ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Jammu Kashmir
കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണമൊരുക്കും: എസ്.എഫ്.ഐ
ന്യൂസ് ഡെസ്‌ക്
Friday 22nd February 2019 2:09pm

തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമണങ്ങളെ ചെറുക്കുമെന്ന് എസ്.എഫ്.ഐ. നിരപരാധികളായ ഒരു ജനതയെ തന്നെ വേട്ടയാടുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണമൊരുക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ദേവ് പറഞ്ഞു.

ഇന്ത്യയില്‍ പലയിടങ്ങളിലായി പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥികള്‍ പോലും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. ഡെറാഡൂണിലെ സുഭാര്‍തി സര്‍വ്വകലാശാലയിലെ പന്ത്രണ്ടോളം കാശ്മീരി വിദ്യാര്‍ത്ഥികളെ വി.എച്ച്.പി, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. കശ്മീരി വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റലുകളിലേക്കും അവര്‍ അക്രമം നടത്തി. ഛത്തിസ്ഗഢില്‍ വാടകവീടുകളില്‍ നിന്നും ഹോസ്റ്റലുകളില്‍നിന്നും കശ്മീരി വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ഒഴിപ്പിച്ചു. അലിഗഢിലും, ഹരിയാനയിലെ എം.എം സര്‍വ്വകലാശാലയിലും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമ ശ്രമം നടന്നുവെന്നും സച്ചിന്‍ദേവ് ഫേസ്ബുക്കില്‍ പറഞ്ഞു.

കശ്മീരില്‍ നിന്നുള്ള മുസ്‌ലീം വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചത് , ബജ്‌രംഗദള്‍ നേതാവ് വികാസ് വര്‍മ്മയും, വി.എച്ച്.പി നേതാവ് ശ്യാം ശര്‍മ്മയുമായിരുന്നുവെന്നും സച്ചിന്‍ദേവ് പറഞ്ഞു.

കശ്മീരി വിദ്യാര്‍ത്ഥികള്‍ അക്രമത്തിനിരയായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തെ കാണാതിരുന്നുകൂട. കാശ്മീരിവിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ എസ്.എഫ്.ഐ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരികള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്ന് ഇന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോയും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ആക്രമിക്കപ്പെട്ട കശ്മീരി പുതപ്പ് വില്‍പ്പനക്കാര്‍ക്ക് നിയമസഹായം നല്‍കിയത് പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദകാരാട്ടായിരുന്നു.

Advertisement