സുഡാനില്‍ പ്രതിഷേധം ശക്തം; സൈനിക മേധാവി രാജി വെച്ചു; രണ്ടു വര്‍ഷത്തേക്ക് പട്ടാള ഭരണം തുടരും
World
സുഡാനില്‍ പ്രതിഷേധം ശക്തം; സൈനിക മേധാവി രാജി വെച്ചു; രണ്ടു വര്‍ഷത്തേക്ക് പട്ടാള ഭരണം തുടരും
ന്യൂസ് ഡെസ്‌ക്
Saturday, 13th April 2019, 12:41 pm

ഖാര്‍ത്തൂം: സുഡാന്‍ ഏകാധിപതി ഒമര്‍ അല്‍ ബഷീറിനെ പുറത്താക്കിയതിനു പിന്നാലെ രാജിക്കൊരുങ്ങി രാജ്യത്തെ ആഭ്യന്തര മന്ത്രിയും സൈനിക മേധാവിയുമായ അവാദ് ബിന്‍ ഔഫ്. നീണ്ട കാലത്തെ ജനകീയ സമരങ്ങള്‍ക്കൊടുവില്‍ സൈനിക അട്ടിമറിയിലൂടെയാണ് ബഷീറിനെ പുറത്താക്കിയത്.

എന്നാല്‍ സൈനിക മേധാവി അവാദ് ബഷീറിന്റെ വിശ്വസ്തനാണെന്നും, സൈന്യം ബഷീര്‍ ഭരണകൂടത്തിന്റെ ഭാഗം തന്നെയെന്ന് ചൂണ്ടിക്കാട്ടി ജനങ്ങള്‍ സൈനിക കാര്യാലയത്തിനു മുന്നില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവാദ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. എന്നാല്‍ ജനാധിപത്യം ഭരണം പുനസ്ഥാപിക്കുന്നത് വരെ അടുത്ത രണ്ടു വര്‍ഷം രാജ്യം സൈനിക ഭരണത്തിന് കീഴിലായിരിക്കുമെന്ന നിലപാടില്‍ നിന്ന് സൈന്യം പിന്‍വാങ്ങിയില്ല.

അവാദ് ദേശീയ ടി.വി ചാനലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലെഫ്റ്റനന്റ് ജനറല്‍ അബ്ദെല്‍ ഫത്താഹ് അബ്ദെല്‍റഹ്മാന്‍ ബുര്‍ഹാനെ തന്റെ ആഭ്യന്തര മന്ത്രിയായി അവാദ് പ്രഖ്യാപിക്കുകയും ചെയ്തു. ‘ബുര്‍ഹാന്‍ ഈ കപ്പല്‍ സുരക്ഷിതമായ തീരത്തടുപ്പിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്’- അവാദ് പറഞ്ഞു. സായുധ സേനയുടെ ഐക്യം സംരക്ഷിക്കപ്പെടേണ്ടതിനാലാണ് താന്‍ പടിയിറങ്ങുന്നതെന്ന് അവാദ് പറഞ്ഞു.

അതേസമയം, ബഷീറിനെ അന്തരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കൈമാറില്ലെന്ന് സൈന്യം അറിയിച്ചു. അന്താരാഷ്ട്ര് ക്രിമിനല്‍ കോടതിയില്‍ ബഷീറിനെതിരെ മനുഷ്യാവകാശ ലംഘനക്കുറ്റം നിലവിലുണ്ട്.

വെടിവെപ്പില്‍ വ്യാഴാഴ്ചയും വെള്ളിഴാഴ്ചയും മാത്രമായി 16 പേര്‍ കൊല്ലപ്പെട്ട് പൊലീസ് പറയുന്നു.

ബഷീറിനെ പുറത്താക്കിയതിന് പിന്നാലെ സൈന്യം രാജ്യത്ത് മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ അടുത്ത രണ്ട് വര്‍ഷം രാജ്യം സൈന്യത്തിന് കീഴിലായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സുഡാന്‍ ഭരണഘടന നിര്‍ജീവമാവുകയും, അതിര്‍ത്തികള്‍ അടച്ചൂ പൂട്ടുകയും ചെയ്തു.

മോഷ്ടാവിന് പകരം മറ്റൊരു മോഷ്ടാവ് എന്നായിരുന്നു സൈനിക നടപടിക്കെതിരെ സുഡാനിലെ ജനങ്ങള്‍ പ്രതികരിച്ചത്. സൈന്യത്തിന്റെ നടപടി കൊണ്ട് കാര്യങ്ങള്‍ പഴയ രീതിയില്‍ തന്നെ ചെന്നവസാനിക്കുമെന്നും, സൈന്യം മുഖം മാറ്റുക മാത്രമാണ് നിലപാടുകള്‍ മാറ്റുന്നില്ലെന്നും സുഡാനീസ് പ്രഫഷനല്‍ അസോസിയേഷന്‍ വക്താവ് സാറാ അബ്ദെഗലീല്‍ പറഞ്ഞിരുന്നു.

മുന്‍ സൈനികന്‍ കൂടിയായ ബഷീര്‍ 1983ലാണ് പട്ടാള അട്ടിമറിയിലൂടെ സുഡാനിലെ ഭരണം പിടിച്ചടക്കുന്നത്.