ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിക്ക് മുന്‍പില്‍ ആംബുലന്‍സില്‍ കിടന്ന് രോഗി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
Details Story
ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിക്ക് മുന്‍പില്‍ ആംബുലന്‍സില്‍ കിടന്ന് രോഗി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
ന്യൂസ് ഡെസ്‌ക്
Friday, 7th June 2019, 12:53 pm

ഗാന്ധിനഗര്‍(കോട്ടയം): കോട്ടയത്ത് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ മൂന്ന് ആശുപത്രികളില്‍ എത്തിച്ചിട്ടും രണ്ട് മണിക്കൂറോളം ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ കിടന്ന് രോഗി മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.

സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ശക്തമായ നിയമ നടപടികള്‍ കുറ്റക്കാര്‍ക്കെതിരെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ.ഗിന്നസ് മാടസ്വാമി നല്‍കിയ പരാതിയിലാണ് നടപടിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പി.ആര്‍.ഒ. ബിനുകുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നും വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം ഉത്തരവിട്ടതിന് പിന്നാലെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗം സൂപ്രണ്ട് ഡോ. രാജേഷ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വീഴ്ച്ച പറ്റിയത് കട്ടപ്പനയിലെ ആശുപത്രിക്കാണെന്നായിരുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. വെന്റിലേറ്റര്‍ ഒഴിവുണ്ടോയെന്ന് അന്വേഷിക്കാതെയാണ് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് രോഗിയെ കോട്ടയത്തേക്ക് അയച്ചതെന്നും, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച്ച പറ്റിയില്ലെന്നുമായിരുന്നു വിശദീകരണം. സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

വെന്റിലേറ്റര്‍ വേണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയതെന്നും, ഒഴിവില്ലാത്തതിനാല്‍ നിപ രോഗികള്‍ക്കുള്ള പ്രത്യേക വാര്‍ഡിലേക്ക് മാറ്റാന്‍ കഴിയുമോ എന്ന അന്വേഷണത്തിനിടെ രോഗിയെ കൊണ്ടുപോയെന്നുമാണ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്.

രണ്ട് മണിക്കെത്തിയ ഇവര്‍ പതിനേഴ് മിനിട്ടാണ് ആശുപത്രിയില്‍ ചെലവഴിച്ചതെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍, അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു വിശദീകരിച്ചത്. എന്നാല്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടോയെന്ന് അന്വേഷിക്കാതെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ റഫര്‍ ചെയ്ത കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിക്ക് വീഴ്ച്ച പറ്റിയെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാദം തള്ളി മരിച്ച തോമസ് ജേക്കബിന്റെ മകള്‍ റെനി രംഗത്തെത്തിയിരുന്നു. ആദ്യം സമീപിച്ചത് ഡ്യൂട്ടി ഡോക്ടറെയും നഴ്സിനേയും ആയിരുന്നുവെന്നും ഇവര്‍ കൈയ്യൊഴിഞ്ഞതോടെയാണ് പി.ആര്‍.ഒയെ സമീപിച്ചതെന്നും റെനി പറയുന്നു.

”രണ്ടര മണിക്കൂറിനിടയില്‍ കോട്ടയത്തെ 3 ആശുപത്രികളില്‍ കയറിയിറങ്ങിയിട്ടും എന്റെ പപ്പയെ അവരെല്ലാം അവഗണിച്ചു. കരഞ്ഞു കാലുപിടിച്ചിട്ടും ആരും ചികിത്സിക്കാന്‍ തയാറായില്ല. ആംബുലന്‍സില്‍ വന്നു നോക്കി എന്തു ചെയ്യണമെന്ന നിര്‍ദേശമെങ്കിലും ഡോക്ടര്‍മാര്‍ നല്‍കിയിരുന്നെങ്കില്‍ നഴ്‌സായ ഞാന്‍ അതു ചെയ്യുമായിരുന്നു.

ഞങ്ങളോട് ഒട്ടും ഉത്തരവാദിത്തമില്ലാത്ത രീതിയിലാണ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സംസാരിച്ചത്. ഇവിടെ ചികിത്സിക്കാന്‍ സാധിക്കില്ല. നേരത്തെ വിളിച്ചു പറയണമായിരുന്നു എന്നു മെഡിക്കല്‍ കോളജ് പി.ആര്‍.ഒ പറഞ്ഞു. ഞങ്ങള്‍ ഡ്യൂട്ടി ഡോക്ടറെ കണ്ടില്ലെന്ന സൂപ്രണ്ടിന്റെ വാദം തെറ്റാണ്. ഡ്യൂട്ടി ഡോക്ടറെ കണ്ടു. അദ്ദേഹം പരിശോധിക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് മറ്റ് ആശുപത്രികളിലേക്കു പോയത്.

വീണ്ടും മെഡിക്കല്‍ കോളജില്‍ വന്നു. പി.ആര്‍.ഒയെ കണ്ടു സംസാരിച്ചു. പപ്പയ്ക്കു നെഞ്ചുവേദനയുണ്ട്. ഹൃദയാഘാതമാവാമെന്നു പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ വരാന്‍ തയാറായില്ല. അതിനിടെയാണ് ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സ് വന്നു പപ്പ യാത്രയായെന്നു പറഞ്ഞത്.”- റെനി പറയുന്നു.

കട്ടപ്പന കുമ്പളംതാനത്ത് ജേക്കബ്ബ് തോമസ് എന്ന 64 കാരനായിരുന്നു ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്‍പില്‍ വെച്ച് ആംബുലന്‍സില്‍ കിടന്നായിരുന്നു മരണം.

വൈറല്‍ ന്യൂമോണിയ ബാധിച്ച ജേക്കബ്ബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സ നിര്‍ദേശിച്ച പ്രകാരമാണ് കോട്ടയം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കോട്ടയത്തെ തന്നെ കാരിത്താസ്, മാതാ ആശുപത്രികളിലും എത്തിച്ചത്. എന്നാല്‍ മൂന്ന് ആശുപത്രികളില്‍ നിന്നും ചികിത്സ നിഷേധിക്കുകയായിരുന്നെന്ന് കുടുംബം ആരോപിച്ചിരുന്നു.

ഉച്ചയ്ക്ക് ആശുപത്രിയില്‍ എത്തിച്ച ജേക്കബിനെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ആരോപണം. എച്ച്.വണ്‍.എന്‍.വണ്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസിനെ വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.തുടര്‍ന്ന് രണ്ടു സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോയെങ്കിലും അവരും രോഗിയെ ചികിത്സിക്കാന്‍ തയ്യാറായില്ല.

രോഗിയെ നാലുമണിയോടെ മെഡിക്കല്‍ കോളെജില്‍ തിരച്ചെത്തിച്ചെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും അധികൃതര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. പിന്നീട് ആംബുലന്‍സില്‍ കിടന്ന് ജേക്കബ് മരിക്കുകയായിരുന്നു. മരണം സ്ഥിരീകരിക്കാനും അധികൃതര്‍ തയ്യാറായില്ലെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.

എന്നാല്‍ വെറ്റിലേറ്റര്‍ സൗകര്യമില്ലാത്തതിനാലാണ് മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് കാരിത്താസ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്.

സംഭവത്തില്‍ മെഡിക്കല്‍ അലംഭാവമുള്ള മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് മൂന്ന് ആശുപത്രി അധികൃതര്‍ക്കുമെതിരെ ഗാന്ധി നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

വെന്റിലേറ്റര്‍ ആവശ്യമാണെന്ന സ്വകാര്യ ആശുപത്രിയുടെ കത്ത് മെഡിക്കല്‍ കോളേജ് അധികാരികള്‍ക്ക് നല്‍കിയെങ്കിലും സഹായം ലഭിച്ചില്ലെന്ന മകള്‍ റെനിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വിശദമായ അന്വേഷണം നടത്താന്‍ കോട്ടയം ഡി.വൈ.എസ്.പി ആര്‍. ശ്രീകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.

സംഭവത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയായ കാരിത്താസിലേക്ക്നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു.