അവര്‍ ഐ.പി.എല്ലില്‍ കളിച്ച് മികവ് തെളിയിക്കട്ടെ; സ്മിത്തിനെയും വാര്‍ണറേയും ഒഴിവാക്കി പാകിസ്ഥാനെതിരെ ഓസീസ് ടീം
Cricket
അവര്‍ ഐ.പി.എല്ലില്‍ കളിച്ച് മികവ് തെളിയിക്കട്ടെ; സ്മിത്തിനെയും വാര്‍ണറേയും ഒഴിവാക്കി പാകിസ്ഥാനെതിരെ ഓസീസ് ടീം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th March 2019, 12:12 pm

മെല്‍ബണ്‍: സ്റ്റീവന്‍ സ്മിത്തിനെയും ഡേവിഡ് വാര്‍ണറേയും ഒഴിവാക്കി പാകിസ്ഥാനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. ഷാര്‍ജയില്‍ മാര്‍ച്ച് 22നാണ് പരമ്പരയിലെ ആദ്യ മത്സരം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയ കളിക്കുന്ന അവസാന ഏകദിന പരമ്പരയാണിത്.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന ഇരുവരുടേയും വിലക്ക് പാകിസ്ഥാനെതിരായ മൂന്നാം മത്സരത്തോടെ കഴിയുന്നതിനാല്‍ അവസാന രണ്ട് ഏകദിനങ്ങളില്‍ കളിക്കാന്‍ ഇരുവരും യോഗ്യരായിരുന്നു. അത് കൊണ്ടു തന്നെ ഇരുവരും പാകിസ്ഥാനെതിരെ കളിക്കാനൊരുങ്ങുന്ന ഓസീസ് ടീമില്‍ ഇടം പിടിക്കുമെന്നായിരുന്നു കരുതിയിരുന്നത്.

Read Also : മിന്നല്‍ വേഗത്തില്‍ മില്ലറുടെ സ്റ്റംപിങ്; ധോണിയോട് താരതമ്യം ചെയ്തു ക്യാപ്റ്റന്റെ അഭിനന്ദനം

സ്മിത്തിനേയും, വാര്‍ണറിനേയും ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവരിരുവരും ഐ.പി.എല്ലില്‍ കളിച്ച് മികവ് തെളിയിക്കട്ടെ എന്നായിരുന്നു ഓസ്‌ട്രേലിയന്‍ സെലക്ടര്‍ ട്രെവര്‍ ഹോണ്‍സിന്റെ മറുപടി.

അതേസമയം പരിക്കിനെത്തുടര്‍ന്ന് സ്റ്റാര്‍ ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനേയും പാകിസ്ഥാനെതിരെ കളിക്കാനൊരുങ്ങുന്ന ഓസീസ് ടീമിലേക്ക് പരിഗണിച്ചില്ല. കഴിഞ്ഞ കുറച്ച് നാളുകളായി മോശം ഫോമിലാണെങ്കിലും ആരോണ്‍ ഫിഞ്ച് തന്നെയാണ് ഈ പരമ്പരയിലും ഓസീസ് നായകന്‍.

ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 2019 മേയ് 30 മുതലാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഏപ്രില്‍ 23ന് ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓസ്‌ട്രേലിയന്‍ ടീം

ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോം, ഗ്ലെന്‍ മാക്‌സ്വെല്‍, ആഷ്ടണ്‍ ടര്‍ണര്‍, മാര്‍ക്കസ് സ്റ്റോയിനസ്, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, നഥാന്‍ കൂള്‍ട്ടര്‍നൈല്‍, ജെയ് റിച്ചാര്‍ഡ്‌സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ജേസണ്‍ ബെഹ്‌റെന്‍ഡ്രോഫ്, നഥാന്‍ ലയണ്‍, ആദം സാംപ.