അവന്റെ കരിയര്‍ അവസാനിച്ചു, ഇനി ഇന്ത്യക്ക് വേണ്ടി അവനെക്കൊണ്ട് ഒന്നിനും സാധിക്കില്ല; സൂപ്പര്‍ താരത്തിനെതിരെ ആഞ്ഞടിച്ച് ഗവാസ്‌കര്‍
Sports News
അവന്റെ കരിയര്‍ അവസാനിച്ചു, ഇനി ഇന്ത്യക്ക് വേണ്ടി അവനെക്കൊണ്ട് ഒന്നിനും സാധിക്കില്ല; സൂപ്പര്‍ താരത്തിനെതിരെ ആഞ്ഞടിച്ച് ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st June 2022, 3:41 pm

ഇന്ത്യയുടെ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച സൂപ്പര്‍ താരം ശിഖര്‍ ധവാന്റെ ടി-20 കരിയര്‍ എന്നെന്നേക്കുമായി അവസാനിച്ചതായി തോന്നുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സുനില്‍ ഗവാസ്‌കര്‍.

ശിഖര്‍ ധവാന്‍ മികച്ച രീതിയില്‍ തന്നെ തുടരുകയായിരുന്നുവെങ്കില്‍ അവന്‍ ഇന്ത്യന്‍ ടീമില്‍ എന്തുതന്നെയായാലും കളിച്ചേനെയെന്നും അദ്ദേഹം പറയുന്നു.

‘അവന്‍ അന്താരാഷ്ട്ര തലത്തില്‍ ടി-20 മത്സരങ്ങള്‍ കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അവന്‍ നല്ല രീതിയില്‍ കളിച്ചിരുന്നെങ്കില്‍ അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉറപ്പായും ഉള്‍പ്പെടുമായിരുന്നു.

എല്ലാ സീനിയര്‍ താരങ്ങളും ഇംഗ്ലണ്ടിലാണ്. അവനെ അയര്‍ലാന്‍ഡ് പര്യടനത്തില്‍ പോലും ഉള്‍പ്പെടുത്തിയില്ല. ഇതിനര്‍ത്ഥം അവന്റെ കരിയര്‍ അവസാനിച്ചു എന്നുതന്നെയാണ്,’ ഗവാസ്‌കര്‍ പറയുന്നു.

ഐ.പി.എല്ലില്‍ മറ്റേത് താരത്തേക്കാളും മികച്ച പ്രകടനമാണ് ശിഖര്‍ ധവാന്‍ കാഴ്ചവെക്കുന്നത്. തുടര്‍ച്ചയായി കഴിഞ്ഞ ഏഴ് സീരീസിലും 450ലധികം റണ്‍സ് സ്വന്തമാക്കിയിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ധവാന് സാധിച്ചിരുന്നില്ല.

2022ല്‍ പഞ്ചാബ് കിംങ്‌സിനൊപ്പമായിരുന്നു ധവാന്‍ റണ്‍സടിച്ചുകൂട്ടിയത്. സീസണില്‍ 14 മത്സരം കളിച്ച താരം 122.67 സ്‌ട്രൈക്ക് റേറ്റിലും 38.33 ശരാശരിയിലും 460 റണ്‍സാണ് സ്വന്തമാക്കിയത്. 88 ആയിരുന്നു സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

2021ല്‍ 587, 2020ല്‍ 618, 2019ല്‍ 521, 2018ല്‍ 497, 2017ല്‍ 479, 2016ല്‍ 501 എന്നിങ്ങനെയായിരുന്നു താരത്തിന്റെ ഐ.പി.എല്‍ സ്‌കോര്‍.

ഇത്രയധികം റണ്‍സ് നേടിയിട്ടും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റാണ് ധവാന് വിനയായത്.

രണ്ട് ടി-20 പരമ്പരകളാണ് ഇന്ത്യയ്ക്ക് ഇനി കളിക്കാനുള്ളത്. അയര്‍ലാന്‍ഡിനെതിരെ രണ്ട് മത്സരവും ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരവുമാണ് ടീം ഇന്ത്യ കളിക്കുക.

അയര്‍ലാന്‍ഡിനെതിരെയുള്ള ടീമില്‍ ഐ.പി.എല്ലില്‍ തിളങ്ങിയ ജൂനിയര്‍ താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഹുല്‍ ത്രിപാഠിയടക്കമുള്ള പല താരങ്ങളുടെയും ഇന്ത്യന്‍ ജേഴ്‌സിയിലെ ആദ്യ പ്രകടനമാവുമിത്.

ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരെയുള്ള മത്സരങ്ങളില്‍ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ തുടങ്ങിയ താരങ്ങളെല്ലാം തിരിച്ചെത്തുമെന്നും കരുതുന്നു.

Content highlight: Sunil Gavskar says Shikhar Dhawan’s Career is over