സിനിമ ആഗ്രഹിക്കുന്നവരോട് ലുക്മാനെപോലെ അത് കഷ്ടപ്പെട്ട് നേടിയെടുത്തവരുടെ അനുഭവമല്ലാതെ മറ്റെന്ത് പറയാന്‍: ജിഷ്ണു എസ്.രമേശ്
Entertainment news
സിനിമ ആഗ്രഹിക്കുന്നവരോട് ലുക്മാനെപോലെ അത് കഷ്ടപ്പെട്ട് നേടിയെടുത്തവരുടെ അനുഭവമല്ലാതെ മറ്റെന്ത് പറയാന്‍: ജിഷ്ണു എസ്.രമേശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th August 2022, 8:34 am

ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ ലുക്മാന്‍ അവറാനും എത്തുന്നുണ്ട്. ചിത്രത്തിലെ ലുക്മാന്റെ പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ലുക്മാന്‍ തന്നോട് ചാന്‍സ് ചോദിക്കാന്‍ വന്നത് ഓര്‍ത്തെടുക്കുകയാണ് കഥാകൃത്തും അസിസ്റ്റന്റ് ഡയറക്ടറുമായ ജിഷ്ണു എസ്.രമേശ്.

നാലഞ്ച് വര്ഷങ്ങള്‍ക്ക് മുമ്പ് അനുഗ്രഹീതന്‍ ആന്റണിയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന ഫ്‌ലാറ്റിലേക്ക് ഒരു ദിവസം ഉച്ചക്ക് വിയര്‍ത്ത് ക്ഷീണിച്ച് ചാന്‍സ് ചോദിക്കാന്‍ വന്ന ലുക്മാനെ തനിക്ക് ഇന്നും ഓര്‍മയുണ്ട് എന്നാണ് ജിഷ്ണു കുറിപ്പില്‍ പറയുന്നത്.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ജിഷ്ണു ഇക്കാര്യം പറയുന്നത്.

ഓപ്പറേഷന്‍ ജാവയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഉള്‍പ്പടെയുള്ളവര്‍ ജിഷ്ണുവിന്റെ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

താന്‍ ഈ അനുഭവം എന്തിനാണ് പങ്കുവെക്കുന്നത് എന്ന് ചോദിച്ചാല്‍ അഭിനയവും സിനിമയും പാഷനായിട്ടുള്ള ഒരുപാട് പേര്‍ ചുറ്റിലുണ്ടെന്നും അവരോട് കഷ്ടപ്പെട്ട് സിനിമ നേടിയെടുത്തവരുടെ അനുഭവമല്ലാതെ മറ്റെന്താണ് പറയേണ്ടത് എന്നും ജിഷ്ണു കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ജിഷ്ണു പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

‘ഒരു നാലഞ്ച് കൊല്ലം മുമ്പേ… അനുഗ്രഹീതന്‍ ആന്റണിയുടെ പ്രീ പ്രൊഡക്ഷന്‍ ഫ്‌ലാറ്റില്‍ ഒരു നട്ടുച്ചയ്ക്ക് വിയര്‍ത്ത് ക്ഷീണിച്ച് ചാന്‍സ് ചോദിക്കാന്‍ കയറി വന്നൊരു ലുക്മാനെ എനിക്കിന്നും ഓര്‍മയുണ്ട്. അന്ന് സുഡാനി വന്നിട്ടില്ല, ഉണ്ട വന്നിട്ടില്ല, ഓപ്പറേഷന്‍ ജാവ ഡിസ്‌കഷനില്‍ പോലും ഉണ്ടായിരുന്നിരിക്കില്ല.
എന്തിനാണ് ഇതിപ്പോ ഇവിടെ പറയുന്നതെന്ന് ചോദിച്ചാല്‍. അഭിനയവും സിനിമയും പാഷനായിട്ടുള്ള ഒരുപാട് കൂട്ടുകാര്‍ ചുറ്റിലും ഉണ്ട് കഷ്ടപ്പെട്ട് നേടിയെടുത്ത മനുഷ്യരുടെ കഥയല്ലാതെ അവരോട് മറ്റെന്ത് പറയാനാണ്,’ ജിഷ്ണു പറയുന്നു.

സണ്ണി വെയ്ന്‍ ചിത്രം അനുഗ്രഹീതന്‍ ആന്റണിയുടെ കഥാകൃത്തായും, ജെനിത് കാച്ചപ്പിള്ളി ചിത്രം ‘മറിയം വന്ന് വിളക്കുതി’യില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചയാളാണ് ജിഷ്ണു.

അതേസമയം മുഹ്സിന്‍ പരാരിയാണ് തല്ലുമാലക്കായി തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തില്‍ ടൊവിനൊ തോമസിനെയും ലുക്മാനേയും കൂടാതെ കല്യാണി പ്രിയദര്‍ശന്‍, അദ്രി ജോയ്, ചെമ്പന്‍ വിനോദ് ജോസ്, ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Story writter Jishnu s Ramesh  Write Up about Lukman Avaran is gon viral on social media