ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
India Pak Issues
‘പാകിസ്താന്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ട’; അയല്‍ക്കാരുടേത് അനുചിതമായ പ്രസ്താവനയെന്നും രവിശങ്കര്‍ പ്രസാദ്
ന്യൂസ് ഡെസ്‌ക്
Monday 11th December 2017 6:57pm

ന്യൂദല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മോദിയാരംഭിച്ച പാകിസ്താന്‍ പരമാര്‍ശത്തിനു മറുപടി നല്‍കിയ പാക് വിദേശകാര്യ വക്താവിനെതിരെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. പാകിസ്താന്‍ തങ്ങളെ പാഠം പഠിപ്പിക്കാന്‍ വരേണ്ടെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പാകിസ്താന്റേത് അനുചിതമായ പ്രസ്താവനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞദിവസം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു പാകിസ്താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നുണ്ടെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. സ്വാധീനം ചെലുത്താന്‍ പാകിസ്താന്‍ ശ്രമിക്കുന്നുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ രംഗത്ത് വന്ന പാക് വിദേശകാര്യ വക്താവ് ഡോ.മുഹമ്മദ് ഫൈസല്‍ പാകിസ്താനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് വിവാദങ്ങളിലേക്ക് പാകിസ്താനെ വലിച്ചിഴയ്ക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നും പാര്‍ട്ടികള്‍ വിജയം നേടേണ്ടത് അവരവരുടെ ശക്തി കൊണ്ടാകണമെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്തു വന്ന രവിശങ്കര്‍ പ്രസാദ് പുറത്തുനിന്നുള്ള കൈകടത്തലുകളെ തങ്ങള്‍ അറപ്പോടെയാണ് കാണുന്നതെന്ന് പറഞ്ഞു.

‘ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ള കൈകടത്തലുകളെ തങ്ങള്‍ അറപ്പോടെയാണ് കാണുന്നത്. ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്തുന്നത് പാകിസ്താനാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിനാല്‍ തങ്ങളെ പാഠം പഠിപ്പിക്കാന്‍ ശ്രമിക്കരുത്, ഇവിടുത്തെ ജനാധിപത്യത്തില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്’ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Advertisement