വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ മരണം; കാറോടിച്ചത് ശ്രീറാം വെങ്കട്ടരാമനാണെന്ന് പൊലീസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
kERALA NEWS
വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ മരണം; കാറോടിച്ചത് ശ്രീറാം വെങ്കട്ടരാമനാണെന്ന് പൊലീസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2019, 10:03 am

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കട്ടരാമന്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മീഡിയ വണ്ണാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയും സമാനമായ മൊഴിയാണ് നല്‍കിയതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ രാത്രിയാണ് അമിതവേഗതയില്‍ വന്ന് കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍.

വൈദ്യപരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. കാറോടിച്ചത് താനല്ലെന്നും സുഹൃത്താണെന്നും ശ്രീറാം വെങ്കട്ടരാമന്‍ പറഞ്ഞെങ്കിലും കാറോടിച്ചത് ശ്രീറാമാണെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.

അതേസമയം ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായി. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് അദ്ദേഹത്തെ ആദ്യം കൊണ്ടുപോയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രേഖപ്പെടുത്തിയെങ്കിലും രക്ത സാമ്പിള്‍ പരിശോധനയ്ക്ക് പൊലീസ് തയ്യാറായില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചപ്പോള്‍ ശ്രീറാം സ്വന്തം നിലയില്‍ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സുഹൃത്താണ് വാഹനമോടിച്ചതെന്ന ശ്രീറാമിന്റെ മൊഴി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായി. സുഹൃത്ത് വഫയെ മെഡിക്കല്‍ പരിശോധന നടത്താന്‍ തയ്യാറാകാതിരുന്ന പൊലീസ് സംഭവ സ്ഥലത്ത് നിന്ന് ഇവരെ ടാക്സിയില്‍ വിട്ടയക്കുകയായിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് നാല് മണിക്കൂറിന് ശേഷം ഇവരെ വിളിച്ച് വരുത്തി പരിശോധന നടത്തുകയായിരുന്നു.

2004ല്‍ തിരൂര്‍ പ്രാദേശിക റിപ്പോര്‍ട്ടറായി സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കെ എം ബഷീര്‍ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടര്‍ന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു.

WATCH THIS VIDEO: