ജന്മദിനവേളയില്‍ നെഹ്‌റുവിനെതിരെ സൈബര്‍ വിദ്വേഷ പ്രചരണങ്ങളുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍
Daily News
ജന്മദിനവേളയില്‍ നെഹ്‌റുവിനെതിരെ സൈബര്‍ വിദ്വേഷ പ്രചരണങ്ങളുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th November 2014, 9:22 am

nehru11 ന്യൂദല്‍ഹി: രാജ്യം പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ വ്യാപക വിദ്വേഷ പ്രചരണങ്ങളുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ നേതൃത്വത്തിലാണ് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റുമുള്ള പ്രചരണങ്ങള്‍.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി നെഹ്‌റുവിനെ അവരോധിച്ചതാണ് ഏറ്റവും വലിയ അബദ്ധമായതെന്നാണ് സുബ്രഹ്മണ്യ സ്വാമി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

” ഈ നട്ടെല്ലില്ലാത്ത ഭീരു നിരവധി അതിര്‍ത്തി പ്രശ്‌നങ്ങളും, കമ്മ്യൂണിസ്റ്റ് ഉപദ്രവകാരികളെയും, നമ്മളെ കൊള്ളയടിക്കുന്ന ഭരണകൂടവും, മാനസിക അടിമത്തം ബാധിച്ച പൈതൃകവും ബാക്കിയാക്കി. ഈ വ്യക്തി നമ്മുടെ രാഷ്ട്രത്തിനുണ്ടാക്കിയ നഷ്ടം നികത്താന്‍ നിരവധി വര്‍ഷങ്ങളെടുക്കും.” ഫേസ്ബുക്കില്‍ സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

“നെഹ്‌റുവിന്റെ പരാജയങ്ങള്‍” എന്ന തലക്കെട്ടില്‍ ഒരു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും സുബ്രഹ്മണ്യന്‍ സ്വാമി ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

നെഹ്‌റു നോബേല്‍ പുരസ്‌കാരം ആഗ്രഹിച്ചിരുന്നെന്നും ഇന്ത്യയ്ക്ക് ഒരു ശക്തമായ സൈന്യം നിര്‍മ്മിച്ചെടുക്കുന്നതിന് പകരം ചൈനയുമായും മറ്റും ഉടമ്പടികള്‍ ഉണ്ടാക്കാനാണ് നെഹ്‌റു ശ്രമിച്ചതെന്നും മറ്റുമുള്ള ആരോപണങ്ങളടങ്ങിയതാണ് ഈ റിപ്പോര്‍ട്ട്.

സര്‍ദാര്‍ പട്ടേലിനെ പ്രധാനമന്ത്രിയായി നേതാക്കള്‍ നിശ്ചയിച്ചപ്പോള്‍ നെഹ്‌റുവിന്റെ ദുശ്ശാഠ്യം കാരണം ഗാന്ധിജി അദ്ദേഹത്തിന് ആ ചുമതല നല്‍കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നു.

സുബ്രഹ്മണ്യ സ്വാമിയുടെ പോസ്റ്റ് 16,700 ലധികം ഷെയറുകളാണുള്ളത്. 26,413 പേര്‍ ഇത് ലൈക്ക് ചെയ്തിട്ടുമുണ്ട്. നെഹ്‌റുവിനെ വിമര്‍ശിക്കുന്ന രണ്ടാമത്തെ പോസ്റ്റ് 5800ലധികം പേര്‍ ഷെയര്‍ ചെയ്യുകയും 15,193 പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ പോസ്റ്റിന്റെ ചുവട് പിടിച്ചുകൊണ്ട് ഫേസ്ബുക്കിലും മറ്റും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നെഹ്‌റുവിനെതിരെ വ്യാപക പ്രചരണങ്ങള്‍ നടത്തുന്നുണ്ട്.