spoiler alert :  ഇരയാക്കപ്പെട്ടവളില്‍ നിന്നും അതിജീവനത്തിലേക്കുള്ള പോരാട്ടമാണ് StandUp
Film Review
spoiler alert : ഇരയാക്കപ്പെട്ടവളില്‍ നിന്നും അതിജീവനത്തിലേക്കുള്ള പോരാട്ടമാണ് StandUp
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th December 2019, 8:52 pm

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഓരോ ബലാത്സംഗ കേസുകളും പോണ്‍ സൈറ്റുകളില്‍ പരതി ആഘോഷമാക്കുന്ന ഒരു തരം വൈകൃത മനോഭാവം പേറുന്ന സമൂഹമാണ് നമ്മുടേത്. റേപ്പിനെ റൊമാന്റിസൈസ് ചെയ്ത് ഫാന്റസി കുത്തി നിറച്ച് ഇത്തരം വൈകൃത ബോധം സമൂഹത്തില്‍ ഊട്ടിയുറപ്പിച്ചതില്‍ സിനിമ എന്ന മാധ്യമത്തിന്റെ പങ്ക് ചെറുതല്ല. ‘ ഒരു റേപ്പ് അങ്ങോട്ട് വച്ച് തന്നാലുണ്ടല്ലോ’ എന്ന തരത്തിലുള്ള റേപ്പ് ‘കോമഡികള്‍’ എത്രമാത്രം ക്രൂരമാണെന്ന് തുറന്നു കാട്ടുന്ന ചിത്രമാണ് വിധു വിന്‍സെന്റിന്റെ സ്റ്റാന്റ് അപ്പ്.

മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത സ്റ്റാന്‍് അപ്പ് കോമഡിയിലൂടെ കഥ പറയുന്ന ആഖ്യാന രീതിയാണ് ചിത്രത്തിന്റേത്. കീര്‍ത്തി മറിയ തോമസ് എന്ന സ്റ്റാന്റ് അപ്പ് കൊമേഡിയനായി വേഷമിട്ടിരിക്കുന്നത് നിമിഷ സജയനാണ്.

ചിത്രത്തലെ ഒന്ന് – രണ്ട് സന്ദര്‍ഭങ്ങളില്‍ ഇടിച്ച് കയറി സംഭാഷണങ്ങളിലേര്‍പ്പെടുന്ന കഥാപാത്രമായതുകൊണ്ടാവാം ഒരു സ്റ്റാന്റ് അപ്പ് കോമഡി ഫെസ്റ്റില്‍ തമാശയില്‍ നിന്നു മാറി അതിജീവനത്തിന്റെ കഥ പറയാന്‍ കീര്‍ത്തി തുനിഞ്ഞത്.

തന്റെ സ്‌നേഹത്തിന് വഴങ്ങാത്ത ഒരുവളെ ലൈംഗീകാതിക്രമത്തിലൂടെ അധികാരവരുതിയിലാക്കാന്‍ കഴിയുമെന്ന ആണ്‍ബോധത്തിന്റെ പ്രതീകമായ അമല്‍ തോമസ്സിനെ പക്വതയോടെ അവതരിപ്പിച്ചിരിക്കാന്‍ വെങ്കിടേഷ്  എന്ന നടന് സാധിച്ചിട്ടുണ്ട്. ഏതെങ്കിലും അടുക്കളയില്‍ ഒതുങ്ങിക്കൂടാന്‍ വയ്യെന്നും പഠിക്കണമെന്നുമുള്ള തന്റെ അവകാശത്തെ അംഗീകരിക്കാനോ ബഹുമാനിക്കാനോ തയ്യാറാകാത്ത കാമുകനുമായുള്ള ബന്ധത്തില്‍ നിന്നും വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചവളാണ് ദിയ.

 

സ്ത്രീകള്‍ക്ക് ‘നയം വേണം, അനുസരണ വേണം… ഇനിയെന്തെങ്കിലും വേണ്ടതുണ്ടോ’ എന്ന ചോദ്യം അവളെ സര്‍വ്വംസഹയാക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെയുള്ളതാണ്.

ഇരയാക്കപ്പെട്ടവളില്‍ നിന്നും അതിജീവതയിലേക്കുള്ള പോരാട്ടമാണ് സ്റ്റാന്റ് അപ്പ്. ലൈംഗീകാതിക്രമം നേരിടേണ്ടി വന്നവര്‍ക്ക് തുടര്‍ന്ന് ജീവിക്കാന്‍ സമൂഹം കല്‍പ്പിക്കുന്നത് മൂന്ന് സാധ്യതകളാണ് – ‘മറഞ്ഞിരിക്കുക, മറക്കുക, മരിക്കുക’. എന്നാല്‍ ദിയ തിരഞ്ഞെടുക്കുന്നത് പൊരുതാനും ചെറുത്തു നില്‍ക്കാനുമാണ്.

റേപ്പിന് ശേഷം സ്ത്രീ അനുഭവിക്കേണ്ടി വരുന്ന മെന്റല്‍ ട്രോമ മുന്‍പ് പല സിനിമകളിലും വന്നു പോയിട്ടുണ്ട്. എന്നാല്‍, അതോടൊപ്പം ശാരീരികമായുള്ള സ്ട്രഗ്ഗ്ള്‍സ് എന്താണെന്ന വ്യക്തമായ ധാരണ നല്‍കാന്‍ സ്റ്റാന്റ് അപ്പിനു സാധിച്ചത് ഈ സിനിമ സംവിധായികയുടേതായതുകൊണ്ട് തന്നെയാണ്. റേപ്പ് ചെയ്യപ്പെടുന്നതോടു കൂടി എന്തോ നഷ്ടപ്പെട്ടു എന്ന പൊതുചിന്തയെ മാറ്റി വരക്കുകയാണ് ചിത്രം.

സാമ്പത്തികവും സാംസ്‌കാരികവുമായി വ്യത്യസ്ത നിറങ്ങളിലുള്ളതാണ് അമലിന്റേയും ദിയയുടേയും കുടുംബ പശ്ചാത്തലം. എന്നിരുന്നാലും അവരുടെ അമ്മമാരായെത്തുന്ന ജോളി ചിറയത്തും സജിത മഠത്തിലും പാട്രിയാര്‍ക്കിയുടെ കാല്‍ക്കീഴില്‍ നിസ്സഹായരായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണെന്നൊരു സാമ്യതയുണ്ട്. ദിയക്ക് താങ്ങായി നില്‍ക്കുന്നത് അച്ഛമ്മയെ അവതരിപ്പിച്ച സേതു ലക്ഷ്മിയമ്മയാണ്.

റേപ്പ് ചെയ്യപ്പെടുന്ന പെണ്‍കുട്ടികള്‍ സ്വന്തം വീട്ടില്‍ അനുഭവിക്കേണ്ടി വരുന്ന അസ്സഹിഷ്ണുതയെ സൂചിപ്പിക്കുന്നതാണ് ‘എല്ലാം ഒപ്പിച്ചു വന്നിട്ട് ഇരിക്കുന്നത് കണ്ടില്ലേ’ എന്ന അച്ഛന്റെ ഭാഗം. ഇന്നത്തെ സമൂഹത്തില്‍ ഒരുപക്ഷേ അന്യരില്‍ നിന്നും നേരിടേണ്ടി വരുന്നതിനേക്കാള്‍ അവഗണനയും പഴിയും പെണ്‍കുട്ടികള്‍ക്ക് ഈ കാര്യത്തില്‍ ഏല്‍ക്കേണ്ടി വരുന്നത് സ്വന്തം വീടുകളില്‍ നിന്നാണ്. അതിനെ സിനിമയിലേക്ക് കൊണ്ടു വന്നു എന്നത് ശ്രദ്ധേയമാണ്.

വര്‍ഷങ്ങള്‍ക്കുമുന്‍പ് ശ്രീലേഖ ഐ.പി.എസ് എഴുതിയ ലേഖനത്തെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു റേപ്പ് ചെയ്യപ്പെട്ട ദിയയോടുള്ള നഴ്‌സിന്റെ പ്രതികരണം. റേപ്പിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവ സമയത്ത് കരഞ്ഞപ്പോള്‍ സുഖിക്കാന്‍ പോകുമ്പോള്‍ ആലോചിക്കണമായിരുന്നു എന്ന് പറഞ്ഞ നേഴ്‌സിനെ കുറിച്ചായിരുന്നു ആ ലേഖനം. കനിവിന്റെ മാലാഖമാരില്‍ നിന്നുമുള്ള ഇത്തരം പ്രതികരണങ്ങള്‍ സമൂഹത്തിലെ ഒറ്റപ്പെട്ട കാഴ്ച്ചയല്ല.

കേസ് ഒതുക്കി തീര്‍ക്കാന്‍ അക്രമിയും കൂട്ടരും നല്‍കുന്ന ഏത് ഓഫറും ‘പെണ്‍കുട്ടിക്ക് ബമ്പറാണെന്നാണ്’ വയ്പ്പ്. അതില്‍ വിവാഹാലോചനക്കാണ് മുന്‍തൂക്കം. റേപ്പ് ചെയ്യപ്പെടുന്ന പെണ്‍കുട്ടിക്ക് നേരെ നീളുന്ന ഫേവറിന്റെ രൂപത്തിലുള്ള പ്രപ്പോസലുകളെ അനുകൂലിക്കുന്ന മദ്രാസ് ഹൈകോടതി വിധി നമ്മള്‍ മറന്നു കാണാനിടയില്ല പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച അറസ്റ്റിലായ വി മോഹന്റെ കേസ് എങ്ങിനെയാണ് കോടതി കൈകാര്യം ചെയ്തതെന്ന് നോക്കുക.

വെടക്കാക്കി തനിക്കാക്കല്‍ എന്ന പ്രക്രിയക്ക് ഇവിടുത്തെ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ പോലും നല്‍കുന്ന സപ്പോര്‍ട്ട് ആണ്‍ ചിന്തകളെ എളുപ്പം റേപ്പിലേക്ക് എത്തിക്കുന്നു എന്നത് മാറ്റി നിര്‍ത്താനാകാത്ത വസ്തുതയാണ്. സിനിമയില്‍ ഇത്തരമൊരു ഇന്‍സ്റ്റിറ്റിയൂഷണല്‍ അനുരഞ്ജനവുമായി എത്തുന്നത് സുനില്‍ സുഗദ അവതരിപ്പിച്ച പോലീസ് കഥാപാത്രവും ഗോപന്‍ അവതരിപ്പിച്ച വക്കീല്‍ കഥാപാത്രവുമാണ്.

തനിക്ക് വഴങ്ങാത്ത ഒരുവളെ റേപ്പിലൂടെ ശിക്ഷിക്കാന്‍ മുതിരുന്ന ആണ്‍ മനോഭാവത്തിലേക്ക് ക്യാമറ ചലിപ്പിക്കുകയാണ് ചിത്രത്തിലൂടെ. ഒരു അതിക്രമം നടക്കുമ്പോള്‍ നിസംശയം ആരുടെ പക്ഷത്താണ് നില്‍ക്കേണ്ടതെന്ന് കൂടി ഈ സിനിമ പഠിപ്പിക്കുന്നു.

ഇത്തിരി ദു:ഖം കലര്‍ന്ന ഗൗരവം മാത്രം അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിയുന്ന നിമിഷയുടെ അഭിനയത്തിന് ജീവന്‍ നല്‍കിയിരിക്കുന്നത് സയനോരയുടെ മികച്ച ഡബ്ബിങ്ങ് പാടവമാണ്. പ്രേക്ഷകരെന്ന നിലയില്‍ സീമയുടെ ശബ്ദം മിസ്സ് ചെയ്തുവെന്ന് പറഞ്ഞുകൊള്ളട്ടെ സീമയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് ഭാഗ്യലക്ഷ്മിയാണ്. സിനിയെന്ന പോലീസായി വേഷമിട്ട പ്രസീത, സുഹൃത്തുക്കളായി എത്തിയ ദിവ്യ ഗോപിനാഥ്, അര്‍ജ്ജുന്‍ അശോക്, ജുനൈസ് എന്നിവരുടെ പ്രകടനങ്ങള്‍ ശ്രദ്ധേയമാണ്.

സിനിമയുടെ ഡയലോഗുകളിലും, ശബ്ദ ക്രമീകരണങ്ങളിലും കുറച്ചു കൂടി ശ്രദ്ധയാകാമായിരുന്നുവെന്ന് തോന്നി. ചിത്രത്തിനായി വര്‍ക്കിയൊരുക്കിയ സംഗീതം ചിത്രത്തോടൊപ്പം നില്‍ക്കുന്നതാണ്.

അസ്‌റ അഞ്ജും, ജാസില ലുലു

DoolNews Video ‘