എഡിറ്റര്‍
എഡിറ്റര്‍
എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള അവഗണന: കാസര്‍ഗോഡ് പ്രതിഷേധം രൂക്ഷം
എഡിറ്റര്‍
Monday 25th March 2013 5:11pm

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരോടുള്ള സര്‍ക്കാറിന്റെ അനാസ്ഥയില്‍ കാസര്‍ഗോഡ് പ്രതിഷേധം രൂക്ഷമാകുന്നു. യുവജന സംഘടനകളുടെയും സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. കാസര്‍ഗോഡ് കരിദിനം ആചരിക്കുകയാണ്.

Ads By Google

ഇവരുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ്-മംഗലാപുരം ദേശീയ പാത ഉപരോധിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം, ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗം അല്‍പ്പ സമയത്തിനുള്ളില്‍ നടക്കാനിരിക്കുകയാണ്. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മന്ത്രിമാരും വിവിധ വകുപ്പ് തലവന്മാരും പങ്കെടുക്കും. ഇന്ന് വൈകീട്ട് അഞ്ചിനാണ് യോഗം.

യോഗത്തിലേക്ക് സമരസമിതി നേതാക്കളെ വിളിക്കാത്തത് പ്രതിഷേധത്തിന്  ഇടയാക്കിയിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്നും ചര്‍ച്ചയ്ക്ക് സമരക്കാരെ വിളിക്കാഞ്ഞത് ശരിയായില്ലെന്നും വി.എം സുധീരന്‍ കുറ്റപ്പെടുത്തി.

ദുരന്തബാധിതരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇന്ന് ചേരുന്ന യോഗത്തില്‍ പരിഹാരമാകുമെന്ന് മുഖ്യമന്ത്രി ഇന്നലെ ഉറപ്പ് നല്‍കിയിരുന്നു. സമരക്കാരെ ഒഴിവാക്കി നടത്തുന്ന ചര്‍ച്ച പ്രഹസനമാണെന്ന് സമരസമിതി ആരോപിച്ചിരുന്നു.

ഗ്രോ വാസു, കെ. അജിത, മോയിന്‍ ബാപ്പു, എ. മോഹന്‍ കുമാര്‍ എന്നിവര്‍ നിരാഹാരം കിടക്കുകയാണ്. എ. മോഹന്‍ കുമാറിന്റെ നിരാഹാരം 22 ാം ദിവസത്തിലേക്ക് കടന്നു. നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യം മോശമായ മോഹന്‍ കുമാര്‍ ആശുപത്രയിലും നിരാഹാരം തുടരുകയാണ്.

Advertisement