ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി
kERALA NEWS
ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി
ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2019, 12:51 pm

കൊച്ചി: ശ്രീറാംവെങ്കിട്ട രാമന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മൂന്നാം കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ മുഴുവന്‍ വാദങ്ങളും തള്ളിക്കൊണ്ട് ജസ്റ്റിസ് രാജാവിജയനാണ് ജാമ്യം ശരിവെച്ചത്.

അന്വേഷണത്തില്‍ പാളിച്ചകളുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി, ശ്രീറാമിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായിരുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ട ശേഷമാണ് ശ്രീറാം ആശുപത്രി വിടുന്നത്. അപകടത്തില്‍ കൈക്കും നട്ടെല്ലിനും ശ്രീറാമിന് പരിക്കേറ്റെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചികിത്സ.

മെഡിക്കല്‍സംഘം നടത്തിയ പരിശോധനയില്‍ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്നാണ് ഡിസ് ചാര്‍ജ് ചെയ്തത്.
നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നാലുദിവസം മുമ്പ് തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ സ്റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്കും തുടര്‍ന്ന് പേ വാര്‍ഡിലേക്കും മാറ്റിയിരുന്നു.