ജാതി വിവേചനം, സ്വീപ്പര്‍മാരെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കല്‍; കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരത്തില്‍
Kerala News
ജാതി വിവേചനം, സ്വീപ്പര്‍മാരെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കല്‍; കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th December 2022, 9:55 pm

കോട്ടയം: കെ.ആര്‍. നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി അനിശ്ചിതകാല സമരം ആരംഭിച്ചു. കോളേജ് സ്റ്റുഡന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ നേതൃത്വത്തില്‍ ജാതി വിവേചനവും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുമുണ്ടാകുന്നു എന്നാരോപിച്ചാണ് സമരം. ഡയറക്ടര്‍ നിലവില്‍ ഈ തസ്തികയില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്നും നിയമലംഘനമാണ് നടക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. തിങ്കളാഴ്ച രാവിലെയാണ് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്.

ഡയറക്ടര്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണ കമ്മീഷന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയും ഇല്ലാതിരിക്കുകയും ശങ്കര്‍ മോഹന്‍ ഡയറക്ടറായി തുടരുകയും ചെയ്യുന്ന സാഹര്യത്തിലാണ് സമരത്തിനിറങ്ങിയതെന്ന് സ്റ്റുഡന്‍സ് കൗണ്‍സില്‍ പ്രതിനിധികള്‍ പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിച്ചിടാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും 2022 ബാച്ചില്‍ നാല് സീറ്റ് ഒഴിഞ്ഞ് കിടന്നിട്ടും ശരത്ത് എന്ന ദളിത് വിദ്യാര്‍ത്ഥിക്ക് ഡയറക്ടര്‍ സീറ്റ് നിഷേധിച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ഗ്രാന്റിന്റെ ലഭ്യതക്കായി സമരം ചെയ്‌തെന്ന കാരണത്താല്‍ അനന്തപത്മനാഭന്‍ എന്ന വിദ്യാര്‍ത്ഥിയെ ഫൈനല്‍ ഡിപ്ലോമ പ്രോജക്റ്റില്‍ നിന്നും ഒഴിവാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് ഇളവുകള്‍ യഥാസമയം ലഭ്യമാക്കാതിരുന്നതിനാല്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്വീപ്പര്‍മാരെ കൊണ്ട് സ്വന്തം വീട്ടുജോലി ചെയ്യിപ്പിച്ച ഡയറക്ടര്‍, ജാതിയുടെ പേരില്‍ ക്ലറിക്കല്‍ ജോലിക്കാരോടും വിദ്യാര്‍ത്ഥികളോട് പോലും വിവേചനപൂര്‍വമാണ് പെരുമാറുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ബാച്ച് ആരംഭിച്ചെങ്കിലും വിദ്യര്‍ഥികള്‍ക്ക് സിലബസോ അക്കാദമിക് നോട്ടുകളോ ഇതുവരെ നല്‍കിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ചു.

ഡയറക്ടര്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും സ്റ്റുഡന്‍സ് കൗണ്‍സില്‍ പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ സമരത്തെ കുറിച്ച് പ്രതികരിക്കാന്‍ മാനേജ്‌മെന്റോ ഡയറക്ടറോ തയ്യാറായിട്ടില്ല.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രവേശനത്തില്‍ സംവരണം അട്ടിമറിച്ചതിന് പിന്നിലും ശങ്കര്‍ മോഹനാണെന്ന് ദളിത് അപേക്ഷാര്‍ത്ഥികള്‍ ആരോപിക്കുകയും ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

സ്റ്റുഡന്റ് കൗണ്‍സിലിന്റെ പ്രസ്താവന:

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ദളിത് വിഭാഗത്തില്‍ നിന്നും പരിമിതമായ സാഹചര്യങ്ങളെ തന്റെ ഇഛാശക്തികൊണ്ടും കഴിവുകള്‍ കൊണ്ടും അതിജീവിച്ച് രാഷ്ട്രത്തിന്റെ പരമോന്നത പദവിയില്‍ എത്തിച്ചേര്‍ന്ന ഡോ. കെ.ആര്‍. നാരായണന്റെ നാമധേയത്തിലുള്ള ഈ സ്ഥാപനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വിദ്യാര്‍ത്ഥികളോടും സ്റ്റാഫിനോടുമുള്ള ജാതീയമായ വിവേചനങ്ങള്‍ ക്രൂരവും മനുഷ്യത്വ വിശുദ്ധവുമാണ്.

ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന വിവേചനങ്ങളെ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ ശക്തമായി അപലപിക്കുന്നു. ശങ്കര്‍ മോഹന്‍ ഇനിയും സ്ഥാപനത്തിന്റെ അധ്യക്ഷപദവിയില്‍ തുടരുന്നത് സ്ഥാപനത്തിന്റെ അന്തസത്തക്ക് കളങ്കമുണ്ടാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങേയറ്റം അപമാനകരവുമാണ്. ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍പറത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ എത്രയും വേഗം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ഥികള്‍ ഇന്ന് മുതല്‍ (5.12.2022 തിങ്കള്‍) അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോവുകയാണ്.

Content Highlight: Students Strike at KR Narayanan Film Institute against Institute Director