കെ.എസ്.ആര്‍.ടി.സി ബസിലേതടക്കം എല്ലാ സര്‍ക്കാര്‍ പരസ്യങ്ങളും അടിയന്തരമായി നീക്കം ചെയ്യണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍
D' Election 2019
കെ.എസ്.ആര്‍.ടി.സി ബസിലേതടക്കം എല്ലാ സര്‍ക്കാര്‍ പരസ്യങ്ങളും അടിയന്തരമായി നീക്കം ചെയ്യണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 8:24 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പരസ്യങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആയിരം ദിനാചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ബസുകളിലും സര്‍ക്കാര്‍ വെബ് സൈറ്റുകളിലുമുള്ള പരസ്യങ്ങളാണ് അടിയന്തരമായി നീക്കാന്‍ മീണ ഉത്തരവിട്ടിരിക്കുന്നത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ചാണ് നടപടി.

Read Also : കേരളത്തിലേയ്ക്ക് കടക്കാന്‍ ബി.ജെ.പിയെ അനുവദിക്കരുത്; പ്രളയകാലത്ത് ബി.ജെ.പി കേരളത്തെ വഞ്ചിച്ചു: അഖിലേഷ് യാദവ്

കെ.എസ്.ആര്‍.ടി.സി ബസുകളിലെ സര്‍ക്കാര്‍ പരസ്യം നീക്കാന്‍ 24 മണിക്കൂര്‍ സമയപരിധിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമടക്കമുള്ള പരസ്യങ്ങളാണ് ഉടനെ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also : കാസര്‍ഗോഡ് ആത്മീയതയുടെ മറവില്‍ വന്‍ ചികിത്സാ തട്ടിപ്പ്; ഇരയായത് ആയിരക്കണക്കിന് രോഗികള്‍

നേരത്തെ ശബരിമല വിഷയം ചര്‍ച്ച ചെയ്യുന്നത് സംബന്ധിച്ച വിഷയത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ രംഗത്തു വന്നിരുന്നു. എന്നാല്‍ താന്‍ ചട്ടം മാത്രം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുമെന്നും ടിക്കാറാം വീണ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ദൈവങ്ങളെയും ആരാധനാലയങ്ങളെയും മുന്‍നിര്‍ത്തിയുളള പ്രചാരണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഇവ രാഷ്ട്രീയ മത്സരത്തില്‍ നിന്ന് ഒഴിവാക്കണം. വിദ്വേഷ പ്രസംഗം നടത്തുന്നുണ്ടോ എന്നറിയാന്‍ കര്‍ശന പരിശോധന നടത്തുമെന്നും ഇതിനായി ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു. പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.