാണ് ധര്‍ണ്ണ ആരംഭിച്ചത്. ഫെഡറലിസത്തെ തകര്‍ക്കുന്ന രീതിയില്‍ സംസ്ഥാനത്തിന്റെ അധികാരങ്ങളിലേയ്ക്ക് കടന്നുകയറുന്നത് അവസാനിപ്പിക്കും വരെ ധര്‍ണ തുടരുമെന്ന് മമത വ്യക്തമാക്കിയിട്ടുണ്ട്.

രാഹുല്‍ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാള്‍, തേജസ്വി യാദവ്, ചന്ദ്രബാബു നായിഡു, ഉമര്‍ അബ്ദുല്ല, അഹമ്മദ് പട്ടേല്‍, എം.കെ സ്റ്റാലിന്‍ തുടങ്ങിയ നേതാക്കള്‍ ഇന്നലെ മമതയെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം പശ്ചിമബംഗാളിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന സി.ബി.ഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസ് ഇന്ന് പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. കേസ് നാളെ രാവിലെ 10,30ന് പരിഗണിക്കാമെന്നും കോടതിയെ അറിയിച്ചു.