എഡിറ്റര്‍
എഡിറ്റര്‍
സിറിയന്‍ വിമതര്‍ക്ക് സൈനിക സഹായം നല്‍കുമെന്ന് അമേരിക്ക
എഡിറ്റര്‍
Saturday 15th June 2013 12:50am

syrian-ribels

വാഷിംങ്ടണ്‍: സിറിയന്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന വിമതര്‍ക്കും പ്രതിപക്ഷ സഖ്യത്തിനും സൈനിക സഹായം നല്‍കുമെന്ന് അമേരിക്ക.

വിമതര്‍ക്കെതിരെ സിറിയന്‍ സൈന്യത്തിന്റെ പോരാട്ടം വിജയിക്കാനൊരുങ്ങുന്നതിന്റെ പശ്ചാതലത്തിലാണ് അമേരിക്കയുടെ ഈ തീരുമാനം.

Ads By Google

സിറിയന്‍ സൈന്യം രാസായുധങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സംഘടനകള്‍ക്കും സായുധ സേനകള്‍ക്കും ആയുധ, സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിറിയയിലെ ജനങ്ങള്‍ക്കും,  പ്രക്ഷോഭകര്‍ക്കും നേരെ സൈന്യം ക്രൂരമായ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. അതിനാല്‍ അവിടേക്ക് സൈനിക സഹായങ്ങള്‍ എത്തിക്കാന്‍ നടപടികള്‍ ശക്തമാക്കാന്‍ ഒബാമ തീരുമാനിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഒബാമയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി നാറ്റോ സ്വാഗതം ചെയ്തു. സിറിയന്‍ സൈന്യം രാസായുധം പ്രയോഗിക്കുന്നതിനെ കുറിച്ച് യു.എന്‍ അന്വേഷിക്കണമെന്ന് നാറ്റോ അറിയിച്ചു. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ സൈന്യത്തെ അയക്കാന്‍ സന്നദ്ധമാണെന്നും നാറ്റോ ജനറല്‍ ആന്‍ഡേഴ്‌സ് ഫോഗ് റാസ്മുസ്സെന്‍ വ്യക്തമാക്കി.

സിറിയന്‍ വിഷയത്തില്‍  പ്രസിഡന്റ് ബശര്‍ അല്‍ അസദിനെതിരെ അമേരിക്ക ശക്തമായ നിലപാട് സ്വീകരിക്കുകയും,  വിമതര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് കൊടുക്കുന്നുണ്ടെന്നുണ്ടെന്നും വ്യക്തമാക്കി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അമേരിക്കയോടൊപ്പം കൂട്ട് നില്‍ക്കുന്ന തുര്‍ക്കി വഴിയാണ് സിറിയയിലേക്ക്  ആയുധങ്ങളും, മറ്റ് സഹായ സഹകരണങ്ങളും എത്തിച്ച് കൊടുത്തിരിന്നത്.

വിമതര്‍ക്കെതിരെ ലബാനാനിലെ ഹിസ്ബുല്ലാ പോരാളികളുടെ സഹായത്തോടെ ശക്തമായ പോരാട്ടമാണ് സിറിയന്‍ സൈന്യം നടത്തിയിരുന്നത്. വിമത സൈന്യത്തിന്റെ ശക്തി കേന്ദ്രമായിരുന്ന ഖുസൈറിന്റേയും, ജൗലാന്‍ കുന്നുകളുടെ  അധികാരം ഈയിടെ സൈന്യം തിരിച്ച് പിടിച്ചിരുന്നു.

റഷ്യയുടെ സൈനിക സഹായം സിറിയന്‍ സൈന്യത്തിന് നിലവില്‍ ലഭിക്കുന്നുണ്ട്.  വിമതര്‍ക്ക് കൂടി ആയുധങ്ങള്‍ എത്തിച്ച് കൊടുത്താല്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കും. ഇത് മരണ സംഖ്യ ഉയരാന്‍ ഇടയാക്കുമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.

സിറിയയില്‍ ഇതുവരെയായി നടക്കുന്ന പ്രക്ഷോഭത്തില്‍ 93,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യു.എന്നിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisement