എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകളെയും കുട്ടികളെയും പരിചയാക്കി വികസനം അട്ടിമറിക്കുന്നു; സമരങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്നും മന്ത്രി ജി.സുധാകരന്‍
എഡിറ്റര്‍
Thursday 23rd November 2017 9:02pm

കൊല്ലം: കീഴാറ്റുരില്‍ ദേശീയപാത നിര്‍മ്മാണത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധത്തെ വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. സ്ത്രീകളെയും കുട്ടികളെയും പരിചയാക്കി വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതാണ് ഇപ്പോള്‍ കാണുന്ന സമരങ്ങള്‍ എന്നും വര്‍ഷങ്ങളായി കൃഷിയൊന്നുമില്ലാതെ വെറുതേ കിടക്കുന്ന ആ വയലുമായി യാതൊരു ബന്ധവുമില്ലാത്തവരായിരുന്നു സമരത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ചില തീവ്രവാദ സംഘടനകള്‍ ഇത്തരം സമരങ്ങളിലെല്ലാം മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടാണു സമരമുണ്ടായതെന്നും അദ്ദേഹം കൊല്ലത്ത് നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളായി കൃഷിയൊന്നുമില്ലാതെ വെറുതേ കിടക്കുന്ന ആ വയലുമായി യാതൊരു ബന്ധവുമില്ലാത്തവരായിരുന്നു സമരത്തിനു പിന്നില്‍. ചര്‍ച്ചയില്‍ അലൈന്‍മെന്റ് മാറ്റം ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടും നാലുവരിപ്പാത നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടായിരുന്നു ഒരു വിഭാഗത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.

സിംഗൂര്‍ ആവര്‍ത്തിക്കുമെന്നായിരുന്നു അവിടെ വിതരണം ചെയ്ത ലഘുലേഖയിലുള്ളത്. അങ്ങനെ സിംഗൂര്‍ ആവര്‍ത്തിക്കുമെന്നൊന്നും ആരും മനപ്പായസമുണ്ണേണ്ടെന്നും വെടിവച്ചു വികസനം നടത്തേണ്ടുന്ന കാര്യമൊന്നും സര്‍ക്കാരിനില്ലെന്നും നല്ലതല്ലാതെ മറ്റൊന്നും ഈ സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ എന്തൊക്കെ ശ്രമങ്ങളുണ്ടായലും ഈ സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ തന്നെ മുന്നോട്ടു പോകുമെന്നും സുധാകരന്‍ വ്യക്തമാക്കി.


Also Read ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബി.ജെ.പി എം.പിയുമായ രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട് ഡി.വൈ.എഫ്.ഐ തല്ലിത്തകര്‍ത്തു


കോഴിക്കോട് നല്ലളം മുതല്‍ കാസര്‍ഗോഡ് വരെ നീളുന്ന ആറുവരി പാതയുടെ ഭാഗമെന്ന നിലയ്ക്ക് കണ്ണൂരിലെ തന്നെ കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ നീളുന്ന 5 കിലോമീറ്റര്‍ അലൈന്‍മെന്റിനായുള്ള നടപടികള്‍ 2012ല്‍ തുടങ്ങിയിരുന്നു. 2016ല്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമവിജ്ഞാപനവും വന്നിരുന്നു. എന്നാല്‍ ഈ രൂപരേഖ അട്ടിമറിച്ച് കീഴാറ്റൂരില്‍ വയല്‍ നികത്തി പാത നിര്‍മിക്കുന്നതിനെതിരെയാണ് സമരം ആരംഭിച്ചിരുന്നത്.

ദേശീയ പാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം മരവിപ്പിച്ചാണ് കീഴാറ്റൂര്‍വഴി പുതിയ ബൈപ്പാസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പാത വന്നാല്‍ കീഴാറ്റൂര്‍ ഗ്രാമവും 250 ഏക്കറോളം വരുന്ന നെല്‍പ്പാടവും ഇല്ലാതാകുന്ന സ്ഥിതിയാണുള്ളത്. പ്രദേശത്തിന്റെ ജലസംഭരണി കൂടിയാണ് ഈ വയലുകള്‍. വയലുകള്‍ മണ്ണിട്ട് നികത്തുന്നതോടെ കടുത്ത ജലക്ഷാമം ആയിരിക്കും സമീപത്തെ ഗ്രാമങ്ങള്‍ക്ക് നേരിടേണ്ടി വരിക.

പാത നിര്‍മ്മാണം അനുവദിക്കരുതെന്നാവശ്യപ്പെട്ട് സി.പി.ഐ.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ കീഴിലുളള മൂന്ന് ബ്രാഞ്ച് കമ്മറ്റികള്‍ കോടിയേരിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സമരം അനാവശ്യമാണെന്ന നിലപാടാണ് ജില്ലയിലെ പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്.

Advertisement