കപില്‍ ദേവിന് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. ടി-20 ഫോര്‍മാറ്റിന് വേണ്ട ആക്രമണോത്സുകത ഇന്ത്യന്‍ ടീമിന് നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഗവാസ്കറിന്റെ വിമര്‍ശനം.
ഐ.സി.സി ടി-20 ലോകകപ്പിലെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെയാണ് ഗവാസ്കര്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ഇന്ത്യന്‍ ടീമിനുണ്ടായിരുന്ന നിര്‍ഭയമായ കളിരീതി ഇപ്പോള്‍ കാണാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ ഭയപ്പാടോടെയാണ് ഇന്ത്യ മത്സരങ്ങളെ സമീപിക്കുന്നത്. ആക്രമിച്ചു കളിക്കേണ്ട കളിയാണത്, അവിടെയാണ് ഇന്ത്യ പരാജയപ്പെടുന്നത്,’ ഗവാസ്കര്‍ പറയുന്നു.
‘ജയത്തിനായി കുതിക്കുമ്പോള്‍ തങ്ങള്‍ക്ക് തോല്ക്കാന് പേടി തോന്നാറില്ല എന്ന് ഒരുപാട് ക്യാപ്റ്റന്മാരും പരിശീലകരും പറയാറുണ്ട്. തോറ്റാലും സുരക്ഷിതരാണ് എന്ന സാഹചര്യത്തില്‍ അത് ആര്‍ക്കും പറയാവുന്നതാണ്. എന്നാല്‍, ഇന്ത്യ ഇപ്പോള്‍ അത് തെളിയിക്കേണ്ടിയിരിക്കുന്നു,’ ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ സംബന്ധിച്ച് ഇനിയുള്ള എല്ലാ കളികളും വന്‍ മാര്‍ജിനില്‍ ജയിക്കുകയും ന്യൂസിലാന്റിനെ ആരെങ്കിലും തോല്പിക്കുകയും ചെയ്താല്‍ സെമിയിലെത്താനുള്ള നേരിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്നാഹമത്സരത്തിലെ മികച്ച പ്രകടനത്തിന് ശേഷം ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം അമ്പേ പരാജയമായിരുന്നു. 6.53 എന്ന ശരാശരിയില്‍ ഇരുടീമുകളോടും സ്കോര്‍ ചെയ്തപ്പോള്‍ 2 വിക്കറ്റ് മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വീഴ്ത്താനായത് എന്നത് വലിയ പോരായ്മ തന്നെയാണ്.
അഫ്ഗാനിസ്ഥാന് ഇന്ത്യയ്ക്ക് മുന്നില്‍ ഒരു വലിയ കടമ്പ തന്നെയാണെന്നാണ് ഗവാസ്കര്‍ വിലയിരുത്തുന്നത്. വളര്‍ന്നു വരുന്ന ഒരുപാട് താരങ്ങളാണ് അഫ്ഗാന്റെ ശക്തിയെന്നും റാഷിദ് ഖാനടക്കമുള്ള താരങ്ങള്‍ ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസിലാന്റുമായുള്ള മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ, ‘തങ്ങള്‍ക്ക് വേണ്ടത്ര ധൈര്യമില്ല’ എന്ന കോഹ്ലിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ക്യാപ്റ്റനെതിരെ കപില്‍ ദേവ് പരസ്യമായി രംഗത്ത് വന്നത്. താനൊരു ക്യാപ്റ്റനാണെന്നും, ഏതൊരു സാഹചര്യത്തിലും ഒരു ക്യാപ്റ്റന്‍ അങ്ങനെയൊന്നും പറയാന്‍ പാടില്ലെന്നുമായിരുന്നു കപില്‍ പറഞ്ഞത്.
ബുധനാഴ്ചയാണ് ഇന്തയ്യും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരം. സെമിയില്‍ പ്രവേശിക്കാനുള്ള സാധ്യത നേരിയ തോതിലെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യന്‍ ടീമിന് ജയം അനിവാര്യമാണ്.