സ്റ്റാന്‍ സ്വാമി ജയിലില്‍ വെച്ച് കൊല്ലപ്പെട്ടതാണ്; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എം.പി. സഞ്ജയ് റാവത്ത്
national news
സ്റ്റാന്‍ സ്വാമി ജയിലില്‍ വെച്ച് കൊല്ലപ്പെട്ടതാണ്; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എം.പി. സഞ്ജയ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th July 2021, 9:56 pm

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകനും ജസ്യൂട്ട് വൈദികനുമായ ഫ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് ശിവസേന എം.പി. സഞ്ജയ് റാവത്ത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് സഞ്ജയ് റാവത്തിന്റെ വിമര്‍ശനം.

ഹിറ്റ്ലറുടെയും മുസോളിനിയുടെയും മാനസിക നിലവാരത്തിലേക്ക് കേന്ദ്രം താഴ്ന്നെന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു 84കാരന്‍ വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതാണോ ഇന്ത്യയുടെ ശക്തമായ അടിത്തറയെന്നും അദ്ദേഹം ചോദിച്ചു.

‘സ്റ്റാന്‍ സ്വാമി ജയിലില്‍ വെച്ച് കൊല്ലപ്പെട്ടതാണ്. കസ്റ്റഡി മരണം ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നത് രാജ്യത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്ന് പറയുന്നവരുടെ മനസ്സില്‍ ഏകാധിപത്യത്തിന്റെ വേര് ആഴ്ന്നിറങ്ങിയതാണ്. ഏകതാപരിഷത്തിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല. സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ സംഭവിച്ചത് സ്വാതന്ത്ര്യത്തിന് മേലുള്ള ഗൂഢാലോചനയാണ്,’ സഞ്ജയ് റാവത്ത് ലേഖനത്തില്‍ പറഞ്ഞു.

ജൂലൈ അഞ്ചിനാണ് സ്റ്റാന്‍ സ്വാമി ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെയായിരുന്നു അന്ത്യം.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന സ്റ്റാന്‍ സ്വാമിയുടെ ജാമ്യ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ തിങ്കളാഴ്ച രാവിലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വാദം ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ജാമ്യഹരജിക്ക് പുറമെ അറസ്റ്റിലായവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന യു.എ.പി.എയിലെ വകുപ്പുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം സ്റ്റാന്‍ സ്വാമി ഹരജി നല്‍കിയിരുന്നു.

മുബൈ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഭീമ കൊറേഗാവ് ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 2020 ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡില്‍ വെച്ച് എന്‍.ഐ.എ. അറസ്റ്റ് ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Stan Swamy was ‘killed’, Shiv Sena MP Sanjay Raut attacks Modi govt over activist’s death