ക്ലൈമാക്‌സ് എനിക്കും സര്‍പ്രൈസായിരുന്നു, ഉടന്‍ തന്നെ സംവിധായകനെ വിളിച്ച് ചോദിച്ചു; കെ.ജി.എഫ് മൂന്നാം ഭാഗത്തെ പറ്റി ശ്രീനിധി ഷെട്ടി
Film News
ക്ലൈമാക്‌സ് എനിക്കും സര്‍പ്രൈസായിരുന്നു, ഉടന്‍ തന്നെ സംവിധായകനെ വിളിച്ച് ചോദിച്ചു; കെ.ജി.എഫ് മൂന്നാം ഭാഗത്തെ പറ്റി ശ്രീനിധി ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th April 2022, 3:17 pm

പ്രേക്ഷകര്‍ക്ക് പുതിയൊരു സിനിമാനുഭവമാണ് 2018 ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ് ചാപ്റ്റര്‍ 1 നല്‍കിയത്. ചിത്രത്തിലൂടെ കന്നഡ സിനിമാ ഇന്‍ഡസ്ട്രി ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടു. നാല് വര്‍ഷത്തെ പ്രേക്ഷകരുടെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ഏപ്രില്‍ 14 നാണ് കെ.ജി.എഫ് ചാപ്റ്റര്‍ ടു റിലീസ് ചെയ്തത്.

ഇന്ത്യയാകെ തരംഗമായ ചിത്രം നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ മൂന്നാം ഭാഗത്തെ പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച പല തിയറികളാണ് സിനിമാ ചര്‍ച്ചകളില്‍ ഉയര്‍ന്നത്.

മൂന്നാം ഭാഗത്തിന്റെ സാധ്യതകള്‍ നല്‍കിക്കൊണ്ടാണ് രണ്ടാം ഭാഗം അവസാനിച്ചതും. മൂന്നാം ഭാഗം സംഭവിക്കുമോ എന്നതിനെ പറയുകയാണ് കെ.ജി.എഫ് നായിക ശ്രീനിധി ഷെട്ടി. തനിക്കും മൂന്നാം ഭാഗം സര്‍പ്രൈസാണെന്നും സംവിധായകനും നടനും പോലെ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ മൂന്നാം ഭാഗത്തെ പറ്റി അറിയൂ എന്ന് ശ്രീനിധി പറഞ്ഞു.

ഇന്ത്യാ ഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിധി കെ.ജി.എഫ് മൂന്നാം ഭാഗത്തെ പറ്റി പറഞ്ഞത്.

‘സിനിമയുടെ അവസാനം കാണിച്ച ചാപ്റ്റര്‍ മൂന്ന് എനിക്കും സര്‍പ്രൈസ് ആയിരുന്നു. പ്രശാന്ത് നീലിനെ വിളിച്ചിട്ട് അതിനെ പറ്റി നിങ്ങള്‍ എന്നോടൊന്നും പറഞ്ഞില്ലല്ലോയെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞത് സംവിധായകനും നടനും നിര്‍മാതാവിനും മാത്രമേ അതിനെ പറ്റി അറിയാമായിരുന്നുള്ളൂ എന്നാണ്. നമുക്കെല്ലാവര്‍ക്കുമായി അവര്‍ അതൊരു സര്‍പ്രൈസായി വെച്ചിരിക്കുകയായിരുന്നു.

അതൊരു പ്രതീക്ഷയുടെ നാളമാണ്. തിയേറ്ററില്‍ നിന്നും ജനങ്ങള്‍ ഇറങ്ങി പോകുമ്പോള്‍ അവര്‍ക്ക് കെ.ജി.എഫ് തീര്‍ന്നല്ലോ, നശിച്ചുപോയല്ലോ എന്നൊരു വിഷമം ഉണ്ടാവുന്നില്ല. ചാപ്റ്റര്‍ മൂന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷ കൊടുക്കുന്നുണ്ട്. പക്ഷേ അത് എന്ന് സംഭവിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ കുറച്ചുകൂടി വര്‍ഷങ്ങളെടുത്തേക്കാം,’ ശ്രീനിധി പറഞ്ഞു.

അതേസമയം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് കെ.ജി.എഫ് കുതിപ്പ് തുടരുകയാണ്. 12 ദിവസം കൊണ്ട് കെ.ജി.എഫ് ചാപ്ടര്‍ 2 നേടിയത് 900 കോടിയാണ്. ഏതാനും ദിവസങ്ങള്‍ക്കകം ആര്‍.ആര്‍ ഒരു മാസം കൊണ്ട് നേടിയ 1100 കോടിയെന്ന റെക്കോഡ് കെ.ജി.എഫ് തകര്‍ക്കും എന്നാണ് വിലയിരുത്തല്‍.

Content Highlight: srinidhi shetty says kgf chapter 2 climax was a surprise for her