കേരളത്തിലെ കൊവിഡ് വ്യാപനത്തിന് കാരണമായത് സമരങ്ങളോ?; പ്രതിപക്ഷം ആള്‍ക്കൂട്ടസമരം അവസാനിപ്പിക്കുമ്പോഴും ബാക്കിയാകുന്ന വിവാദങ്ങള്‍
Covid19
കേരളത്തിലെ കൊവിഡ് വ്യാപനത്തിന് കാരണമായത് സമരങ്ങളോ?; പ്രതിപക്ഷം ആള്‍ക്കൂട്ടസമരം അവസാനിപ്പിക്കുമ്പോഴും ബാക്കിയാകുന്ന വിവാദങ്ങള്‍
കവിത രേണുക
Wednesday, 30th September 2020, 12:00 pm

സംസ്ഥാനത്ത് നടത്തിപ്പോന്നിരുന്ന ആള്‍ക്കൂട്ട സമരങ്ങളും വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ നടത്തുന്ന സമരവും അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം യു.ഡി.എഫ് നേതൃത്വം അറിയിക്കുകയുണ്ടായി. ബി.ജെ.പിയും ആള്‍ക്കൂട്ട സമരങ്ങള്‍ ഉണ്ടാകില്ല, പക്ഷെ പ്രതിഷേധങ്ങള്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പ്രതിപക്ഷം കടന്നിരിക്കുന്നത്. വീണ്ടുമൊരു അടച്ചിടലിന് സമാനമായ അവസ്ഥയിലേക്ക് പോകേണ്ടിവരുമെന്ന് ഭീഷണി ഉയരുന്നതിനാല്‍ തന്നെ സംസ്ഥാനം ഒരു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അതിനോട് സഹകരിക്കുമെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സര്‍വ്വകക്ഷിയോഗത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും യു.ഡി.എഫ് നേതൃത്വം ലോക്ക് ഡൗണ്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം ആള്‍ക്കൂട്ട സമരങ്ങളാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് ആക്കം കൂട്ടിയതെന്ന വിമര്‍ശനം നേരത്തേ ഉയര്‍ന്നു വന്നതാണ്. ഓഗസ്റ്റ്-സെപ്തംബര്‍ മാസത്തിലാണ് സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടും മന്ത്രി ജലീലിനെതിരെയുള്ള ആരോപണങ്ങളിലും പ്രതിപക്ഷം സമരങ്ങള്‍ ആരംഭിക്കുന്നത്. ഇതേ മാസത്തിലാണ് സംസ്ഥാനത്ത് കൊവിഡ് കേസുകളും കൊവിഡ് ബാധിച്ചുള്ള മരണങ്ങളും കൂടുതല്‍ നടന്നിട്ടുള്ളത്. ഇതിന് പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് സമരങ്ങളാണ് എന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഭരണപക്ഷത്തുനിന്നുള്ളവര്‍ പ്രധാനമായും ഉന്നയിക്കുന്നത്.

എന്നാല്‍ സമരങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യപരമായ അവകാശങ്ങളാണെന്നിരിക്കെ കൊവിഡ് വ്യാപനത്തിന് മുഖ്യകാരണം സമരങ്ങളാണ് എന്ന് വരുത്തി തീര്‍ക്കുന്നതില്‍ രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ എന്‍. പി ചേക്കുട്ടി പറയുന്നത്.

കൊവിഡിനെ നിയന്ത്രിക്കുന്നതില്‍ ഭരണപക്ഷം നേരിട്ട പരാജയം മറയ്ക്കുന്നതിനാണ് സമരങ്ങളാണ് എല്ലാത്തിനും കാരണമെന്ന തരത്തില്‍ സര്‍ക്കാര്‍ പ്രചരണം നടത്തുന്നതെന്നും ചേക്കുട്ടി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘കൊവിഡ് വ്യാപനത്തിന് കാരണം പ്രതിപക്ഷ സംഘടനകളുടെ സമരങ്ങളും പ്രക്ഷോഭങ്ങളുമാണെന്ന് മുഖ്യമന്ത്രിയും വിവിധ രാഷ്ട്രീയ നേതാക്കളും കഴിഞ്ഞ കുറെ നാളുകളായി ആരോപണം ഉന്നയിക്കുന്നുണ്ട്. കേരളത്തില്‍ കൊവിഡ് വ്യാപനത്തിന് പിന്നില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഇത് വസ്തുതാ വിരുദ്ധമായ ആരോപണമാണ്. കേരളത്തില്‍ കൊവിഡ് വ്യാപനത്തിന്റെ കാരണങ്ങള്‍ സമരങ്ങളുമായി മാത്രം ചേര്‍ത്ത് കാണുന്നത് ശരിയല്ല. വിവിധ വ്യാപാര കേന്ദ്രങ്ങളിലും മറ്റും ഇത് പടര്‍ന്ന് പിടിക്കുന്നതിന് കാരണം സമരങ്ങളാണോ? കോഴിക്കോട് വലിയങ്ങാടിയിലെ കച്ചവട കേന്ദ്രങ്ങളിലുണ്ടായ നിയന്ത്രണമില്ലായ്മ അവിടെ കൊവിഡ് വ്യാപനം കൂട്ടുന്നതിന് കാരണമായിട്ടുണ്ട്. അതുപോലെ തിരുവനന്തപുരത്തെ വിഴിഞ്ഞത്തുണ്ടായ വ്യാപനവും. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രശ്നങ്ങളും പ്രാദേശിക സര്‍ക്കാര്‍ ഏജന്‍സികളുടെ തന്നെ നിയന്ത്രണത്തിലുണ്ടായിരുന്ന അപാകതകളുമാണ് കൊവിഡ് വ്യാപനത്തിന് കാരണമായത്.

എവിടെയൊക്കെ കൊവിഡ് പെട്ടെന്ന് പടര്‍ന്നിട്ടുണ്ടോ, എവിടെയൊക്കെ ക്ലസ്റ്ററുകളുണ്ടായിട്ടുണ്ടോ അവിടെയൊന്നും സമരങ്ങളുണ്ടായിട്ടില്ല എന്നതാണ് വസ്തുത. അതായത് ഈ ആരോപണങ്ങളുടെ പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളാണ്. തങ്ങളുടെ ഭരണത്തിലുണ്ടായിട്ടുള്ള പരാജയം മറച്ച് വെക്കാന്‍ വേണ്ടി കുറ്റം പ്രതിപക്ഷത്തിന് മേല്‍ ചുമത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. മാത്രമല്ല മന്ത്രി സഭയില്‍ എത്രപേര്‍ക്ക് കൊവിഡ് പിടിപെട്ടിട്ടുണ്ട്? സമരങ്ങള്‍ നടക്കുന്നതാണ് കൊവിഡിന് വ്യാപനത്തിന് പ്രധാന കാരണമെന്ന് പറയുന്നത് തന്നെ അസംബന്ധമാണ്,’ ചേക്കുട്ടി പറഞ്ഞു.

കേരളത്തില്‍ മാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളിലായി സമരങ്ങള്‍ നടക്കുന്നുണ്ടെന്നും കൊവിഡിന്റെ പേരു പറഞ്ഞ് സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് കൂടി പറഞ്ഞു വെക്കുകയാണ് അദ്ദേഹം.

‘കേരളത്തില്‍ മാത്രമല്ല സമരങ്ങള്‍ നടക്കുന്നത്. ഇന്ത്യയില്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. അമേരിക്കയില്‍ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന പേരില്‍ കറുത്ത വര്‍ഗക്കാരുടെ വളരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. ഇതുപോലെ ലോകത്തിന്റെ പലഭാഗങ്ങളിലും വളരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

കൊവിഡിനെ സംബന്ധിച്ച ഉത്കണ്ഠ നിലനില്‍ക്കുന്ന സമയത്ത് തന്നെയാണ് ജര്‍മനിയില്‍ പ്രതിഷേധം ആരംഭിക്കുന്നത്. സുപ്രീംകോടതിയില്‍ കേസ് വന്ന സമയത്ത് അവര്‍ പറഞ്ഞത് ഒരു കാരണവശാലും പൗരാവകാശങ്ങള്‍ക്ക് മേലെയല്ല ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ എന്നാണ്. ആരോഗ്യ പരിരക്ഷ വളരെ പ്രധാനമാണ്. പക്ഷെ അതിനേക്കാള്‍ പ്രധാനമാണ് പൗരന്മാരുടെ ജനാധിപത്യ പരമായ അവകാശങ്ങള്‍ എന്നാണ് ജര്‍മന്‍ സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. ഇതു തന്നെയാണ് ആഗോളതലത്തിലുള്ള നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാവരും പറയുന്നത്. എന്നാല്‍ കേരള ഹൈക്കോടതി മാത്രമാണ് ഇതിന് വിപരീതമായി പറയുന്നത്,’എന്‍. പി ചേക്കുട്ടി പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം ഒന്നോ രണ്ടോ ആളുകള്‍ക്ക് അസുഖം പിടിക്കുന്നതല്ല, മറിച്ച് ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രതിപക്ഷ സമരങ്ങള്‍ക്ക് കൊവിഡ് വ്യാപനത്തില്‍ മുഖ്യമായ പങ്കുണ്ടെന്നാണ് സി.പി.ഐ.എം നേതാവ് എം. ബി രാജേഷ് പറയുന്നത്. ആദ്യ ആറുമാസം കൊവിഡ് കേസുകള്‍ ഉണ്ടായതിന്റെ എട്ടിരട്ടി കേസുകളാണ് കഴിഞ്ഞ രണ്ട് മാസം കൊണ്ട് കേരളത്തിലുണ്ടായിരിക്കുന്നതെന്നും ഈ രണ്ട് മാസങ്ങളിലാണ് പ്രതിപക്ഷ സമരങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നും എം. ബി രാജേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘സമരങ്ങള്‍ എങ്ങനെയാണ് കൊവിഡ് വ്യാപനത്തെ ബാധിച്ചതെന്ന് ജനുവരി 30 മുതല്‍ ജൂലൈ 31 വരെയുള്ള ആദ്യ ആറുമാസത്തെ കണക്കെടുത്താല്‍ തന്നെ മനസിലാകും. ആദ്യ ആറുമാസത്തില്‍ 22303 പേര്‍ക്കായിരുന്നു ആകെ കൊവിഡ് ബാധിച്ചത്. എഴുപത് പേരാണ് കൊവിഡ് ബാധിച്ച് കേരളത്തില്‍ ആകെ മരിച്ചത്. എന്നാല്‍ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളായപ്പോഴേക്കും സ്വര്‍ണക്കടത്ത്, ജലീല്‍ എന്നീ വിഷയങ്ങളുന്നയിച്ച് തെരുവില്‍ പ്രക്ഷോഭങ്ങളും സമരങ്ങളും തുടങ്ങി. ഇതോടെ അടുത്ത രണ്ട് മാസത്തില്‍ രോഗവ്യാപനം നേരത്തെ ഉണ്ടായിരുന്നതിന്റെ എട്ടിരട്ടിയായും മരണം പത്തിരട്ടിയായും വര്‍ധിച്ചു.

ആരും സമരത്തിനോ പ്രതിഷേധങ്ങള്‍ക്കോ എതിരല്ല. അത് നടക്കേണ്ടതുമാണ്. പക്ഷെ ഈ സാഹചര്യത്തില്‍ നടത്തുന്ന സമരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി രോഗം പകരുന്നതിന് കാരണമാകും. ഇങ്ങനെ സമരം നടത്താനാണെങ്കില്‍ ‘നമ്മളെന്തിനാണ് വീട്ടിലിക്കുന്നത്? എന്തിനാണ് സാമൂഹ്യ അകലം പാലിക്കുന്നത്?’ എന്നൊരു ചിന്ത ആളുകളിലുണ്ടാകും.

വാളയാറില്‍ ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവരെ പാസില്ലാതെ കയറ്റിവിടണമെന്ന് പറഞ്ഞ് സമരം ചെയ്തതും കോണ്‍ഗ്രസിന്റെ എം.പിമാരും എം.എല്‍.എമാരുമാണ്. പാസില്ലാതെ പലരെയും കയറ്റിവിട്ടുവെന്ന് അവര്‍ തന്നെ അവകാശപ്പെട്ടു. വാളയാര്‍ സമരത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ സമരക്കാരില്‍ നിന്ന് കൊവിഡ് ബാധിക്കുന്ന സ്ഥിതിയുണ്ടായി.

കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ കേരളം കൈവരിച്ച നേട്ടത്തെയെല്ലാം അവതാളത്തിലാക്കണം, പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെടണം രോഗവ്യാപനം കൂടണം തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടിയെന്ന ആത്മസംതൃപ്തി കൊണ്ടായിരിക്കാം പ്രതിപക്ഷ നേതാവ് ഇനി സമരമൊന്നും നടത്തില്ലാ എന്ന് പറയുന്നത്. ഇനി നടത്തിയാലും നടത്തിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല, അവര്‍ ചെയ്യേണ്ട ഉപദ്രവമെല്ലാം ചെയ്തിട്ടുണ്ട്. ഇതുവരെ ഉണ്ടായിരുന്ന രണ്ട് മാസം കൊണ്ട് രോഗവ്യാപനം എട്ട് ഇരട്ടിയും മരണം പത്തിരട്ടിയും കൂടിയതിന്റെ വിശദീകരണം പ്രതിപക്ഷം ആണ് നല്‍കേണ്ടത്,’ എം. ബി രാജേഷ് പറഞ്ഞു.

സമരത്തില്‍ പങ്കെടുത്ത, സമരത്തിന് നേതൃത്വം കൊടുത്ത പലര്‍ക്കും കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സ്ഥിതിയുണ്ടായി. രോഗം വരുന്നത് സംഘടന നോക്കിയോ പാര്‍ട്ടി നോക്കിയോ അല്ല. സി.പി.ഐ.എമ്മിലെ ആളുകള്‍ക്കും രോഗം വന്നിട്ടുണ്ട്. മന്ത്രിമാര്‍ക്ക് വന്നിട്ടുണ്ട്. പക്ഷെ അവരാരും ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ പോയി നിന്ന് രോഗം കൂടുതല്‍ പേര്‍ക്ക് കൊടുത്തിട്ടില്ല. രോഗം ആര്‍ക്ക് വന്നാലും അതൊരു കുറ്റമല്ല. പക്ഷെ രോഗം പടര്‍ത്തുന്നത് ഒരു കുറ്റമാണ്. ആരും സമരത്തിനോ പ്രക്ഷോഭത്തിനോ എതിരല്ല. അവര്‍ക്കതിനുള്ള അവകാശമുണ്ട്. അതിനെ മാനിക്കുകയും ചെയ്യുന്നു. പക്ഷെ സമരങ്ങളൊക്കെയും പ്രോട്ടോകോള്‍ പാലിക്കാതെ ചെയ്യാനുള്ള വാശി എന്തിനായിരുന്നെന്നും രാജേഷ് ചോദിക്കുന്നു.

സമരങ്ങളുടെ കാര്യത്തില്‍ ബി.ജെ.പിയും ഒട്ടും പിറകിലല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് മറ്റു പലയിടങ്ങളിലും സമരങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അവിടങ്ങളിലൊന്നും പ്രതിപക്ഷം ഇതുപോലെ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സമരങ്ങളുടെ കാര്യത്തില്‍ ബി.ജെ.പിയും ഒട്ടും പിന്നിലല്ലാ എന്നത് കാണണം. ബി.ജെ.പിയുടെ ഒരു നേതാവ് ഞങ്ങള്‍ മാസ്‌ക് വലിച്ചെറിയും എന്ന് ഒരു ചര്‍ച്ചയില്‍ ആക്രോശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍ മോഹന്‍ റോയ് ആ ചര്‍ച്ചയിലുണ്ടായിരുന്നു. നിങ്ങളെപോലുള്ളവര്‍ ഇങ്ങനെ പറയരുതെന്ന് അദ്ദേഹം കൈകൂപ്പിക്കൊണ്ട് അപേക്ഷിക്കുകയുണ്ടായി. ഇത് കേരളം മുഴുവന്‍ കണ്ടതാണ്.

 

ബി.ജെ.പിയുടെ പ്രസിഡന്റ് പറഞ്ഞത് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും ഞങ്ങള്‍ സമരം ചെയ്യുമെന്നാണ്. ഉത്തരവാദിത്തത്തിന്റെ ഒരു കണികയുണ്ടെങ്കില്‍ ഇവര്‍ ഇങ്ങനെ ആക്രോശിക്കുമായിരുന്നോ? എന്നിട്ടിപ്പോള്‍ എല്ലാം ഭരണ പരാജയം എന്ന് പറയുന്നത് എന്തിനാണെന്ന് വ്യക്തമല്ലേ. രോഗവ്യാപനമുണ്ടാക്കുക, എന്നിട്ട് അതിന്റെ കുറ്റം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കുക എന്നതാണിവരുടെ ലക്ഷ്യം.

മനുഷ്യ വിരുദ്ധരും സാമൂഹ്യ ദ്രോഹികളുമാണ് കേരളത്തിലെ പ്രതിപക്ഷം. എവിടെയും പ്രതിപക്ഷം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. കോണ്‍ഗ്രസും ബി.ജെ.പിയും ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളുമില്ലേ? അവിടെ എവിടെയാണ് പ്രതിപക്ഷം ഇങ്ങനെ പെരുമാറിയിട്ടുള്ളത്? പിന്നെ ലോകത്ത് സമരങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്നുണ്ട്. ഒന്നും പക്ഷെ ഇത്ര നീണ്ടു നിന്നിരുന്നതല്ല. അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടപ്പോള്‍ സമരം നടന്നു. അതും ഇതും സമാനമായ ഒന്നല്ല. അത് പെട്ടെന്നുണ്ടായ ദാരുണമായ ഒരു സംഭവത്തിന്മേലുണ്ടായ പ്രതികരണമാണ്. അത് പോലെയാണോ കേരളത്തില്‍ നടന്നത്. അത് മനഃപൂര്‍വം ചെയ്യുന്നതല്ലേ. അതിനെയും ഇതിനെയും താരതമ്യപ്പെടുത്തുന്നത് ഒട്ടും ഭൂഷണമല്ല,’ രാജേഷ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കേരളത്തില്‍ പ്രതിപക്ഷ സമരങ്ങളാണ് കൊവിഡ് വ്യാപനത്തിന് കാരണമായതെങ്കില്‍ അതിന്റെ ശാസ്ത്രീയമായ കണക്കുകള്‍ മുന്നില്‍ വെക്കണമെന്ന് ശബരീനാഥന്‍ എം.എല്‍.എ ആവശ്യപ്പെടുന്നു. ഈ സമയത്ത് സമരങ്ങള്‍ ഒഴിവാക്കിക്കൊണ്ട് യു.ഡി.എഫ് എടുത്തിരിക്കുന്ന തീരുമാനം മാതൃകാപരമാണെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഇപ്പോള്‍ കേരളത്തിലുള്ള രാഷ്ട്രീയ വിഷയങ്ങളും രാജ്യത്തൊട്ടാകെയുള്ള രാഷ്ട്രീയ വിഷയങ്ങളും കാരണം കൂടുതല്‍ സമരങ്ങളിലേക്ക് പോകേണ്ട ഒരു കാലഘട്ടം തന്നെയാണിത്. സ്വര്‍ണക്കടത്തും ലഹരിക്കടത്തും ലൈഫ് മിഷനും കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലും തൊഴിലാളി വിരുദ്ധ ബില്ലുമെല്ലാം ജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. ജനങ്ങളിലേക്ക് അത് എത്തിക്കുകയും അതിനോടുള്ള പ്രതിഷേധം ജനാധിപത്യപരമായ രീതിയില്‍ നടത്തേണ്ടത് അനിവാര്യവുമാണ്. പക്ഷെ ഇപ്പോള്‍ മാതൃകാപരമായ ഒരു തീരുമാനമാണ് യു.ഡി.എഫ് എടുത്തിരിക്കുന്നത്.

കൊവിഡിന്റെ ആദ്യഘട്ടത്തില്‍ വളരെ മാതൃകാപരമായി നിയമപരമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടുള്ള സമരങ്ങളാണ് നടത്തിയത്. അത് കഴിഞ്ഞ് അണ്‍ലോക്ക് പ്രക്രിയയ്ക്ക് ശേഷം കൂടുതല്‍ ഇളവുകള്‍ വന്നപ്പോള്‍ ആ സമയത്ത് ഉടലെടുത്ത രാഷ്ട്രീയ വിഷയങ്ങള്‍ കാരണമാണ് സമരങ്ങള്‍ തെരുവിലേക്കിറങ്ങിയത്. തെരുവിലെ സമാധാനപരമായ സമരങ്ങളെയും സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു. എന്നാല്‍ സമരങ്ങള്‍ കാരണം കൊവിഡ് വ്യാപനമുണ്ടായെന്ന് നമുക്ക് ആധികാരികമായി പറയാന്‍ സാധിക്കില്ല. അങ്ങനെ പറയണമെങ്കില്‍ അങ്ങനെ ഒരു കണക്കുകള്‍ നിരത്തി സര്‍ക്കാര്‍ ഇത്രയും രോഗങ്ങളുണ്ടായെന്ന് പറയണം.

കഴിഞ്ഞ ഒന്നരമാസമായി കേരളത്തിന്റെ ടെസ്റ്റിംഗിന്റെ എണ്ണം കൂടിയിട്ടുണ്ട്. കേരളത്തില്‍ കൊവിഡിന്റെ എണ്ണം കൂടുമെന്ന് സര്‍ക്കാര്‍ സ്പ്രിംക്‌ളര്‍ വിഷയത്തില്‍ സത്യവാങ്മൂലം നല്‍കിയപ്പോള്‍ പറഞ്ഞിരുന്നു. 80 ലക്ഷം ആളുകള്‍ക്ക് കൊവിഡിന്റെ ആഘാതമുണ്ടാകുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടാവുമെന്ന് ആരോഗ്യമന്ത്രിയും പറഞ്ഞിരുന്നു. അപ്പോള്‍ കൊവിഡ് കേരളത്തില്‍ കൂടുമെന്നുള്ളത് സാങ്കേതികമായും ശാസ്ത്രീയമായും അറിയാം. അത് കൂടുന്നതിനെ പ്രതിപക്ഷത്തിന്റെ തലയില്‍ വെക്കുന്നത് ഈ വിഷയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുവാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്.

ഇപ്പോള്‍ യു.ഡി.എഫ് ആള്‍ക്കൂട്ട സമരങ്ങള്‍ ഇല്ലാ എന്ന് പറഞ്ഞത് വീണ്ടും നമ്മള്‍ ലോക്ക്ഡൗണിലേക്ക് പോകുന്നതിന് സമാനമായ സാഹചര്യം ഉള്ളത് കൊണ്ടാണ്. അത് ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷമെന്ന രീതിയില്‍ മനസിലാക്കിയാണ് ആ തീരുമാനം എടുത്തത്. പക്ഷെ ആ തീരുമാനത്തിന്റെ മെറിറ്റ് അംഗീകരിക്കാന്‍ ഇടതുപക്ഷത്തിനും ബി.ജെ.പിക്കും കഴിഞ്ഞിട്ടില്ല. അത് യു.ഡി.എഫിന് മാത്രമേ കഴിഞ്ഞിട്ടുള്ളു,’ ശബരീനാഥന്‍ പറഞ്ഞു.

ഇവിടെ ശാസ്ത്രീയമായ ഒരു പഠനം നടത്തി സമരങ്ങളിലൂടെ എത്രപേര്‍ക്ക് കൊവിഡ് ഉണ്ടായെന്നുള്ളത് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഓണത്തിനും പെരുന്നാളിനും ആളുകള്‍ റോഡില്‍ ഇറങ്ങുന്നത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടെന്ന് കൊവിഡിന്റെ വിദഗ്ധ കമ്മിറ്റി തന്നെ വിലയിരുത്തിയിട്ടുണ്ട്. പലയിടത്തും ആള്‍ക്കൂട്ട സമരങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവം തന്നെയാണ്. പക്ഷെ അതിന് കാരണം കേവലം പ്രതിപക്ഷ സമരങ്ങള്‍ മാത്രമാണ് എന്ന് പറയുന്നത് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയമാണെന്നും ശബരീനാഥന്‍ എം.എല്‍.എ പറഞ്ഞു.

എന്നാല്‍ സമരങ്ങളാണ് കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന് പറയണമെങ്കില്‍ ശാസ്ത്രീയമായ രീതിയിലുള്ള വിലയിരുത്തല്‍ ആവശ്യമാണെന്നാണ് ഡോക്ടര്‍ ജയകൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ആള്‍ക്കൂട്ട സമരങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം വിലയിരുത്തുന്നു.

കൊവിഡ് 19 മഹാമാരിയിലൂടെയാണ് ലോകം ഇപ്പോള്‍ കടന്ന് പോകുന്നത്. കേരളവും അതില്‍ നിന്ന് വിഭിന്നമല്ല. നമ്മള്‍ കൂടുതല്‍ മുദ്രാവാക്യം വിളിക്കുക, ശബ്ദമെടുത്ത് സംസാരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അടുത്തുള്ളയാള്‍ വാഹകനാണെങ്കില്‍ അത് മറ്റേയാള്‍ക്ക് കൂടി പകരാനുള്ള സാധ്യതയുണ്ട്. അതായത് പേഴ്സണല്‍ കോണ്‍ടാക്ട് ഉണ്ട്. അത്കൊണ്ട് സമരങ്ങളാവട്ടെ, ആഘോഷങ്ങളാവട്ടെ, ആളുകൂടുന്ന ഏത് അവസരങ്ങളും എപ്പോഴും കൊവിഡ് കൂട്ടാനാണ് സഹായിക്കുക. അതിന് ആളുകള്‍ കൂടുന്ന അവസരങ്ങള്‍ ഒഴിവാക്കുക എന്നതാണ്. ശാരീരിക അകലമാണ് പ്രധാനം. രണ്ടാമതാണ് മാസ്‌കും കൈകള്‍ കഴുകലും ഒക്കെ വരുന്നത്.

ആള്‍ക്കാര്‍ കൂടുന്നത് കൊവിഡിന് കാരണമായേക്കാം. എന്നാല്‍ സമരങ്ങള്‍ കൊവിഡ് കൂടുന്നതിന് കാരണമായിട്ടുണ്ട് എന്ന് ഉറപ്പിക്കുന്നതിന് ശാസ്ത്രീയമായി അത് വിലയിരുത്തേണ്ടതുണ്ട്. സമരം ചെയ്തവരിലും പൊലീസുകാരിലും എത്രപേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട് എന്ന് നോക്കേണ്ടി വരും. അതേസമയം ആളുകള്‍ മുദ്രാവാക്യം വിളിച്ചും മറ്റും പോകുമ്പോഴും ഫ്രീ ആയി ഇടപെടുമ്പോഴും ഇത് പടരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല,’ ഡോ. ജയകൃഷ്ണന്‍ പറഞ്ഞു.

സമരങ്ങള്‍ മീഡിയയിലൂടെയും പത്രങ്ങളിലൂടെയും കാണുമ്പോള്‍ സാധാരണക്കാര്‍ക്ക് ഇത് വളരെ നോര്‍മല്‍ ആയ ഒരു സാഹചര്യത്തിലെത്തി എന്ന തോന്നലുണ്ടാക്കുമെന്നും ജയകൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് നിയന്ത്രണങ്ങള്‍ ലംഘിക്കാനും പുറത്ത് പോകാനുമുള്ള സാധ്യതയെ വര്‍ധിപ്പിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു.

സമരങ്ങള്‍ ശക്തമായ പ്രതിരോധ മാര്‍ഗങ്ങളാണെന്നിരിക്കിലും കൊവിഡ് കാലത്ത് ആളുകള്‍ കൂടാത്ത സമര മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Strikes amid covid lead to the super spread of illness in Kerala; An analysis

കവിത രേണുക
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ