സനാതന ധര്‍മത്തിലെ ദളിത്, സ്ത്രീ വിവേചനങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്; ഉദയനിധിയെ പിന്തുണച്ച് സ്റ്റാലിന്‍
national news
സനാതന ധര്‍മത്തിലെ ദളിത്, സ്ത്രീ വിവേചനങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്; ഉദയനിധിയെ പിന്തുണച്ച് സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th September 2023, 4:04 pm

ചെന്നൈ: സനാതന ധര്‍മ പരാമര്‍ശത്തില്‍ തമിഴ്‌നാട് കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി എം.കെ. സ്റ്റാലിനെ പിന്തുണച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ഉദയനിധി സ്റ്റാലിന്‍ വംശഹത്യക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്നും വിവേചനങ്ങള്‍ക്കെതിരെ സംസാരിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും എം.കെ. സ്റ്റാലിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലും പോസ്റ്ററുകളിളും പറയുന്നു.

ഉദയനിധി പറഞ്ഞ വാക്കുകളെ വളച്ചൊടിക്കുകയാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമടങ്ങുന്ന ബി.ജെ.പി നേതാക്കളെന്നും സ്റ്റാലിന്‍ പറയുന്നു. വസ്തുതകള്‍ അന്വേഷിക്കാനും പരിശോധിക്കാനും സംവിധാനങ്ങളുണ്ടായിരിക്കെ അത് ചെയ്യാതെ വളച്ചൊടിക്കപ്പെട്ട വ്യാജ വിവരണങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിരാശയുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറയുന്നു.

സനാതന ധര്‍മത്തെ കുറിച്ചും സനാതന ധര്‍മ്മത്തിലെ വിവേചനങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററും എം.കെ. സറ്റാലിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളോടുള്ള ചോദ്യങ്ങളും ഈ പോസ്റ്ററിലുണ്ട്.

‘സനാതന ധര്‍മത്തിലെ ആദിവാസി, ദളിത്, സ്ത്രീ മറ്റു വിവചേനങ്ങളെ കുറിച്ചാണ് ഉദയനിധി സ്റ്റാലിന്‍ സംസാരിച്ചത്. ഏതെങ്കിലും മതവിഭാഗത്തെയോ വിശ്വാസങ്ങളേയോ വ്രണപ്പെടുത്തണമെന്ന യാതൊരു ഉദ്ദേശവും അദ്ദേഹത്തിന്റെ പ്രസ്താവനക്കുണ്ടായിരുന്നില്ല. സ്ത്രീകള്‍ ജോലി ചെയ്യരുത്, പുനര്‍വിവാഹം ചെയ്യരുത്, വിധവാപുനര്‍വിവാഹത്തിന് മന്ത്രങ്ങളോ ആചാരങ്ങളോ മറ്റു മത ചടങ്ങളുകളോ ഇല്ലെന്ന് പറയുന്ന ചിലര്‍ ഇപ്പോഴുമുണ്ട്.

അവര്‍ ആത്മീയ കാര്യങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്ന സ്ഥിതിയുണ്ട്. മനുഷ്യരാശിയുടെ പകുതിയിലധികം വരുന്ന സ്ത്രീ സമൂഹത്തെ അടിച്ചമര്‍ത്തുന്നതിന് വേണ്ടി അവര്‍ സനാതന ധര്‍മ്മത്തെയാണ് കുട്ടുപിടിക്കുന്നത്. അത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരെയാണ് ഉദയനിധി സംസാരിച്ചത്. അത് ഉന്‍മൂലനം ചെയ്യാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.

ബി.ജെ.പി നേതാക്കളും ബി.ജെ.പി മുഖ്യമന്ത്രിമാരും ഉദയനിധി വംശഹത്യക്ക് ആഹ്വാനം ചെയ്തു എന്നുള്ള തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ഒരാള്‍ ഉദയനിധിയുടെ തലക്ക് വിലയിട്ടിരിക്കുന്നു. പ്രധാനമന്ത്രി ഉദയനിധിക്ക് മറുപടി നല്‍കാന്‍ മറ്റു യൂണിയന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നു. മണിപ്പൂരിനെ കുറിച്ചോ സി.എ.ജി റിപ്പോര്‍ട്ടിനെ കുറിച്ചോ കാബിനറ്റില്‍ സംസാരിക്കാത്ത പ്രധാനമന്ത്രി സനാതന ധര്‍മയെ കുറിച്ച് കാബിനറ്റില്‍ സംസാരിച്ചിരിക്കുന്നു.

അംബേദ്കറിന്റെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കര്‍ സനാതന ധര്‍മം തൊട്ടുകൂടായ്മയില്‍ വിശ്വസിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രധാനമന്ത്രിക്ക് മറുപടിയുണ്ടോ? ഈ പരാമര്‍ശത്തിന്റെ പേരില്‍ ബി.ജെ.പി ഇന്ത്യ മുന്നണിയില്‍ വിള്ളലുണ്ടാക്കാനാണ് ശ്രമിക്കുന്നത്,’ ഉദയനിധിയെ പിന്തുണച്ച് കൊണ്ട് എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മം പകര്‍ച്ച വ്യാധികളെ പോലെ ഉന്‍മൂലനം ചെയ്യണമെന്ന പരാമര്‍ശം നടത്തിയത്. പരമാര്‍ശത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ബി.ജെ.പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയിട്ടുണ്ട്. എന്നാല്‍ ഉദയനിധി സ്റ്റാലിന്‍ അദ്ദേഹത്തിന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്.

content highlights: Stalin in support of Udayanidhi