ആ സീന്‍ ഇപ്പോഴും റീല്‍സിലും ഡബ്‌സ്മാഷിലുമൊക്കെ കാണുമ്പോഴാണ്, അന്ന് ആ ഡയലോഗ് മുഖത്ത് നോക്കി പറയാഞ്ഞത് നന്നായെന്ന് തോന്നുന്നത്: ശിവദ
Entertainment news
ആ സീന്‍ ഇപ്പോഴും റീല്‍സിലും ഡബ്‌സ്മാഷിലുമൊക്കെ കാണുമ്പോഴാണ്, അന്ന് ആ ഡയലോഗ് മുഖത്ത് നോക്കി പറയാഞ്ഞത് നന്നായെന്ന് തോന്നുന്നത്: ശിവദ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th May 2022, 1:19 pm

രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ ജയസൂര്യയും ശിവദയും പ്രധാന വേഷത്തിലെത്തി ശ്രദ്ധ നേടിയ സിനിമയായിരുന്നു സു സു സുധി വാത്മീകം. ചിത്രത്തില്‍ ശിവദയുടെ കഥാപാത്രം ജയസൂര്യയുടെ കഥാപാത്രത്തെ പ്രൊപ്പോസ് ചെയ്യുന്ന സീന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ആ സീന്‍ ഷൂട്ട് ചെയ്തതിന് പിന്നിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ ശിവദ. ബിഹൈന്‍ഡ്‌വുഡ്‌സ് ചാനലില്‍ പ്രേക്ഷകരുടെ സോഷ്യല്‍ മീഡിയ കമന്റുകള്‍ക്ക് മറുപടി പറയവെയാണ് താരം തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചത്.

”സത്യം പറയുകയാണെങ്കില്‍ ആ പ്രൊപ്പോസല്‍ സീന്‍ എങ്ങനെ ചെയ്യുമെന്ന് ഓര്‍ത്ത് തലപുകഞ്ഞ ആളാണ് ഞാന്‍. കണ്ണാടിയുടെ മുന്നില്‍ നിന്ന് ‘വില്‍ യു മാരി മീ’ എന്ന് ചോദിച്ച് നോക്കിയിരുന്നു. ശ്ശൊ ഇതെങ്ങനെ ചെയ്യും എന്ന് ഭയങ്കര ചമ്മല്‍ തോന്നിയിരുന്നു.

കാരണം എല്ലാ പടത്തിലും നമ്മള്‍ കണ്ടിരിക്കുന്നത് ഹീറോ ഹീറോയിനിന്റെ പിറകെ പോയി, എന്നെ കല്യാണം കഴിക്കുമോ, എനിക്ക് ഇഷ്ടമാണ് എന്നൊക്കെ പറയുന്നതാണ്. ഇത് നേരെ തിരിച്ചല്ലേ.

സാറേ ഇത് ഭയങ്കര ചമ്മലാണല്ലോ, ഇതെങ്ങനെയാ ചെയ്യേണ്ടത്, ഞാനെങ്ങനെ മുഖത്ത് നോക്കി ചോദിക്കും, എന്ന് ഞാന്‍ രഞ്ജിത് സാറിനോട് ചോദിച്ചു.

മുഖത്ത് നോക്കി ചോദിക്കണ്ട എന്ന സാര്‍ പറഞ്ഞു. മുഖത്ത് നോക്കി ചോദിക്കണ്ടേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, അങ്ങോട്ട് തിരിഞ്ഞ് നില്‍ക്കൂ, ആ വയലിലേക്ക് നോക്കി ചോദിക്കൂ, എന്ന് പറഞ്ഞു.

പിന്നെയാണ് എനിക്ക് മനസിലായത്. അങ്ങനെ അങ്ങോട്ട് തിരിഞ്ഞ് നിന്ന് ചോദിച്ചു, എല്ലാം കഴിഞ്ഞു. പിന്നെ സീന്‍ ഡബ്ബ് ചെയ്തു.

പക്ഷെ ഇപ്പോഴും റീല്‍സിലും, ഡബ്‌സ്മാഷിലുമൊക്കെ ആളുകള്‍ ഈ സീന്‍ ചെയ്തത് കാണുമ്പോഴാണ്, മുഖത്ത് നോക്കി ചോദിക്കാത്തത് നന്നായി എന്ന് തോന്നുന്നത്,” ശിവദ പറഞ്ഞു.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ 12th മാന്‍ ആണ് ശിവദയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.

ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത മേരി ആവാസ് സുനോയാണ് ശിവദയുടെ ഏറ്റവുമൊടുവില്‍ പുറത്തുവന്ന തിയേറ്റര്‍ റിലീസ്. മഞ്ജു വാര്യറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Content Highlight: Sshivada about the proposal scene with Jayasurya in Su Su Sudhi Vathmeekam movie