| Saturday, 21st January 2012, 10:48 am

തൊഴിലാളികള്‍ യൂണിയനുണ്ടാക്കി; കോഴിക്കോട് ആലപ്പാട്ട് ജ്വല്ലറി അടച്ചുപൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എല്ലാവര്‍ക്കും സംഘടന…

മുതലാളിക്കും സംഘടന…

ഞങ്ങള്‍ക്കെന്താ പാടില്ലേ…

കോഴിക്കോട് ആലപ്പാട്ട് ജ്വല്ലറിക്ക് മുന്നില്‍ കഴിഞ്ഞ അഞ്ച് ദിവസമായി ഉയരുന്ന മുദ്രാവാക്യങ്ങളാണിത്. 18 ഓളം തൊഴിലാളികള്‍ രാവിലെ ഇവിടെയെത്തും. പൂട്ടിയിട്ട ജ്വല്ലറിക്ക് മുന്നില്‍ ഇരുന്ന് വൈകീട്ട് വരെ ഉറക്കെ മുദ്രാവാക്യം വിളിക്കും. തൊഴിലാളി സമരം ചെയ്ത് പൂട്ടിച്ചതല്ല, ഈ സ്ഥാപനം. അങ്ങിനെ ഒരു പ്രത്യേക ആവശ്യവും അവര്‍ മുതലാളിക്ക് മുന്നില്‍വെച്ചിട്ടുണ്ടായിരുന്നില്ല. ഒരു “കുറ്റം” മാത്രമാണ് അവര്‍ ചെയ്തത്. അവര്‍ സംഘടിച്ചു. അവര്‍ സി.ഐ.ടി.യുവിന്റെ കീഴിലുള്ള കൊമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയനില്‍ അംഗങ്ങളായി.

ഡിസംബര്‍ 30നാണ് ആലപ്പാട്ട് ജ്വല്ലറിയുടെ മുതലാളിമാര്‍ തൊഴിലാളികള്‍ കാണിച്ച “അനുസരണക്കേടി”നെക്കുറിച്ച് വിവരം അറിയുന്നത്. 31ന് രാവിലെ സ്ഥാപനം തുറന്നു പ്രവര്‍ത്തിച്ചു. പക്ഷെ, മുതലാളി ചിലത് തീരുമാനിച്ചിരുന്നു. ഇനി തൊഴിലാളികള്‍ പൊന്നും വളയും ആര്‍ക്കും എടുത്തുകൊടുക്കേണ്ട. കടയിലെത്തിയ കസ്റ്റമേഴ്‌സിനെ മുതലാളിയുടെ ശിങ്കിടിമാര്‍ സ്വന്തം ക്യാബിനിലേക്ക് വിളിച്ചുകൊണ്ടുപോയി കച്ചവടം നടത്തി. തൊഴിലാളികളെ നോക്കുകുത്തികളാക്കി. ജനുവരി ഒന്നിന് പുതുവത്സര ദിനം കഴിഞ്ഞ് രണ്ടിന് തൊഴിലാളികള്‍ കടയിലെത്തിയപ്പോള്‍ ഷട്ടറുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ചുറ്റും പോലീസ് സന്നാഹവും നിലയുറപ്പിച്ചിരിക്കുന്നു. അതെ, തൊഴിലാളികള്‍ സംഘടനയുണ്ടാക്കിയെങ്കില്‍ തങ്ങള്‍ സ്ഥാപനം തുറക്കില്ലെന്ന് ആലപ്പാട്ട് മുതലാളിമാര്‍ തീരുമാനിച്ചു.

മുതലാളിമാര്‍ ഒരുങ്ങിത്തന്നെയായിരുന്നു. എറണാകുളത്തെ ഹെഡ്ഡാപ്പാസില്‍ നിന്ന് കോഴിക്കോട് പോലീസ് കമ്മീഷണര്‍ക്ക് വിളി വന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. തൊഴിലാളികള്‍ എല്ലാ ദിവസവും ജ്വല്ലറിയിലെത്തും, പതിവു പോലെ മുതലാളി കട അടച്ചിടും. ഒരാഴ്ചയോളം ഈ സ്ഥിതി തുടര്‍ന്നു. ഇതിനിടെ സി.ഐ.ടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റുമായി ചര്‍ച്ചക്ക് നീക്കം തുടങ്ങി. തുടര്‍ന്ന് ആലപ്പാട്ട് മുതലാളിയും മകനും യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. തൊഴിലാളികള്‍ യൂണിയനില്‍ അംഗമാകുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന പിടിവാശിയിലായിരുന്നു മാനേജ്‌മെന്റ്. നിലവിലുള്ള തൊഴിലാളികളില്‍ തങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഈ തൊഴിലാളികളെ വെച്ച് സ്ഥാപനം നടത്താന്‍ കഴിയില്ലെന്നും മാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കി. എന്താണ് വിശ്വാസം നഷ്ടപ്പെടാന്‍ കാരണമെന്നു ചോദിച്ചപ്പോള്‍ വ്യക്തമായ കാരണങ്ങളൊന്നും പറയാനുണ്ടായിരുന്നില്ല. തുടര്‍ന്ന് തൊഴിലാളികളോട് സ്വയം പിരിഞ്ഞുപോകണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. തൊഴിലാളികള്‍ പറ്റില്ലെന്ന് പറഞ്ഞു.

തുടര്‍ന്നാണ് ജനുവരി 13ന് കോഴിക്കോട് മാവൂര്‍ റോഡിലെ ആലപ്പാട്ട് ഫാഷന്‍ ജ്വല്ലറിയ്ക്ക് മുന്നില്‍ ചുവന്ന കൊടികെട്ടി അവര്‍ സമരം തുടങ്ങിയത്. ഇപ്പോഴുള്ള തൊഴിലാളികളെ പിരിച്ചുവിട്ട് പുതിയ ജീവനക്കാരെ നിയമിച്ച് ജ്വല്ലറി തുറക്കാനാണ് മുതലാളിയുടെ തന്ത്രം. എന്നാല്‍ അതിന് അനുവദിക്കില്ലെന്ന് സമരത്തിലുള്ള തൊഴിലാളികള്‍ പറയുന്നു. തൊഴിലാളി യൂണിയനെ അംഗീകരിക്കാത്ത മുതളാളിമാരെ കോഴിക്കോട്ടങ്ങാടിയില്‍ കടതുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് യൂണിയന്‍ നേതാക്കളും പറയുന്നു.

സമരത്തെ അടിച്ചമര്‍ത്താന്‍ മാനേജ്‌മെന്റ് ശ്രമം

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മാവൂര്‍ റോഡിലാണ് ആലപ്പാട്ട് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. ജ്വല്ലറി ഷോപ്പിന് മുമ്പില്‍ കൊടിയുയര്‍ത്തി, കഞ്ഞിവെച്ചാണ് തൊഴിലാളികളുടെ സമരം. അടച്ചിട്ട ഷട്ടറിന് മുന്നില്‍ സമരത്തെക്കുറിച്ചുള്ള പോസ്റ്ററുകളും ഒട്ടിച്ചിരുന്നു. പകല്‍ വെളിച്ചത്തില്‍ അക്രമം നടത്താന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ മാനേജ്‌മെന്റ് രാത്രി സമയത്തെത്തി സമരക്കാരുടെ കൊടികളും പോസ്റ്ററുകളും നശിപ്പിക്കുകയുണ്ടായി. എന്നാല്‍ മാനേജ്‌മെന്റ് മുഷ്‌കിന് മുന്നില്‍ കീഴടങ്ങില്ലെന്ന് ഉറച്ചുപറയുകയാണ് തൊഴിലാളികള്‍.

ജ്വല്ലറി, ടെക്സ്റ്റയില്‍ തുടങ്ങിയവയിലെ അസംഘടിത തൊഴിലാളികള്‍ സംഘടിക്കാനും അവകാശങ്ങള്‍ ചോദിക്കാനും തുടങ്ങുന്നത് മുതലാളിമാരെ അങ്കലാപ്പിലാക്കിയിരിക്കയാണ്. സ്വന്തം കട പൂട്ടിയാലും തൊഴിലാളികളെ സംഘടിക്കാന്‍ അനുവദിക്കില്ലെന്നാണവരുടെ നിലപാട്. എന്നാല്‍ മുതലാളിയുടെ മുഷ്‌കിനെ ഏതറ്റം വരെ പോയും ചോദ്യം ചെയ്യാന്‍ തൊഴിലാളികളും തീരുമാനിച്ചുറച്ചിരിക്കുന്നു…

തയ്യാറാക്കിയത്: കെ.എം ഷഹീദ്

We use cookies to give you the best possible experience. Learn more