'ഒരിക്കലും തോക്കുപയോഗിച്ചിട്ടില്ല, ജനാധിപത്യപരമായ പ്രതിരോധം തുടരും'; ജമ്മു കശ്മീര്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് അബ്ദുള്ള
national news
'ഒരിക്കലും തോക്കുപയോഗിച്ചിട്ടില്ല, ജനാധിപത്യപരമായ പ്രതിരോധം തുടരും'; ജമ്മു കശ്മീര്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് അബ്ദുള്ള
ന്യൂസ് ഡെസ്‌ക്
Sunday, 26th July 2020, 6:08 pm

ന്യൂദല്‍ഹി: ജമ്മു ആന്‍ഡ് കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് ഒരു വര്‍ഷം ആകുന്നതിനിടെ, സംസ്ഥാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ആര്‍ട്ടികിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടി തടഞ്ഞുകൊണ്ട് സുപ്രീം കോടതി നീതി നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പാര്‍ട്ടി ജനാധിപത്യപരമായി നിലവിലെ എല്ലാ മാറ്റങ്ങളോടും പോരാടുന്നത് തുടരുമെന്നും അദ്ദേഹം പി.ടി.ഐയോട് വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി വാര്‍ത്താ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിലെ ജനതയോട് കേന്ദ്രം വിശ്വാസ വഞ്ചന കാണിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ നീതി ലഭിക്കുന്നതിനായി ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങളെ ഞങ്ങള്‍ അറിയിച്ച് കൊണ്ടിരിക്കും. ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന മാറ്റങ്ങളോട് ഞങ്ങള്‍ പ്രതിഷേധിക്കുക തന്നെ ചെയ്യും,’ ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

അവകാശങ്ങള്‍ക്ക് വേണ്ടി ജനാധിപത്യപരമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ പോരാടും, ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജനാധിപത്യപരമായി പ്രചാരണങ്ങള്‍ നടത്തും. ഞങ്ങളൊരിക്കലും തോക്ക് ഉപയോഗിച്ചിട്ടില്ല, ഭരണഘടനാ വിരുദ്ധമായ ഒരു രീതികളും ഞങ്ങള്‍ ഇതുവരെയും പ്രയോഗിച്ചിട്ടില്ല. ജനാധിപത്യപരമായി മുന്നോട്ട് പോകുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ജനാധിപത്യപരമായി തന്നെ പ്രതിരോധിക്കും,’ അദ്ദേഹം പറഞ്ഞു.

പ്രത്യേക പദവി എടുത്തു കഴിഞ്ഞാല്‍ സൈന്യത്തെ പിന്‍വലിക്കാമെന്ന് പറഞ്ഞെങ്കിലും അത് സംഭവിച്ചോ എന്നും അദ്ദേഹം ചോദിച്ചു.

‘സംഭവിച്ചതെല്ലാം നിര്‍ഭാഗ്യകരമാണ്. ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞാല്‍ ഇവിടെ വികസനങ്ങളുണ്ടാകും. സൈന്യത്തെ പിന്‍വലിക്കും എന്നൊക്കെയല്ലേ അവര്‍ പറഞ്ഞിരുന്നത്. എന്നിട്ട് അവര്‍ ഇവിടുന്ന് സൈന്യത്തെ പിന്‍വലിച്ചോ? മുമ്പത്തെക്കാളും സൈന്യത്തെ വിന്യസിക്കുന്നത് ഇപ്പോള്‍ കൂടിയിരിക്കുന്നു. എന്തെങ്കിലും വികസനം ഉണ്ടായോ? വട്ടപൂജ്യം. ഞങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം നഷ്ടപ്പെടുത്തി,’ അദ്ദേഹം പറഞ്ഞു.

സംസ്ഥാനം പഴയപോലെ പുനഃസ്ഥാപിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അതിനായി സുപ്രീം കോടതിയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു ആന്‍ഡ് കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. പിന്നാലെ ഏഴ് മാസത്തോളമാണ് ഫാറൂഖ് അബ്ദുള്ളയെ വീട്ട് തടങ്കലിലാക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ