ഹൈദരാബാദിനെ തൂക്കിയെറിഞ്ഞ് ലൂക്കി ഫെര്‍ഗൂസന്‍
Ipl 2020
ഹൈദരാബാദിനെ തൂക്കിയെറിഞ്ഞ് ലൂക്കി ഫെര്‍ഗൂസന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th October 2020, 7:49 pm

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തോല്‍വി. സൂപ്പര്‍ ഓവറിലാണ് ഹൈദരാബാദിന്റെ തോല്‍വി.

നിശ്ചിത ഓവറില്‍ ഇരുടീമും തുല്യസ്‌കോറിലെത്തിയതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. എന്നാല്‍ ഹൈദരാബാദിന് മൂന്ന് പന്തിനുള്ളില്‍ രണ്ട് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റും നഷ്ടമായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത അനായാസം വിജയത്തിലേക്കെത്തുകയായിരുന്നു.

ഭേദപ്പെട്ട ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും കെയ്ന്‍ വില്യംസണും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്.

വാര്‍ണര്‍ക്ക് പകരം വില്യംസണാണ് ഹൈദരാബാദിന് വേണ്ടി ഓപ്പണറായി ഇറങ്ങിയത്. കിട്ടിയ അവസരം വില്യംസണ്‍ നന്നായി ഉപയോഗിച്ചു. ഇരുവരും ചേര്‍ന്ന് 5.2 ഓവറില്‍ സ്‌കോര്‍ 50 കടത്തി.

എന്നാല്‍ ഏഴാം ഓവറിലെ ആദ്യ പന്തില്‍ വില്യംസണെ പുറത്താക്കി ലോക്കി ഫെര്‍ഗൂസന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. ഈ സീസണില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച ഫെര്‍ഗൂസന്‍ ആദ്യ പന്തില്‍ തന്നെ 29 റണ്‍സെടുത്ത വില്യംസണെ പുറത്താക്കി.

ഇതോടെ സണ്‍റൈസേഴ്‌സ് തകര്‍ന്നു. എന്നാല്‍ ഒരറ്റ്ത്ത് ക്രീസില്‍ നിലയുറപ്പിച്ച വാര്‍ണര്‍ കളി ജയിപ്പിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. 33 പന്തില്‍ 47 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

കൊല്‍ക്കത്തയ്ക്കായി ഫെര്‍ഗൂസന്‍ സൂപ്പര്‍ ഓവറിലെ രണ്ട് വിക്കറ്റടക്കം അഞ്ച് വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ മോര്‍ഗനും ദിനേഷ് കാര്‍ത്തിക്കുമാണ് ഭേദപ്പെട്ട സ്‌കോര്‍ കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് നല്‍കിയത്.

ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 48 റണ്‍സ് നേടി. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് നടരാജന്‍ സണ്‍റൈസേഴ്സിന് വിക്കറ്റ് സമ്മാനിച്ചു.

ദിനേഷ് കാര്‍ത്തിക്ക് 14 പന്തില്‍ 29 റണ്‍സും മോര്‍ഗന്‍ 23 പന്തില്‍ 34 റണ്‍സും നേടി ഇരുവരും അഞ്ചാം വിക്കറ്റില്‍ 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

സണ്‍റൈസേഴ്സിന് വേണ്ടി നടരാജന്‍ രണ്ടുവിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sunrisers Hyderabad vs Kolkatha Knight Riders IPL 2020