എഡിറ്റര്‍
എഡിറ്റര്‍
ടൂറിസ്റ്റുകള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളല്ല; ഭക്ഷണ സ്വാതന്ത്രത്തില്‍ കൈ കടത്തുന്നതിനെതിരെ അമിതാഭ് കാന്ത്
എഡിറ്റര്‍
Friday 6th October 2017 7:45pm


ന്യൂദല്‍ഹി: രാജ്യത്തെ കൂടുതല്‍ സംസ്ഥനങ്ങളില്‍ മദ്യത്തിനും ബീഫിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. ബി.ജെ.പി കേന്ദ്രങ്ങള്‍ ബീഫ് നിയന്ത്രണം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണത്തിനെതിരെ പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തരില്‍ ഒരാളായ അമിതാഭ് രംഗത്തെത്തുന്നത്.


Also Read: ചെറുകിട വ്യാപാരികള്‍ക്ക് ജി.എസ്.ടിയില്‍ ഇളവ് വരുന്നു; കൗണ്‍സില്‍ യോഗം തുടരുന്നു


ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ച ചടങ്ങിനിടെയാണ് അമിതാഭ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. വിനോദസഞ്ചാരികള്‍ എന്ത് കുടിക്കണം കഴിക്കണം എന്നൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കേണ്ടതില്ലെന്ന് അമിതാഭ് കാന്ത് പറഞ്ഞു.

‘വിനോദസഞ്ചാരികള്‍ തിന്നുന്നതിലും കുടിക്കുന്നതുമൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടേണ്ട കാര്യമല്ല. എന്ത് കഴിക്കണം എന്ത് കുടിക്കണം എന്നതെല്ലാം ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കണമെങ്കില്‍ അതിനനുസരിച്ച് നമ്മളും പുരോഗമിക്കേണ്ടതുണ്ട്. നാട് മൊത്തം മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിട്ട് നമുക്ക് മഹത്തരമായ പൈതൃക കേന്ദ്രങ്ങളുണ്ടെന്ന് വാദിച്ചിട്ട് കാര്യമില്ല.’ അദ്ദേഹം പറഞ്ഞു.

വിനോദ സഞ്ചാരികളെ ആവശ്യമുള്ള രാജ്യം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയല്ല മറിച്ച് ദുബായ് പോലുള്ള രാജ്യങ്ങള്‍ സ്വീകരിച്ചതുപോലുള്ള വിവേക പൂര്‍ണ്ണമായ നിലപാടുകള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വത്തിന്റെ കാര്യത്തിലും ഇന്ത്യക്കാര്‍ ഏറെ ശ്രദ്ധിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dont Miss: ബി.ജെ.പി സ്ഥാനാര്‍ത്ഥി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; പഞ്ചാബ് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതിരോധത്തില്‍


‘വിനോദസഞ്ചാരരംഗത്ത് മുന്നേറണമെങ്കില്‍ പരിസരശുചിത്വത്തിലാണ് ഇന്ത്യക്കാര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ടൂറിസ്റ്റുകള്‍ക്ക് സംതൃപ്തി സമ്മാനിക്കാന്‍ സാധിക്കുക എന്നതാണ് അടുത്ത കാര്യം.’ അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശ്, ചത്തീസ്ഗഢ്, ദാമന്‍ ദിയു തുടങ്ങിയ ഭരണകൂടങ്ങള്‍ മദ്യനിരോധനം നടപ്പാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കുന്നതിനിടെയാണ് അമിതാഭ് കാന്ത് വിമര്‍ശനവുമായി രംഗത്തെത്തിയത്.

Advertisement