കൊച്ചിയില്‍ ദളിത് യുവതി ആത്മഹത്യ ചെയ്തത് ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും കാരണമെന്ന് വീട്ടുകാര്‍; കേസെടുത്ത് 40 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ല
Kerala News
കൊച്ചിയില്‍ ദളിത് യുവതി ആത്മഹത്യ ചെയ്തത് ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും കാരണമെന്ന് വീട്ടുകാര്‍; കേസെടുത്ത് 40 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th July 2022, 9:55 am

കൊച്ചി: കൊച്ചിയില്‍ ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ആരോപണം ശക്തമാകുന്നു. സംഗീത എന്ന യുവതിയുടെ മരണം ഭര്‍ത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും കാരണമാണെന്നാണ് ആരോപണം.

സംഗീതയുടെ കുടുംബം തന്നെയാണ് ഭര്‍ത്താവ് സുമേഷിനും കുടുംബത്തിനുമെതിരെ രംഗത്തെത്തിയിരിക്കുന്നത്.

സംഗീതയുടെയും സുമേഷിന്റേതും പ്രണയവിവാഹമായിരുന്നു. എന്നാല്‍ വിവാഹശേഷം ജാതിയുടെ പേരിലും സ്ത്രീധനത്തിന്റ പേരിലും കൊടിയ പീഡനങ്ങളാണ് സംഗീതക്ക് സുമേഷിന്റെ വീട്ടില്‍ നിന്നും നേരിടേണ്ടി വന്നതെന്നാണ് അവരുടെ വീട്ടുകാര്‍ പറയുന്നത്.

കല്യാണം കഴിഞ്ഞ ദിവസം വസ്ത്രം മാറാന്‍ പോലും വീട്ടില്‍ മുറി നല്‍കിയില്ലെന്നും മറ്റുള്ളവര്‍ ഉപയോഗിച്ച ചീപ്പ്, തുണികള്‍ എന്നിവ എടുക്കാന്‍ പോലും അനുവാദമില്ലായിരുന്നുവെന്നും അതിന് കാരണം അവളുടെ ജാതിയായിരുന്നുവെന്നും സംഗീതയുടെ കുടുംബം പറയുന്നു.

”സ്ത്രീധനം നല്‍കാന്‍ ഉണ്ടായിരുന്നില്ല സുമേഷ് ഉയര്‍ന്ന ജാതിയും അവള്‍ താഴ്ന്ന ജാതിയുമായത് വലിയ പ്രശ്‌നമായി.

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെ ജാതി പറഞ്ഞ് അപമാനിക്കാന്‍ തുടങ്ങി. ചേട്ടന്റെ ഭാര്യയും ഭര്‍ത്താവിന്റെ അമ്മയും ഒരുപാട് അപമാനിച്ചു. ക്രൂരത കാട്ടി. സ്ത്രീധനം കൊണ്ടുവന്നില്ലെന്ന് പറഞ്ഞ് കസേരയില്‍ ഇരിക്കാന്‍ പോലും അനുവദിച്ചിട്ടില്ല. അവള്‍ക്ക് കഴിക്കാന്‍ പ്രത്യേക ഗ്ലാസും പ്ലേറ്റും ഉണ്ടായിരുന്നു,” സംഗീതയുടെ വീട്ടുകാര്‍ പറഞ്ഞു.

ഗര്‍ഭിണിയായ സമയത്തും പ്രസവത്തോടെ കുഞ്ഞ് മരിച്ചപ്പോഴും സംഗീത ഭര്‍തൃവീട്ടില്‍ നേരിട്ടത് വലിയ ക്രൂരതകളാണെന്നും കുടുംബത്തില്‍ ആദ്യമായി ഉണ്ടാകുന്ന കുഞ്ഞ് താഴ്ന്ന ജാതിയില്‍പെട്ട സ്ത്രീയില്‍ ആയല്ലോ എന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ അമ്മ അടക്കമുള്ളവര്‍ കുഞ്ഞിന്റെ മൃതദേഹം പോലും വീട്ടില്‍ കയറ്റിയില്ലെന്നും സംഗീതയുടെ കുടുംബം ആരോപിക്കുന്നു.

ജൂണ്‍ ഒന്നിനായിരുന്നു സംഗീതയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആ സമയത്ത് സുമേഷ് വീട്ടിലുണ്ടായിട്ടും സംഗീതയെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും വിവരം മറച്ച് വെച്ചുവെന്നും സംഗീതയുടെ വീട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

2020 ഏപ്രിലിലായിരുന്നു സംഗീതയുടെയും സുമേഷിന്റെയും വിവാഹം.

എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിയുന്നതിന് മുമ്പേ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ സുമേഷിന്റെ വീട്ടില്‍ നിന്നും സംഗീതക്ക് പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ശാരീരിക പീഡനങ്ങള്‍ക്ക് പുറമെ സുമേഷും കുടുംബവും സംഗീതയെ ജാതീയമായും അധിക്ഷേപിച്ചിരുന്നു എന്നാണ് സംഗീതയുടെ കുടുംബത്തിന്റെ വാക്കുകളിലൂടെ തെളിയുന്നത്.

സ്ത്രീധനം ലഭിക്കാത്തതിന്റെ പേര് പറഞ്ഞ് സംഗീതയെ സുമേഷ് വീട്ടില്‍ നിന്നും ഇറക്കി വിട്ടിരുന്നു, എന്നാല്‍ പരാതി നല്‍കിയെങ്കിലും സംഗീതയെ സുമേഷിനൊപ്പം അയാളുടെ വീട്ടിലേക്ക് തന്നെ പൊലീസ് തിരിച്ചയക്കുകയായിരുന്നു. വീട്ടിലെത്തിയ സംഗീത പിന്നാലെ തൂങ്ങി മരിക്കുകയാണുണ്ടായത്.

അതേസമയം, സംഗീതയുടെ മരണത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് 40 ദിവസം പിന്നിട്ടിട്ടും ഇതുവരെ സുമേഷിനെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.

രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കുകയാണെന്നും സംഗീതയുടെ കുടുംബം ആരോപിക്കുന്നുണ്ട്.

Content Highlight: Suicide of Dalit Women in Kochi is due to Caste discrimination and physical assault in the name of dowry, says woman’s family