യൂത്ത് ലീഗ് നേതാവായ അധ്യാപകനെതിരായ വിദ്യാര്‍ഥികളുടെ പീഡന പരാതി; കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം
Child Abuse
യൂത്ത് ലീഗ് നേതാവായ അധ്യാപകനെതിരായ വിദ്യാര്‍ഥികളുടെ പീഡന പരാതി; കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം
ജിന്‍സി ടി എം
Wednesday, 5th December 2018, 1:14 pm

 

മലപ്പുറം: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന ആരോപണത്തിന്റെ പേരില്‍ പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടും യൂത്ത് ലീഗ് നേതാവായ അധ്യാപകനെതിരെ നടപടി വൈകാനിടയാക്കിയത് രാഷ്ട്രീയ ഇടപെടലെന്ന വിമര്‍ശനമുയരുന്നു. മലപ്പുറം ചെമ്മങ്കടവ് പി.എം.എസ്.എം.എം.എച്ച്.എസ്.എസിലെ ഉറുദു അധ്യാപകനും യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായ എന്‍.കെ അഫ്‌സല്‍ റഹ്മാനെതിരെയാണ് വിദ്യാര്‍ഥികളുടെ പരാതിയില്‍ കേസെടുത്തത്.

കുട്ടിയെ സംരക്ഷിക്കാന്‍ ചുമതലയുള്ളയാള്‍ ലൈംഗിക ദുരുദ്ദേശത്തോടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതിന് പോക്‌സോ ഒമ്പത്- 10 വകുപ്പ് പ്രകാരമാണ് കേസ്. ഐ.പി.സി 396 -ാം വകുപ്പും ചേര്‍ത്തിട്ടുണ്ട്. രണ്ട് വ്യത്യസ്ത പരാതികളിലാണ് കേസെടുത്തത്. എന്നാല്‍ കേസെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇയാളെ അറസ്റ്റു ചെയ്യുകയോ മേല്‍നടപടികള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ല. ആരോപണവിധേയനായ അധ്യാപകന്‍ ഇതിനകം തന്നെ വിദേശത്തേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ട്.

അധ്യപകനെതിരെ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി ലഭിച്ചപ്പോള്‍ ഇക്കാര്യം മറച്ചുവെച്ച് അധ്യാപകനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ സ്‌കൂളും യൂത്ത് ലീഗും നടത്തിയെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്.

Also Read:വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറി; യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റായ അധ്യാപകനെതിരെ പോക്‌സോ കേസെടുത്തു

വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ ഇക്കാര്യം അറിയിച്ചിരുന്നില്ല. തുടര്‍ന്ന് എസ്.എഫ്.ഐ, ഡി.വി.എഫ്.ഐ സംഘടനകള്‍ വിഷയം ഏറ്റെടുക്കുകയും സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്രിന്‍സിപ്പല്‍ ഇക്കാര്യം പൊലീസില്‍ പരാതിപ്പെട്ടത്. “പൊലീസ് ഈ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് നവംബര്‍ 24ാം തിയ്യതിയാണ്. നവംബര്‍ 23നാണ് ഇതുമായി ബന്ധപ്പെട്ട പരാതികളെല്ലാം ഉയര്‍ന്നുവരുന്നത്. 24ന് രാവിലെ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന് പരാതി കൊടുത്തു. ആ പരാതി പ്രിന്‍സിപ്പല്‍ മറച്ചുവെച്ച സമയത്താണ് എസ്.എഫ്.ഐ ഈ വിഷയം ഏറ്റെടുക്കാന്‍ തയ്യാറായത്. ” പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എ സക്കീര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

എസ്.എഫ്.ഐ നടത്തിയ പ്രതിഷേധമാര്‍ച്ച്

പരാതി നല്‍കിയ വിദ്യാര്‍ഥിനികളെ സമ്മര്‍ദ്ദത്തിലാക്കി കേസ് അട്ടിമറിക്കാനാണ് ലീഗ് ശ്രമമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി മുബഷീര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. കോടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അഫ്‌സല്‍ ജോലി ചെയ്യുന്ന സ്‌കൂളിലെ ഒരു അധ്യാപകനുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു.

” പരാതിപ്പെട്ട 19 കുട്ടികള്‍ പതിനഞ്ചോളം കുട്ടികളെ അവരുടെ മൊഴി രേഖപ്പെടുത്താന്‍ സമ്മതിക്കാതെ വീട്ടിലൊക്കെ പോയി ഭീഷണിപ്പെടുത്തി, പെണ്‍കുട്ടികളാണ്, പരാതിയുമായി മുന്നോട്ടുപോയാല്‍ ഭാവിയില്‍ പ്രതിസന്ധികളുണ്ടാകുമെന്നൊക്കെ പറഞ്ഞ് ഹൈസ്‌കൂള്‍ അധ്യാപകന്‍ ഷാനിബ്, കോടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജി ഈയാളുകളാണ് വ്യാപകമായി വീടുകളില്‍ കയറി സംസാരിച്ചത്. മറ്റൊന്ന് പ്രിന്‍സിപ്പലുടെ വീട്ടില്‍ വച്ചുതന്നെ ഈ ദിവസങ്ങളില്‍ ഒത്തുതീര്‍പ്പ് ശ്രമം നടന്നിട്ടുണ്ട്. പരാതി പൊലീസിന് കൈമാറിയശേഷം പ്രിന്‍സിപ്പല്‍ കുട്ടികളെക്കൊണ്ട് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.” സക്കീര്‍ വ്യക്തമാക്കി.

Also Read:“”ട്രാന്‍സ്‌ജെന്‍ഡെര്‍സിന്റെ കൂടെ പോയാല്‍ “കൂട്ടികൊടുക്കും”, എയ്ഡ്‌സ് പകരും””; സ്റ്റേഷനിലെത്തിയ ട്രാന്‍സ്‌ജെന്‍ഡേര്‍സിനോടും പെണ്‍കുട്ടിയോടും അപമര്യാദ്യയായി പെരുമാറി എറണാകുളം പൊലീസ്

പരാതി നല്‍കിയ കുട്ടികളെ പൊതുമധ്യത്തില്‍ അധിക്ഷേപിക്കുന്ന സമീപനവും വിഷയത്തില്‍ യൂത്ത് ലീഗിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി ആരോപണമുണ്ട്. അധ്യാപകനെതിരെ പീഡനത്തിന് പരാതി നല്‍കിയ കുട്ടികളുടെയും രക്ഷിതാക്കളുടെയും പേരുവിവരം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന ആരോപണമാണ് ഉയര്‍ന്നത്.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പരാതിക്കാരുടെ പേരും തിരിച്ചറിയാന്‍ സാധ്യതയുള്ള വിവരങ്ങളും രഹസ്യമാക്കി സൂക്ഷിക്കണമെന്നാണ് നിയമം എന്നാല്‍ പരാതി നല്‍കിയ കുട്ടികളുടെ പേര് യൂത്ത് ലീഗ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ കൈവശമെത്തിയത് സ്‌കൂളും ലീഗും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വെളിവാക്കുന്നതാണെന്നാണ് എസ്.എഫ്.ഐയും ആരോപിക്കുന്നത്.

പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് യൂത്ത് ലീഗ് സ്വീകരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐയും ആരോപിക്കുന്നു. “മുസ്‌ലിം യൂത്ത് ലീഗ് അയാള്‍ക്കെതിരെ സംഘടനാപരമായ നടപടിയോ മറ്റോ എടുക്കാന്‍ തയ്യാറാവുന്നില്ല. എന്നു പറഞ്ഞാല്‍ അവരെ സംരക്ഷിക്കുന്ന നിലപാടാണ് യൂത്ത് ലീഗ് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളെ സമര്‍ദ്ദത്തിലാക്കി പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ് അവര് നടത്തിക്കൊണ്ടിരിക്കുന്നത്. ” മുബഷീര്‍ പറയുന്നു.

പരാതിക്കാരുടെ വിവരം ലഭിച്ചതിനെക്കുറിച്ച് കഴിഞ്ഞദിവസം യൂത്ത് ലീഗ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നിരുന്നു. “ഇതൊക്കെ ലഭിക്കാനാണോ പ്രയാസം” എന്നായിരുന്നു യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.ടി അഷ്‌റഫ് അന്ന് പ്രതികരിച്ചത്.

Also Read:പോക്‌സോ കേസില്‍ കൂട്ടുപ്രതികള്‍ ജയിലിലിരിക്കെ മുഖ്യ പ്രതിയ്ക്ക് ജാമ്യം; നീതിതേടി ഇരയുടെ കുടുംബം

പരാതിക്കാരായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ചും വാര്‍ത്താസമ്മേളനത്തില്‍ അഷ്‌റഫ് പ്രതികരിച്ചതായി റിപ്പോര്‍ട്ടുണ്ട്. “പരാതി നല്‍കിയ കുട്ടികളെ വിശ്വാസത്തിലെടുക്കാനുള്ള മണ്ടന്‍ സംഘടനയല്ല യൂത്ത് ലീഗ്. അധ്യാപകനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ കുട്ടികളെ ഇരകളായി കാണാനാകില്ല. അധ്യാപകനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ യൂത്ത് ലീഗ് അന്വേഷണ കമ്മീഷനെ നിശ്ചയിച്ചു. 19 പേരില്‍ അഞ്ചുപേര്‍ മാത്രമാണ് പരാതിയില്‍ ഉറച്ചുനിന്നത്. പരാതി ചില സംഘടനകളുടെയും വ്യക്തികളുടെയും ഇടപെടലിലാണെന്ന് കമ്മീഷന്‍ കണ്ടെത്തി.” എന്നും കെ.ടി. അഷ്‌റഫ് അവകാശപ്പെട്ടിരുന്നു.

അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കെ.ടി അഷ്‌റഫ് ഡൂള്‍ന്യൂസിനോടു പറഞ്ഞത്. “പ്രഥമ ദൃഷ്ട്യാ മനസിലായത് ഇതില്‍ ചില രാഷ്ട്രീയ കളികളുണ്ടെന്നാണ്. കൂട്ടമായി ആരോപണം ഉയരുന്ന സ്ഥിതിയാണുണ്ടായത്. എന്‍.എസ്.എസ് ക്യാമ്പുമായുണ്ടായ എന്തോ പ്രശ്‌നങ്ങളും അതില്‍ പറയുന്നുണ്ട്. അതൊക്കെ വരുമ്പോള്‍ അതിനെക്കുറിച്ച് പഠിക്കുന്നുണ്ട്. ഒന്നുരണ്ട് ദിവസംകൊണ്ട് അതിന്റെ കൃത്യമായ നിലപാട് പറയും” എന്നും അഷ്‌റഫ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണങ്ങളും അദ്ദേഹം തള്ളി. “കേസ് നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്നതാണ് യൂത്ത് ലീഗ് നിലപാട്. അധ്യാപകനെതിരെ ഇപ്പോള്‍ ആരോപണം മാത്രമാണ് ഉയര്‍ന്നത്. പ്രതിയാക്കപ്പെട്ടാല്‍ സംഘടനയില്‍ നിന്ന് പുറത്താക്കും.” അദ്ദേഹം പറഞ്ഞു.

നേരത്തെ പലതവണ സ്‌കൂളിലെ വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയ ആളാണ് അഫ്‌സല്‍ എന്നാണ് വിദ്യാര്‍ഥി സംഘടന നേതാക്കള്‍ പറയുന്നത്. ചില കുട്ടികള്‍ സ്‌കൂളധികൃതരെ പരാതി അറിയിച്ചെങ്കിലും അത് ഒതുക്കിതീര്‍ക്കുകയാണുണ്ടായത്. നവംബര്‍ ആറിന് സ്‌കൂളില്‍ എസ്.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ മറ്റൊരു സ്‌കൂളില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇക്കാര്യം പുറത്തറിഞ്ഞതിനു പിന്നാലെയാണ് സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ അധ്യാപകനെതിരെ സമാനമായ പരാതിയുമായി രംഗത്തെത്തിയത്.

അധ്യാപകന്‍ ഇപ്പോള്‍ ഒളിവിലാണെന്നും അതിനാലാണ് അറസ്റ്റു വൈകുന്നതെന്നാണ് മലപ്പുറം പൊലീസ് ഡൂള്‍ന്യൂസിനോടു പറഞ്ഞത്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.