സുഡാന്‍ കലാപത്തില്‍ പെട്ടുപോയ ഇന്ത്യക്കാരെ സഹായിക്കാന്‍ വിദേശകാര്യ മന്ത്രിക്കാകുന്നില്ലെങ്കില്‍ അതിന് കഴിയുന്ന ആളെ ചൂണ്ടിക്കാണിച്ച് തരൂ; കര്‍ണാടക തെരഞ്ഞെടുപ്പില്‍ വാക്‌പോര്‌
national news
സുഡാന്‍ കലാപത്തില്‍ പെട്ടുപോയ ഇന്ത്യക്കാരെ സഹായിക്കാന്‍ വിദേശകാര്യ മന്ത്രിക്കാകുന്നില്ലെങ്കില്‍ അതിന് കഴിയുന്ന ആളെ ചൂണ്ടിക്കാണിച്ച് തരൂ; കര്‍ണാടക തെരഞ്ഞെടുപ്പില്‍ വാക്‌പോര്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th April 2023, 12:15 pm

ബെംഗളൂരു: മെയ് പത്തിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ചര്‍ച്ചയായി സുഡാനിലെ ആഭ്യന്തര കലാപം. കലാപത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരരെ രക്ഷപ്പെടുത്താനാകുന്നില്ലെങ്കില്‍ അതിന് കഴിയുന്ന ഒരാളെ കാണിച്ച് തരണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

‘താങ്കള്‍ വിദേശകാര്യ മന്ത്രിയായതിനാലാണ് ഞാന്‍ സഹായമഭ്യര്‍ത്ഥിച്ചത്. താങ്കള്‍ പരിഭ്രമത്തിലാണെങ്കില്‍, ജനങ്ങളെ തിരികെ നാട്ടിലെത്തിക്കുന്നതില്‍ സഹായിക്കാന്‍ കഴിയുന്ന ഒരാളെ ചൂണ്ടിക്കാണിച്ച് തരൂ,’ സിദ്ധരാമയ്യ പറഞ്ഞു.

കര്‍ണാടകയിലെ ഹാക്കി പാക്കി ഗോത്ര വര്‍ഗത്തില്‍ പെട്ട 31 പേര്‍ സുഡാന്‍ കലാപത്തില്‍ പെട്ട് കിടക്കുകയാണെന്നും അവരെ രക്ഷപ്പെടുത്താന്‍ ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സിദ്ധരാമയ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിദ്ധരാമയ്യ പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആരോപിച്ചിരുന്നു.

‘നിങ്ങളുടെ പോസ്റ്റ് പരിഭ്രമിപ്പിക്കുന്ന ഒന്നാണ്. അവിടെ ജീവനുകള്‍ അപകടത്തിലാണ്, അതിനിടെ രാഷ്ട്രീയം കളിക്കരുത്. ഏപ്രില്‍ 14നാണ് അവിടെ കലാപം തുടങ്ങിയത്. ഖാര്‍ത്തൂമിലെ എംബസി സുഡാനിലുള്ള ഇന്ത്യക്കാരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്,’ ജയശങ്കര്‍ പറഞ്ഞു.

നിലവിലെ സാഹചര്യങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് നിരുത്തരവാദപരമാണെന്നും സുഡാനിലെ ഇന്ത്യക്കാരെ സംബന്ധിക്കുന്ന വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പുറത്ത് വിടാനാകില്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രിയുടെ നിലപാട്.

നേരത്തെ സുഡാനിലെ കലാപത്തില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ എന്ന മലയാളി കൊല്ലപ്പെട്ടതില്‍ സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ ആല്‍ബര്‍ട്ട് ഏപ്രില്‍ 16നാണ് കൊല്ലപ്പെട്ടത്. സുഡാനില്‍ ദാല്‍ ഗ്രൂപ്പ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ആല്‍ബര്‍ട്ട്.

സുഡാനിലെ ആഭ്യന്തര കലാപത്തില്‍ 200 പേര്‍ മരിക്കുകയും 1800 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. സൈന്യവും പാരാമിലിട്ടറി സംഘവും തമ്മിലാണ് രാജ്യത്ത് ഏറ്റുമുട്ടല്‍ നടക്കുന്നത്.

കലാപത്തില്‍ നിരവധി ആശുപത്രികള്‍ തകര്‍ന്നതായി ഡോക്ടര്‍മാരുടെ യൂണിയന്‍ അറിയിച്ചിരുന്നു. ഖാര്‍ത്തൂമിലെ ആശുപത്രികളില്‍ രക്തം, ട്രാന്‍സ്ഫ്യൂഷന്‍ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് ക്ഷാമമുണ്ടെന്നെന്നാണ് റിപ്പോര്‍ട്ട്.

ഖാര്‍ത്തൂമിലെയും മീറോയിലെയും അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ തങ്ങളുടെ അധീനതയിലാണെന്നാണ് പാരാമിലിട്ടറി സംഘമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍.എസ്.എഫ്) പറയുന്നത്. പ്രസിഡന്റിന്റെ കൊട്ടാരവും രാജ്യത്തെ സൈനിക മേധാവിയായ ജനറല്‍ അബ്ദുള്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ വസതിയും തങ്ങള്‍ പിടിച്ചെടുത്തതായി ആര്‍.എസ്.എഫ് അവകാശപ്പെടുന്നുണ്ട്.

Content Highlights: Sudan riots discussed in Karnataka elections