ആ സീനിൽ തിയേറ്റർ മൊത്തം കരയുകയായിരുന്നു; ആ കരച്ചിൽ ഇപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്നു : സുധി കോഴിക്കോട്
Film News
ആ സീനിൽ തിയേറ്റർ മൊത്തം കരയുകയായിരുന്നു; ആ കരച്ചിൽ ഇപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്നു : സുധി കോഴിക്കോട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th November 2023, 9:38 am

വ്യക്തമായ രാഷ്ട്രീയം തുറന്നു പറയുന്ന ചിത്രമാണ് കാതൽ ദി കോർ. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം പ്രേക്ഷകരെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച നടനാണ് തങ്കൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധി കോഴിക്കോട്.

കാതൽ സിനിമയ്ക്ക് ശേഷം തങ്കൻ എന്ന കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പടം റിലീസ് ചെയ്ത ദിവസം താൻ ആദ്യമായി ഡിക്സൺ ചേട്ടനെയാണ് വിളിച്ചതെന്ന് സുധി പറഞ്ഞു. എന്നാൽ വിളിച്ചപ്പോൾ തന്നെ താൻ പൊട്ടിക്കരയുകയായിരുന്നെന്നും സുധി പറയുന്നുണ്ട്.

സിനിമയിൽ മമ്മൂട്ടി എന്റെ ദൈവമേ എന്ന് പറഞ്ഞ് കരയുന്ന രംഗം പ്രേക്ഷകരുടെ മനസിൽ തുളച്ചു കയറിയതിനെക്കുറിച്ചും സുധി പറഞ്ഞു. ഗോവയിലെ ഫിലിം ഫെസ്റ്റിലാണ് താൻ പടം ആദ്യം കണ്ടതെന്നും പടം കഴിഞ്ഞപ്പോൾ ചിന്നു ചാന്തിനിയെ കെട്ടിപിടിച്ച് പറഞ്ഞെന്നും സുധി കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുധി കോഴിക്കോട്.

‘പടം കണ്ടതിന് ശേഷം ഡിക്സൺ ചേട്ടനെയാണ് ഞാൻ ആദ്യം വിളിച്ചത്. ഞാൻ ചേട്ടനോട് പറയാൻ കഴിയാതെ തൊണ്ട പൊട്ടി കരയുകയായിരുന്നു. മമ്മൂക്ക എന്റെ ദൈവമേ എന്ന് വിളിച്ചു കരയുന്ന അത്രയും ഇമോഷൻ എനിക്കുണ്ടായിരുന്നു. അത് പറയുമ്പോൾ ഇപ്പോഴും എന്റെ കണ്ണ് നിറയുന്നുണ്ട്.

എന്റെ കണ്ണിൽ നിന്നും ചാടിത്തെറിക്കുകയായിരുന്ന അവസ്ഥയായിരുന്നു. ഞാൻ ഗോവയിലെ ഫിലിം ഫെസ്റ്റിവലിൽ നിന്നായിരുന്നു പടം കണ്ടിരുന്നത്. ആ സീൻ കഴിഞ്ഞിട്ട് ചിന്നു ഞാനും ഒരുമിച്ചാണ് ഇരിക്കുന്നത്. ചിന്നുവിനെ ഞാൻ കെട്ടിപ്പിടിച്ച് കരയുകയാണ് ചെയ്തത്. മുഴുവൻ ഇരുട്ടാണ് അതുകഴിഞ്ഞിട്ട് താഴേക്ക് ഇറങ്ങുന്നു.

താഴെയിറങ്ങുന്നത് വരെ കരയുകയായിരുന്നു. തിയേറ്റർ മൊത്തം കരയുകയായിരുന്നു. ആ കരച്ചിൽ ഇപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്നു എന്നതാണ്. തിയേറ്റർ വിസിറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആളുകൾ ഇപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്നു,’ സുധി കോഴിക്കോട് പറഞ്ഞു.

ജിയോ ബേബി ഒരുക്കിയ മമ്മൂട്ടി ചിത്രം കാതൽ ദി കോർ മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ മുന്നേറുമ്പോൾ മമ്മൂട്ടിയുടെ പ്രകടനത്തോടൊപ്പം പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് വെക്കുന്ന അഭിനയം കാഴ്ചവെച്ച നടനാണ് സുധി കോഴിക്കോട്. തങ്കൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുധി അവതരിപ്പിച്ചിട്ടുള്ളത്.

Content Highlight: sudhi kozhikode about his reaction after watching the film