സംസ്ഥാന അവാര്‍ഡ് ഈ വര്‍ഷം ജയസൂര്യയ്ക്കായിരിക്കും; ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ രാജാമണിക്കും പരാമര്‍ശം ലഭിച്ചേക്കും; പ്രവചനവുമായി വിനയന്‍
Kerala State Film Award
സംസ്ഥാന അവാര്‍ഡ് ഈ വര്‍ഷം ജയസൂര്യയ്ക്കായിരിക്കും; ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ രാജാമണിക്കും പരാമര്‍ശം ലഭിച്ചേക്കും; പ്രവചനവുമായി വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd February 2019, 5:03 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ കൂടിയെ ഉള്ളു. മുന്‍ വര്‍ഷങ്ങളെ പോലെ തന്നെ ഈ വര്‍ഷവും ചര്‍ച്ചകളും പ്രവചനങ്ങളും ഇപ്പോള്‍ സജീവമായിരിക്കുകയാണ്. മോഹന്‍ലാല്‍ മുതല്‍ യുവതാരം ടൊവിനോ തോമസ് വരെ മികച്ച നടനുള്ള മത്സരത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്.

ഇതിനിടെ ഈ വര്‍ഷത്തെ അവാര്‍ഡ് നടന്‍ ജയസൂര്യ സ്വന്തമാക്കുമെന്ന് പ്രവചിച്ചിരിക്കയാണ് സംവിധായകന്‍ വിനയന്‍.ഫേസ്ബുക്കിലൂടെയായിരുന്നു വിനയന്റെ പ്രവചനം.

ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നാണ് വിനയന്‍ പറയുന്നത്. ഒന്നു രണ്ടു തവണ ഈ അവാര്‍ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല്‍ വളരെ സന്തോഷമായിരിക്കുമെന്നും വിനയന്‍ പറഞ്ഞു.

താന്‍ സംവിധാനം ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ അഭിനയിച്ച രാജാമണിക്കും പരാമര്‍ശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചലച്ചിത്രകാരന്‍ കുമാര്‍ സാഹ്നിയാണ് സിനിമാവിഭാഗം ജൂറി ചെയര്‍മാന്‍. രചനാവിഭാഗം ജൂറി ചെയര്‍മാന്‍ ചിന്തകനും എഴുത്തുകാരനുമായ പി.കെ പോക്കറാണ്.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും
ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.. ഒന്നു രണ്ടു തവണ ഈ അവാര്‍ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല്‍ വളരെ സന്തോഷം..അതുപോലെ തന്നെ തന്റെ ആദ്യചിത്രമായ “ചാലക്കുടിക്കാരന്‍ ചങ്ങാതി”യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയില്‍ ഒരു പരാമര്‍ശമെന്‍കിലും ലഭിക്കുമെന്നും ഞാന്‍പ്രതീക്ഷിക്കുന്നു…