'വിത്തു വിതയ്ക്കാതെ വിളയില്‍ നിന്നുള്ള വരുമാനം ജമീന്ദാര്‍മാര്‍ക്ക് എടുക്കാന്‍ പറ്റും'; അയോധ്യാ വിധിയില്‍ സുബ്രഹ്മണ്യന്‍ സ്വാമി
Ayodhya Verdict
'വിത്തു വിതയ്ക്കാതെ വിളയില്‍ നിന്നുള്ള വരുമാനം ജമീന്ദാര്‍മാര്‍ക്ക് എടുക്കാന്‍ പറ്റും'; അയോധ്യാ വിധിയില്‍ സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2019, 7:57 am

ന്യൂദല്‍ഹി: അയോധ്യാ വിധിയില്‍ ബി.ജെ.പിക്കെതിരെ ഒളിയമ്പുമായി പാര്‍ട്ടി രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി. വിധിയുടെ ക്രെഡിറ്റെടുക്കാന്‍ ശ്രമിക്കുന്നവര്‍ 2010 മുതല്‍ 2017 വരെ കേസിന്റെ വാദം നടക്കുന്ന സമയത്ത് എന്താണു ചെയ്തതെന്നു വിശദീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

ട്വിറ്ററിലായിരുന്നു സ്വാമിയുടെ വിമര്‍ശനം. ‘രാമക്ഷേത്ര കേസിന്റെ ക്രെഡിറ്റെടുക്കാന്‍ ശ്രമിക്കുന്നവര്‍ 2010 മുതല്‍ 2017 വരെ കേസിന്റെ വാദം കേള്‍ക്കുന്ന സമയത്ത് അവര്‍ എന്താണു ചെയ്തതെന്നു വിശദീകരിക്കണം. വിത്തു വിതയ്ക്കാതെ വിളയില്‍ നിന്നുള്ള വരുമാനം ജമീന്ദാര്‍മാര്‍ക്ക് എടുക്കാന്‍ പറ്റും.’- എന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്.

ശനിയാഴ്ച രാവിലെയാണ് അയോധ്യാ കേസില്‍ വിധി വന്നത്. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും. മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നുമാണ് കോടതി വിധി. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു.

അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും തര്‍ക്കഭൂമി ആരുടേതെന്ന് തീരുമാനിക്കുന്നത് നിയമപരമായ വശങ്ങള്‍ കണക്കിലെടുത്തായിരിക്കുമെന്നും ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞു.

രാമക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങുമെങ്കിലും ഇതിന്റെ പേരിലുള്ള ബി.ജെ.പിയുടെ രാഷ്ട്രീയം കളിക്കാനുള്ള വാതില്‍ അടഞ്ഞുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞിരുന്നു.

‘രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായി സുപ്രീംകോടതിയുടെ വിധി വന്നു. ഈ വിധി രാമക്ഷേത്ര നിര്‍മാണത്തിന് വാതില്‍ തുറന്നതു മാത്രമല്ല, ഇതിന്റെ പേരില്‍ ഇനിയും രാഷ്ട്രീം പറയാനുള്ള ബി.ജെ.പിയുടെ വാതില്‍ അടയുക കൂടിയാണ് ഇതുവഴി ചെയ്തിട്ടുള്ളത്’. രണ്‍ദീപ് സുര്‍ജെവാലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.