Administrator
Administrator
എന്‍ഡോസള്‍ഫാന്‍: ഇന്ത്യ ജയിച്ചു; ജനത പരാജയപ്പട്ടു
Administrator
Sunday 1st May 2011 8:12pm

endosulfan victims ഷഫീഖ്

വളരെ ആവേശത്തോടെയാണ് കഴിഞ്ഞ ദിവസത്തെ വാര്‍ത്ത ലോകജനത നെഞ്ചേറ്റുവാങ്ങിയത്. ഓരോ മനുഷ്യസ്‌നേഹിയും പ്രകൃതിസ്‌നേഹിയും കേള്‍ക്കാന്‍ കൊതിച്ചിരുന്ന വാര്‍ത്ത. ജനീവയിലെ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ എന്‍ഡോസള്‍ഫാന് ആഗോളതലത്തില്‍ നിരോധനമേര്‍പ്പെടുത്തി.

എന്നാല്‍ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനിക്കാന്‍ വകയുള്ള വിജയമായോ? നാം പുനപ്പരിശോധിക്കാന്‍ തയ്യാറാകണം. അമ്പതില്‍ പരം വിളകള്‍ക്ക് തളിച്ചുകൊണ്ടിരുന്ന എന്‍ഡോസല്‍ഫാന്‍ 22 വിളകളിലേക്ക് മാത്രമായി ചുരുങ്ങിയിട്ടുണ്ട് എന്നത് തീര്‍ച്ചയായും നിസ്സാരകാര്യമല്ല. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ഇനി വരാന്‍ പോകുന്ന 11 വര്‍ഷക്കാലം കൂടി നമ്മുടെ ജനതയെ, തലമുറയെ പ്രകൃതിയെ കാര്‍ന്നു തിന്നും എന്ന യാഥാര്‍ത്ഥ്യം നമ്മേ ഭീതിപ്പെടുത്തുന്നു.
ലോകജനതയ്ക്കു മുമ്പില്‍ ഇന്ത്യ ആത്മാഭിമാനം പണയം വെച്ച നിമിഷം കൂടിയായിരുന്നു സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍.

അവിടെ പങ്കെടുത്ത ഓരോ രാജ്യവും നിരോധനത്തിനായി കാസര്‍ക്കോടിനെയും കേരളത്തെയും ഉദ്ധരിച്ചപ്പോള്‍ നമ്മുടെ സര്‍ക്കരും പ്രതിനിധികളും നിരോധനത്തിനെതിരെ കുരിശുയദ്ധം ചെയ്തത് ഇന്ത്യക്കാരായ നമുക്കെങ്ങനെ സഹിക്കാനാകും? ‘ഞാനൊരു ഇന്ത്യാക്കാരനായതില്‍ ലജ്ജിക്കുന്നു’ എന്ന ഉറക്കെയുറക്കെ വിളിച്ചുപറയാന്‍ തോന്നിയ ദുരന്തമുഹൂര്‍ത്തമായിരുന്നുവത്. നമ്മുടെ വോട്ടുനേടി നമ്മളടയ്ക്കുന്ന കരം കൊണ്ട് ജീവിച്ച് നമ്മളെത്തന്നെ കൊന്നുതിന്നുവാന്‍ വെമ്പല്‍കൊള്ളുന്ന ജനപ്രതിനിധികള്‍!

ഇവിടെ സംഭവിച്ചതെന്താണ്? എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിച്ചു. എന്നാല്‍ ഇന്ത്യയിലിത് യഥാര്‍ത്ഥത്തില്‍ നിരോധിച്ചോ? താര്‍ച്ചയായും ഇല്ല! നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ‘പരോളില്‍’ വിടുകയായിരുന്നു. പരോളിന്റെ കാലാവധിയോ? 11 വര്‍ഷം. 1976 മുതലാണ് ഇവിടെ എന്‍ഡോസല്‍ഫാന്‍ പ്രയോഗിച്ചുതുടങ്ങിയത്. നിലവില്‍ 35 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതുകൂടാതെയാണ് ഇനിയുള്ള 11 വര്‍ഷം. മൊത്തം 46 വര്‍ഷം! ഇത് ഒരു കീടനാശിനി പ്രയോഗത്തിന് കിട്ടാവുന്ന സ്വാഭാവിക ആയുസ്സാണ്. ഇതിലെവിടെയാണ് നിരോധനമുള്ളത്?

തീര്‍ച്ചയായും 11 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ‘ബുദ്ധിരാക്ഷസന്‍മാരായ’ ശാസ്ത്രജ്ഞര്‍ പുതിയൊരു എന്‍ഡോസള്‍ഫാന്‍ കണ്ടെത്തിക്കൊളളും. ഇന്നലെവരെ കാസര്‍ക്കോട്ടുള്ള പുതിയ തലമുറയെയടക്കം കൊല്ലാതെകൊന്ന് ജീവഛവങ്ങളാക്കിയ ബ്രഹ്മാസ്ത്രത്തേക്കാള്‍ വീര്യമേറിയ പുതിയൊരെണ്ണം. നമ്മളും നമ്മുടെ മക്കളും മക്കളുടെ മക്കളുമൊക്കെയായി തലമുറകളോളം ഈ വിഷം പേറണം. ഇതല്ലേ ഈ നിരോധനാജ്ഞയിലെ ഭംഗിവാക്കുകളൊഴിവാക്കിയാല്‍ കിട്ടുന്ന ബാലന്‍സ് ഷീറ്റ്?

കീടനാശിനി മാഫിയക്കെതിരെ ശക്തമായി സമരം നടത്തി എല്ലാം തങ്ങള്‍ ‘കണ്ടെത്തിക്കഴിഞ്ഞു’വെന്ന ആശ്വാസത്തില്‍ മാധ്യമങ്ങളും അടുത്ത വാര്‍ത്തക്കു പിന്നാലെ പാഞ്ഞുകഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇത്തരത്തിലൊരു ‘കണ്ടെത്തലി’ന്റെ സാധ്യതയും സാധുതയും നമ്മള്‍ പരിശോധിക്കണം.തീര്‍ച്ചയായും കീടനാശിനി മാഫിയക്കെതിരെ തുറന്നപോരാട്ടം തന്നെ വേണം. എന്നാല്‍ അവരില്‍മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രചരണം യഥാര്‍ത്ഥ ചിത്രം നല്‍കുന്നതല്ല.

ഇന്ത്യ ഇന്ന് കാര്‍ഷിക മേഖലയെ അടിസ്ഥാനമാക്കിയുള്ള വ്യവസായഭീമന്‍മാരുടെ വളര്‍ച്ച കണ്ടുകൊണ്ടിരിക്കുകയാണ്. തേയിലയും കാപ്പിയും അരിയും ഗോതമ്പും തക്കാളിയും ഉരുളക്കിഴങ്ങും എല്ലാം ഈ ഭീമന്‍മാര്‍ വ്യവസായശാലകളിലെ പുത്തനുല്‍പന്നങ്ങളാക്കി പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. ചോക്ലേറ്റും സോസ്സും ബിസ്‌കറ്റും നൂഡില്‍സും തുടങ്ങി ജൈവ ഇന്ധനങ്ങള്‍ വരെ ഇവരുടെ അജണ്ടയായിക്കൊണ്ടിരിക്കുന്നു.

ഇന്ത്യയിലെ ടാറ്റയും ബിര്‍ളയും റിലയന്‍സും തുടങ്ങി അമേരിക്കയുടെ മൊണ്‍സാന്റൊ വരെയുള്ള കമ്പനികള്‍ കോടാനുകോടികളാണ് ഈ മേഖലയില്‍ നിന്നും കൊള്ളലാഭമുണ്ടാക്കുന്നത്. ഇതിനെ പരിപോഷിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ വന്‍കിട ഭൂസ്വമിമാരും വന്‍കിട കര്‍ഷകരും കൂട്ടിനുണ്ട്. ഇവര്‍ക്ക് ഏറ്റവും ചെലവുകുറഞ്ഞ കീടനാശിനിയാണ് എന്‍ഡോസള്‍ഫാനെന്നുവരുമ്പോള്‍ നമ്മുടെ സര്‍ക്കാരിന്റെയും പ്രതിനിധി സംഘത്തിന്റെയും താല്‍പര്യം ആരുടേതാണെന്ന് മനസ്സിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. കീടനാശിനി കമ്പനികളേക്കാള്‍ ഈ വന്‍കിട മുതലാളിത്ത കുത്തകകള്‍ക്ക് എന്‍ഡോസല്‍ഫാന്‍ ഒരനിവാര്യ ഘടകമാണ്. പിന്നെ ഏതു പരുന്താണ് എന്‍ഡോസല്‍ഫാനുമീതെ പറക്കാന്‍ ധൈര്യം കാണിക്കുക?

കാസര്‍ക്കോട്ടെ മനുഷ്യ ജീവികള്‍ വിരൂപരും ജീവിക്കാനാവാത്തവിധം അനാരോഗ്യമുളളവരുമായി തീര്‍ന്നതിനുകാരണം എന്‍ഡോസല്‍ഫാനല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉലകം മുഴുവന്‍ ഓടിനടന്ന്് പച്ചക്കള്ളം പറഞ്ഞത് ഈ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയല്ലെ? അമൃതാകേണ്ട മുലപ്പാല്‍പോലും വിഷമയമായിത്തീര്‍ന്നിട്ടും ഈ ഭീകര സത്വങ്ങളുടെ കണ്ണു തുറന്നില്ല. ബോള്‍വിക്കാനംമൂളിയാറിലെ ജനങ്ങള്‍ ജീവഛവങ്ങളല്ല, എന്‍ഡോസല്‍ഫാന്റെ ജീവിക്കുന്ന രക്തസാക്ഷികളാണ്. അവരില്‍ നിന്ന് ഊര്‍ജംകൊണ്ട് കേരളജനത ആര്‍ത്തലച്ചുവന്നത് നമ്മള്‍ കണ്ടതല്ലെ. അതൊരു തുടക്കം മാത്രമാണെന്നോര്‍ക്കുന്നത് നന്നായിരിക്കും.

Advertisement