വേനല്‍മഴ ലഭിച്ചില്ല; കാര്‍ഷിക നഷ്ടം 70 കോടിയ്ക്കടുത്ത്; പ്രതിസന്ധി രൂക്ഷമെന്ന് കര്‍ഷകര്‍ 
Agriculture
വേനല്‍മഴ ലഭിച്ചില്ല; കാര്‍ഷിക നഷ്ടം 70 കോടിയ്ക്കടുത്ത്; പ്രതിസന്ധി രൂക്ഷമെന്ന് കര്‍ഷകര്‍ 
ആര്യ അനൂപ്‌
Monday, 6th May 2019, 3:02 pm

 

തിരുവനന്തപുരം:  ചുട്ടുപൊള്ളുന്ന വേനലില്‍ കത്തിക്കരിഞ്ഞ് കാര്‍ഷിക വിളകള്‍. വേനല്‍മഴ മാറി നിന്നതാണ് സംസ്ഥാനത്തെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്.

വേനല്‍മഴ ലഭിക്കാതായതോടെ സംസ്ഥാനത്തെ കാര്‍ഷിക വിളകള്‍ക്കുണ്ടായത് കനത്ത നഷ്ടമാണ്. ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് ഏതാണ്ട് 70 കോടിയോളം രൂപയുടെ വിളനഷ്ടമാണ് സംസ്ഥാനത്തുണ്ടായത്.

69,22,90,537.5 രൂപയുടെ കാര്‍ഷിക നഷ്ടമുണ്ടായതായാണ് സര്‍ക്കാര്‍  കണ്ടെത്തിയിരിക്കുന്നത്. മെയ് മാസത്തെ കണക്കുകൂടി പുറത്തുവരുന്നതോടെ നഷ്ടം ഇനിയും വര്‍ധിക്കുമെന്നാണ് അറിയുന്നത്.
നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്ന ചൂടിനൊപ്പം ജലസ്രോതസ്സുകള്‍ വറ്റിവരളുകയും ചെയ്തതോടെ കൃഷിക്കൊപ്പം കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍ക്കുകയാണ്.

പ്രളയം നല്‍കിയ ദുരിതത്തില്‍ നിന്നും കാര്‍ഷികരംഗം കരകയറുന്നതിനു മുന്‍പാണ് വരള്‍ച്ചയും പിടിമുറുക്കുന്നത്.പ്രളയത്തിന് പിന്നാലെ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നേരിടേണ്ടിവന്ന മറ്റൊരു ആഘാതമായി മാറിയിരിക്കുകയാണ് കടുത്ത വേനല്‍.

നെല്‍ കര്‍ഷകരേയും വാഴകര്‍ഷകരേയുമാണ് വേനല്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. കൃഷിയിറക്കിയ 372 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് വേനലില്‍ നശിച്ചുപോയത്. 703 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെ കര്‍ഷകര്‍ക്കുണ്ടായത്.

വലിയ പ്രതീക്ഷയോടെയായിരുന്നു കൃഷിയിറക്കിയതെന്നും എന്നാല്‍ കടുത്ത വേനലും വേനല്‍മഴയിലുണ്ടായ കുറവും കൃഷിക്ക് തിരിച്ചടിയായെന്നുമാണ് എടക്കരയിലെ നെല്‍കര്‍ഷകനായ വേണു ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. നെല്ലും വാഴയും ഒരുപോലെ നശിച്ചു. ജലലഭ്യത കുറവ് തന്നെയാണ് തിരിച്ചടിയായത്. അതിനിടെ ഇടയ്ക്ക് ലഭിച്ച കനത്ത മഴയും വിളയെ ബാധിച്ചിട്ടുണ്ട് ”-അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതല്‍ നെല്‍കൃഷി നശിച്ചുപോയത് തൃശൂരാണ്. 302 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് തൃശൂരില്‍ നശിച്ചത്. ആലപ്പുഴയില്‍ 50 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയും നശിച്ചു.

320 ഹെക്ടര്‍ സ്ഥലത്തെ 8,01,183 വാഴകള്‍ കടുത്ത വെയിലില്‍ ഉണങ്ങിപ്പോയി. സര്‍ക്കാറിന്റെ കണക്കനുസരിച്ച് ഇതിലൂടെ 32 കോടിയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്.
125 ഹെക്ടര്‍ സ്ഥലത്തെ 3,12,623 വാഴതൈകളും നശിച്ചുപോയിട്ടുണ്ട്. 337 ലക്ഷം രൂപയുടെ പച്ചക്കറികള്‍, 2,358 തെങ്ങുകള്‍ എന്നിവയും വേനലില്‍ ഉണങ്ങി ഉപയോഗശൂന്യമായി.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം വേനല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് തൃശൂര്‍ ജില്ലയിലെ കര്‍ഷകരെയാണ്. തൃശൂരിലെ 395 ഹെക്ടര്‍ സ്ഥലത്തെ 2,091 കര്‍ഷകരെ വേനല്‍ ബാധിച്ചു. എറണാകുളത്ത് 155 ഹെക്ടര്‍ സ്ഥലത്തെ 1,627 കര്‍ഷകരേയും കോട്ടയത്ത് 149 ഹെക്ടര്‍ സ്ഥലത്തെ 1,996 കര്‍ഷകരേയും വേനല്‍ ബാധിച്ചു.

എന്നാല്‍ ഏറ്റവും കൂടുതല്‍ ചൂടനുഭവപെടുന്ന പാലക്കാട് 108 ഹെക്ടര്‍ സ്ഥലത്തെ കര്‍ഷകര്‍ക്കാണ് വേനല്‍ പ്രതികൂലമായി ബാധിച്ചത്. വേനല്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള കൃഷിരീതിയാണ് ഇവിടെയുള്ളത്.

വേനലില്‍ കൊല്ലത്ത് 3,125,800 രൂപയുടേയും ആലപ്പുഴയില്‍ 4,496,700 രൂപയുടേയും കാര്‍ഷിക വിളകള്‍ നശിച്ചു. പത്തനംതിട്ട( 38,41,845), കോട്ടയം(1,49,60,580) ഇടുക്കി(6,489,200), എറണാകുളം (2,45,25,125) തൃശൂര്‍ (1,68,96,485), പാലക്കാട് (23,822,100), മലപ്പുറം (2,30,95,350) കാസര്‍കോട് (16,42,050) എന്നിവയാണ് കൂടുതല്‍ നഷ്ടമുണ്ടായ ജില്ലകള്‍.

കമുക്, തെങ്ങ് തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കു പുറമെ വാഴ, പച്ചക്കറി, നെല്ല് മുതലായവയും നശിച്ചുകൊണ്ടിരിക്കുകയാണ്. ചൂട് കൂടിയ സമയമായതിനാല്‍ 3 ദിവസത്തിലൊരിക്കലെങ്കിലും തോട്ടങ്ങള്‍ നനയ്‌ക്കേണ്ടതാണ്. എന്നാല്‍ വെള്ളമില്ലാതെ ഒരു മാസത്തോളമായി നനയ്ക്കാത്ത തോട്ടങ്ങളുണ്ട്. ഇതാണ് വിളകള്‍ ഉണങ്ങാനുള്ള പ്രധാന കാരണമായതെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

”മുന്‍ വര്‍ഷങ്ങളിലൊക്കെ ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രമേ വെള്ളത്തിനു ക്ഷാമമുണ്ടാകാറുള്ളൂ. എന്നാലും ഇടയ്ക്കു കിട്ടുന്ന വേനല്‍മഴ വിളകളെ കാക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ വേനല്‍മഴ ചതിച്ചു. വേനല്‍മഴ തീരെ കിട്ടാത്ത സ്ഥലങ്ങള്‍ പോലും കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള ജില്ലയിലുണ്ട്.”-കര്‍ഷകര്‍ പറയുന്നു.

ഇവിടെ കര്‍ഷകര്‍ കൂടുതലായും ആശ്രയിക്കുന്ന അരുവികളും തോടുകളും ഫെബ്രുവരി മാസത്തില്‍ തന്നെ വറ്റിയിരുന്നു. കിണറുകളുടെയും കുളങ്ങളുടെയും അവസ്ഥയും വ്യത്യസ്തമല്ല. ഒരു മാസത്തോളമായി പുഴകളിലും വെള്ളമില്ല.

കുഴല്‍ കിണറുകളടക്കം വറ്റിക്കൊണ്ടിരിക്കുന്ന ഭീകര സാഹചര്യമാണ് മുന്നിലുള്ളതെന്നും മഴ ഉടന്‍ പെയ്തില്ലെങ്കില്‍ നഷ്ടക്കണക്ക് ചെറുതൊന്നുമായിരിക്കില്ലെന്നുമാണ് കാര്‍ഷിക വകുപ്പിന്റെ പ്രതികരണം.

 

അതേസമയം ശക്തമായ വേനല്‍ മഴ ലഭിച്ചിടത്തും കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചിട്ടുണ്ട്. കൊടും ചൂടിനെ നേരിട്ട് പരിപാലിച്ച വാഴ കൃഷിക്കാണ് ഏറെ നാശം നേരിട്ടത്. പച്ചകറി കൃഷിയും നശിച്ചു. കാട്ടാക്കട, പൂവച്ചല്‍, കള്ളിക്കാട് പഞ്ചായത്ത് പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഏക്കര്‍ കണക്കിന് വാഴകൃഷി നശിച്ചു. കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണ് കാറ്റിലും മഴയിലും നിലംപൊത്തിയത്.

പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഇവിടങ്ങളില്‍ വേനല്‍ മഴ സമ്മാനിച്ചത്.

കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയം കാര്‍ഷിക മേഖലയില്‍ മാത്രം 5,000 കോടിയിലേറെ രൂപയുടെ വിളനാശം ഉണ്ടാക്കിയിട്ടുണ്ടെന്ന് കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.

കണക്കാക്കുവാന്‍ സാധിക്കാത്ത അത്രയും നാശനഷ്ടങ്ങളാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുള്ളതെന്നും മാനദണ്ഡങ്ങള്‍ക്കതീതമായ സഹായം കര്‍ഷകര്‍ക്ക് ലഭ്യമാക്കി തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഈ നഷ്ടത്തെ അതിജീവിച്ച് വരുന്നതിനിടെയാണ് കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ക്ക് കരിനിഴല്‍വീഴ്ത്തി വരള്‍ച്ചയും പിടിമുറുക്കിയത്.

 

ആര്യ അനൂപ്‌
സീനിയര്‍ സബ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.