എഡിറ്റര്‍
എഡിറ്റര്‍
ദുബായില്‍ 75 ശതമാനത്തിലധികം പുരുഷന്മാരെന്ന് സര്‍വേ റിപ്പോര്‍ട്ട്
എഡിറ്റര്‍
Friday 5th September 2014 4:30pm

dubaii

ദുബായ്: രാജ്യത്തെ ജനസംഖ്യയില്‍ 75 ശതമാനത്തിലധികവും പുരുഷന്മാരെന്ന് ദുബായ് സ്റ്റാറ്റിക്‌സ് സെന്റര്‍ റിപ്പോര്‍ട്ട്.  സ്വദേശികളെയും വിദേശികളെയും ഉള്‍പ്പെടുത്തിയ സ്റ്റാറ്റിക്‌സ് സര്‍വേയില്‍ ജനസംഖ്യയില്‍ അഞ്ച് ശതമാനം വര്‍ദ്ധനവുണ്ടെന്നും പറയുന്നു.

ദുബായിലെ മൊത്തം 22 ലക്ഷം ജനങ്ങളില്‍ 75.77ശതമാനം പുരുഷന്മാരും 24.23 ശതമാനം സ്ത്രീകളുമാണ്. സ്വദേശികളും വിദേശികളുമുള്‍പ്പെടെ ദുബായ് ജനസംഖ്യയില്‍ മൂന്നിലൊന്നും പുരുഷന്മാരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.  വിദേശ രാജ്യങ്ങളില്‍ നിന്ന് ജോലിക്കെത്തിയവരുടെ വര്‍ദ്ധിച്ച അനുപാതമാണ് ഇത്തരം അസ്വാഭാവിക അസന്തുലിതത്വത്തിന് കാരണമെന്ന് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 100 സ്ത്രീകള്‍ക്ക് 313 പുരുഷന്മാരാണെന്നതാണ് ഇപ്പോഴത്തെ അനുപാതം.

മുന്‍വര്‍ഷങ്ങളെ പോലെ തന്നെ ഇത്തവണയും ജനസംഖ്യയില്‍ അഞ്ചു ശതമാനം വര്‍ദ്ധനവുണ്ടായതായി സര്‍വേയില്‍ പറയുന്നു. ജനസംഖ്യയുടെ മൂന്നില്‍ രണ്ടും 20-39നും വയസ്സിനിടക്കുള്ളവരാണെന്ന് കണക്ക് പറയുന്നു. ഈ പ്രായത്തിലുള്ളവര്‍ 2013ലെ കണക്കു പ്രകാരം 60 ശതമാനമാണുണ്ടായിരുന്നത്.

സ്ഥിരതാമസക്കാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍, ടൂറിസ്റ്റുകളായെത്തുന്നവര്‍ തുടങ്ങി ആക്ടീവ് ഇന്‍ഡിവിജ്വല്‍സില്‍പ്പെടുന്നവര്‍ ദൈനംദിന ജനസംഖ്യാ കണക്കില്‍ കാര്യമായ പങ്കാണ് വഹിക്കുന്നത്. ദുബായ്ക്ക് പുറത്തുള്ള ജോലിക്കാരുടെ കണക്കുകള്‍ കൂടി കൂട്ടുമ്പോള്‍ ദുബായിലെ ജനസംഖ്യ 32 ലക്ഷം വരുമെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.

ദുബായിയോട് ചേര്‍ന്ന് കിടക്കുന്ന എമിറേറ്റുകളില്‍ കുറഞ്ഞ വാടകക്ക് താമസസൗകര്യം ലഭിക്കുന്നത് കൊണ്ടാണ് അധികം പേരും പുറത്ത് താമസ സൗകര്യം തേടുന്നത്. പ്രവാസികളുടെ സാന്നിധ്യവും സംഭാവനയും ദുബായിയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. ദുബൈയിലെ വര്‍ധിച്ച നിക്ഷേപ സാധ്യതകളാണ് കൂടുതല്‍ പേരെ ദുബൈയിലേക്ക് ആകര്‍ഷിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Advertisement