ആറുവയസ്സുകാരന്റെ സ്വകാര്യഭാഗങ്ങളില്‍ തിളച്ച എണ്ണ ഒഴിച്ചു പൊള്ളിച്ചു: രണ്ടാനമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
National
ആറുവയസ്സുകാരന്റെ സ്വകാര്യഭാഗങ്ങളില്‍ തിളച്ച എണ്ണ ഒഴിച്ചു പൊള്ളിച്ചു: രണ്ടാനമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
ന്യൂസ് ഡെസ്‌ക്
Monday, 6th August 2018, 7:54 am

കോര്‍ബ: ഛത്തീസ്ഗഡില്‍ ആറുവയസ്സുകാരനെ തിളച്ച എണ്ണ ഒഴിച്ചു പൊള്ളലേല്‍പ്പിച്ചതിന് രണ്ടാനമ്മ അറസ്റ്റില്‍. ഉറക്കത്തിനിടെ കിടക്കയില്‍ മൂത്രമൊഴിച്ചെന്നു പറഞ്ഞാണ് ബാലന്റെ സ്വകാര്യഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ഛത്തീസ്ഗഡിലെ പുച്ഛ്പരാ ഗ്രാമത്തിലാണ് സംഭവം. പൊള്ളലേറ്റ കുട്ടി വീട്ടില്‍ വന്ന പിതൃസഹോദരിയോട് സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു. കഠ്‌ഗോര പൊലീസാണ് വിഷയത്തില്‍ രണ്ടാനമ്മയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

“കുട്ടിയെ സന്ദര്‍ശിക്കാനെത്തിയ പിതൃസഹോദരി സംഗീതയാണ് പീഢനത്തെക്കുറിച്ച് ആദ്യമറിയുന്നത്. ശേഷം കുട്ടിയുടെ പിതാവായ ബജ്രംഗിനൊപ്പം സ്റ്റേഷനിലെത്തി രണ്ടാനമ്മ മംഗളേശ്വരിക്കെതിരെ പരാതി നല്‍കുകയായിരുന്നു.” കഠ്‌ഗോര സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.കെ. ദൂബെ പറയുന്നു.

Also Read: ബി.ജെ.പിയുടെ ഛത്തീസ്ഗഢില്‍ രക്ഷയില്ലാതെ പശുക്കള്‍; ഗോശാലയില്‍ അടച്ചിട്ടമുറിയില്‍ ശ്വാസം മുട്ടി മരിച്ചത് 18 പശുക്കള്‍

എന്നാല്‍, പരാതിയില്‍ കഴമ്പില്ലെന്നും അറിയാതെയാണ് കുട്ടിയുടെ മേല്‍ എണ്ണ വീണതെന്നുമാണ് മംഗളേശ്വരിയുടെ വാദം. കുട്ടിയെ എന്തുകൊണ്ട് പെട്ടന്നുതന്നെ ആശുപത്രിയില്‍ എത്തിച്ചില്ല എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ രണ്ടാനമ്മയ്ക്കു സാധിച്ചില്ല. പിതൃസഹോദരി ഇടപെട്ടതിനു ശേഷമാണ് കുട്ടിക്ക് വൈദ്യസഹായം ലഭിക്കുന്നതെന്ന് പൊലീസ് പറയുന്നു.

ഗുരുതരമായ ആയുധങ്ങളുപയോഗിച്ചോ മറ്റു മാര്‍ഗ്ഗങ്ങള്‍ വഴിയോ ബോധപൂര്‍വം ഉപദ്രവമേല്‍പ്പിച്ചതിനാണ് സെക്ഷന്‍ 324 പ്രകാരം മംഗളേശ്വരിക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണം പൂര്‍ത്തീകരിക്കുന്നതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസുദ്യോഗസ്ഥര്‍ അറിയിച്ചു.