നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ യുവനടിയുടെ ആത്മഹത്യാ ശ്രമം; ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ച്
actress attack case
നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ യുവനടിയുടെ ആത്മഹത്യാ ശ്രമം; ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th January 2022, 1:43 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കേസില്‍ സാക്ഷിയായിരുന്ന നടിയുടെ ആത്മഹത്യശ്രമത്തിന് ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുമയി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യശ്രമത്തിന് കാരണമെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസില്‍ സിനിമ താരങ്ങളുടെ മൊഴി മാറ്റത്തിന്റെ കാരണം അന്വേഷിക്കാന്‍ പൊലീസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്. ഇവരുടെ കൂറു മാറ്റത്തിന്റെ സാമ്പത്തിക ശ്രോതസ് പൊലീസ് അന്വേഷിക്കും.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചായിരുന്നു സിനിമ താരങ്ങളില്‍ നിന്ന് പൊലീസ് ശേഖരിച്ച മൊഴി. എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്സല്‍ സമയത്ത് നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായാപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു. മുതിര്‍ന്ന അഭിഭാഷകന് കൊവിഡ് ആയതിനാല്‍ ഹാജരാവാത്തതാണ് കാരണം.

ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.

ദിലീപിനെതിരെയുള്ള ഗൂഢാലോചന കേസില്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസിലെ ഓഡിയോ റെക്കോര്‍ഡുകളാണ് കൈമാറിയത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയാണ് ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Suicide attempt by a deviant young actress in the case of attacking the actress; no relation with Dileep